നാസയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ‘നിര്‍ബന്ധിത’ വിരമിക്കലിന് വഴിയൊരുക്കി ട്രംപ് ഭരണകൂടം. വിപുലമായ അനുഭവസമ്പത്തും സാങ്കേതിക നൈപുണ്യവും മാനേജ്മെന്‍റ് വൈദഗ്ധ്യവുമുള്ള 2145 ജീവനക്കാരാണ് നാസയില്‍ നിന്ന് പടിയിറങ്ങുന്നത്.ഏറ്റവും ഉയര്‍ന്ന തലങ്ങളിലുളള ( ജി.എസ്-13 മുതല്‍ 15 വരെ) ജീവനക്കാരെയാണ് സ്വയം വിരമിക്കലും നിര്‍ബന്ധിത വിരമിക്കലും അടക്കമുള്ള മാര്‍ഗങ്ങളിലൂടെ ഒഴിവാക്കുന്നത്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ അയക്കാനുള്ള നാസ പദ്ധതികള്‍ തൊട്ടരികില്‍ നില്‍ക്കേയാണ് ട്രംപിന്‍റെ അറ്റ കൈ പ്രയോഗം.
നാഷണല്‍ ഏറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷനുള്ള ബജറ്റ് വിഹിതം 25 ശതമാനം കുറയ്ക്കാനും 2026നകം അയ്യായിരം ജീവനക്കാരെ ഒഴിവാക്കാനുമുള്ള വൈറ്റ് ഹൗസ് നീക്കമാണ് കൂട്ട വിരമിക്കലിനുപിന്നില്‍. 2694 പേരാണ് ആകെ പുറത്തുപോകുക. ഈ തീരുമാനം കോണ്‍ഗ്രസ് അംഗീകരിച്ചാല്‍ നാസയിലെ ജീവനക്കാരുടെ എണ്ണം 1960കളിലേക്കാള്‍ കുറയും. എന്‍ജിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, മാനേജ്മെന്‍റ് വിദഗ്ധര്‍ എന്നിവരെല്ലാം ഒഴിവാക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്ന പൊതു നയത്തിന്‍റെ കൂടി ഭാഗമാണ് നീക്കം.
പുറത്തുപോകുന്ന ജീവനക്കാരില്‍ 1818 പേര്‍ ഹ്യൂമന്‍ സ്പേസ് ഫ്ലൈറ്റ് ഉള്‍പ്പെടെയുള്ള സുപ്രധാന മിഷനുകളുടെ ഭാഗമാണ്. അതും വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ളവര്‍. നാസയുടെ 10 മേഖലാ കേന്ദ്രങ്ങളെയും ഇ്ത് കാര്യമായി ബാധിക്കുമെന്ന് ‘പൊളിറ്റിക്കോ’ മാസികയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മേരിലാന്‍ഡിലെ ഗൊദാര്‍ദ് സ്പേസ് ഫ്ലൈറ്റ് സെന്‍ററില്‍ മാത്രം 607 പേര്‍ക്ക് ജോലി നഷ്ടപ്പെടും. ടെക്സസിലെ ജോണ്‍സണ്‍ സ്പേസ് സെന്‍റര്‍ – 366, ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍റര്‍ – 311, വാഷിങ്ടണിലെ നാസ ആസ്ഥാനം – 307, വിര്‍ജീനിയയിലെ ലാങ്‍ലി റിസര്‍ച്ച് സെന്‍റര്‍ – 281, അലബാമയിലെ മാര്‍ഷല്‍ സ്പേസ് ഫ്ലൈറ്റ് സെന്‍റര്‍ – 279, ക്ലീവ്‍ലാന്‍ഡിലെ ഗ്ലെന്‍ റിസര്‍ച്ച് സെന്‍റര്‍ – 191 എന്നിങ്ങനെയാണ് മറ്റ് കേന്ദ്രങ്ങളിലെ കണക്ക്.
U.S. President Donald Trump gestures as he speaks during the opening of a temporary migrant detention center informally known as "Alligator Alcatraz" in Ochopee, Florida, U.S., July 1, 2025. REUTERS/Evelyn Hockstein
2027 പകുതിയോടെ ചന്ദ്രനിലേക്കും തുടര്‍ന്ന് ചൊവ്വയിലേക്കും മനുഷ്യരെ അയക്കാനാണ് നാസയുടെ പദ്ധതി. അത്യന്തം സങ്കീര്‍ണവും ദുര്‍ഘടവുമായ ദൗത്യങ്ങളാണ് രണ്ടും. ഈ രണ്ട് ദൗത്യങ്ങളിലും സുപ്രധാനപങ്കുവഹിക്കുന്ന പലരും മിഷന്‍ ലോഞ്ചിന്‍റെ സമയമാകും മുന്‍പ് നാസ വിട്ടുപോകേണ്ടിവരും.ഹ്യൂമന്‍ സ്പേസ് ഫ്ലൈറ്റ് ഓപ്പറേഷന്‍സ് നിയന്ത്രിക്കുന്ന ജോണ്‍സണ്‍ സ്പേസ് സെന്‍ററില്‍ നിന്ന് 419 പേരെ ഒഴിവാക്കാനാണ് വൈറ്റ് ഹൗസ് തീരുമാനിച്ചിരുന്നത്. നാസ ഇപ്പോഴും രാജികള്‍ സ്വീകരിക്കുന്നതിനാല്‍ മുഴുവന്‍ പേരും വിട്ടുപോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
നിര്‍ണായക ചുമതലകള്‍ വഹിക്കുന്ന ഏതാനും പേരുടെ രാജികള്‍ പോലും വലിയ സ്വാധീനം ചെലുത്തുന്ന മേഖലയായതിനാല്‍ കൂട്ട ‘വിരമിക്ക’ലും ഒഴിവാക്കലും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഉറപ്പാണ്. സാങ്കേതിക വൈദഗ്ധ്യമോ അനുഭവസമ്പത്തോ സങ്കീര്‍ണമായ മിഷനുകളുമായി ബന്ധപ്പെട്ട നൈപുണ്യമോ പെട്ടെന്ന് ആര്‍ജിക്കാന്‍ കഴിയില്ലെന്നിരിക്കേ വിട്ടുപോകുന്നവര്‍ക്ക് പകരം എന്ത് എന്ന ചോദ്യം മുഴച്ചുനില്‍ക്കുകയാണ്. ട്രംപിന്‍റെ പ്രൊപ്പോസ്‍ യുഎസ് കോണ്‍ഗ്രസ് തള്ളുമെന്ന പ്രതീക്ഷ മാത്രമാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്കുള്ളത്.