ചന്ദ്രന്റെ മണ്ണില്‍ നിന്ന് വെളളം വേര്‍തിരിച്ചെടുക്കുന്ന നിര്‍ണായക പരീക്ഷണത്തില്‍ വിജയം കൈവരിച്ച് ചൈനയിലെ ശാസ്ത്രജ്ഞര്‍. ചാന്ദ്രപര്യവേഷണത്തില്‍ പുതുയുഗത്തിന് വഴിയൊരുക്കുന്നതാണ് ഈ കണ്ടെത്തല്‍. വെള്ളം വേര്‍തിരിച്ചെടുത്ത് അതുപയോഗിച്ച് കാര്‍ബണ്‍ ഡൈ ഓക്സൈഡും ഓക്സിജനും ഇന്ധനവുമായി ബന്ധപ്പെട്ട രാസവസ്തുക്കളുമായി മാറ്റാന്‍ പുതിയ പരീക്ഷണത്തിലൂടെ സാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ജൂള്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പരീക്ഷണത്തെക്കുറിച്ച് പറയുന്നത്.
ചന്ദ്രന്‍റെ മണ്ണില്‍ നിന്ന് വെള്ളം വേര്‍തിരിച്ചെടുക്കുകയും ബഹിരാകാശ യാത്രികര്‍ പുറത്തുവിടുന്ന കാര്‍ബര്‍ ഡൈ ഓക്സൈഡിനെ കാര്‍ബണ്‍ മോണോക്സൈഡും ഹൈഡ്രജന്‍ വാതകവുമാക്കി മാറ്റാന്‍ ഈ വെള്ളം ഉപയോഗിക്കുകയുമാണ് ചെയ്തത്. ഇവ പിന്നീട് ഇന്ധനവും ബഹിരാകാശ യാത്രികര്‍ക്ക് ശ്വസിക്കാനുള്ള ഓക്സിജന്‍ നിര്‍മിക്കാനും ഉപയോഗിക്കാം. ചന്ദ്രനില്‍ മനുഷ്യവാസം അനായാസമാക്കുന്നതാണ് പുതിയ സാങ്കേതിക വിദ്യ. ചാന്ദ്രമണ്ണില്‍ നിന്ന് വെള്ളം വേര്‍തിരിച്ചെടുക്കുന്ന നിലവിലുളള സാങ്കേതിക വിദ്യകള്‍ക്ക് കൂടുതല്‍ ഊര്‍ജം ആവശ്യമായിരുന്നു.
ഇതുവഴി ബഹിരാകാശത്ത് താമസിക്കുന്നവര്‍ക്ക് ജലം, ഓക്സിജന്‍, ഇന്ധനം തുടങ്ങിയ അവശ്യവിഭവങ്ങള്‍ സമാഹരിക്കുന്നതിന് ഭൂമിയെ ആശ്രയിക്കുന്നത് കുറയ്ക്കാം. കൂടുതല്‍ ആഴത്തിലുള്ള ബഹിരാകാശ പര്യവേഷണങ്ങള്‍ക്കും ഈ കണ്ടെത്തല്‍ സഹായകമാകും. വിദൂര പ്രപഞ്ച പര്യവേഷണങ്ങള്‍ക്ക് ചന്ദ്രനെ ഒരു ഇടത്താവളമായി ഉപയോഗിക്കാനുളള ആശയത്തിനും ഇത് കരുത്തേകും. മനുഷ്യവാസത്തിന് ആവശ്യമായ വിഭവങ്ങള്‍ ചന്ദ്രനില്‍ നിന്നു തന്നെ ഉല്‍പാദിപ്പിച്ചാല്‍ യാത്രയുടെ ചെലവ് കുറയ്ക്കുന്നതിനും സഹായകമാകും.
ചന്ദ്രനിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്നത് ചെലവേറിയതാണ്. ചരക്കിന്റെ പിണ്ഡം കൂടുന്തോറും ബഹിരാകാശത്ത് സാധനങ്ങളെത്തിക്കാന്‍ റോക്കറ്റിന് കൂടുതല്‍ പ്രയത്നിക്കേണ്ടിവരും. ഒരു ഗാലന്‍ വെള്ളം ചന്ദ്രനിലെത്തിക്കാന്‍ 83,000 ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഓരോ ബഹിരാകാശയാത്രികനും പ്രതിദിനം നാല് ഗാലന്‍ വെള്ളം കുടിക്കുന്നതായാണ് സൂചന. സുസ്ഥിരമായ ചാന്ദ്രജല ഉപയോഗം ബഹിരാകാശ പര്യവേഷണങ്ങളിലെ സാങ്കേതിക തടസ്സങ്ങളേയും അനുബന്ധ ചെലവുകളും മറികടക്കുന്നതിന് നിര്‍ണായകമാകും.