സാധാരണ സൂക്ഷമജീവികള്‍ക്കു പോലും അതിജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍, ബഹിരാകാശത്ത് ഒരു ബാക്ടീരിയ. അതും ചൈനയുടെ ബഹിരാകാശ നിലയത്തില്‍. ചൈനീസ് ബഹിരാകാശ നിലയമായ ടിയാൻഗോങിലാണ് മുമ്പ് അജ്ഞാതമായ ഈ ബാക്ടീരിയൽ സ്ട്രെയിൻ ചൈനീസ് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞത്. നിയാലിയാ ടിയാൻഗോങ്ജെൻസിസ് എന്ന് പേരിട്ടിരിക്കുന്ന 2023 മെയിലെ ഷെൻഷോ-15 ദൗത്യത്തിനിടെയാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ ഐസൊലേറ്റ് ചെയ്യുന്നത്.
മിക്ക ജീവജാലങ്ങൾക്കും ജീവിക്കാനാകാത്ത സാഹചര്യത്തില്‍ പോലും വളരുന്നതിനും ബഹിരാകാശ സമ്മർദ്ദങ്ങളെ അതിജീവിക്കുവാനുള്ള ബാക്ടീയയുടെ കഴിവുമാണ് ശാസ്ത്രജ്ഞരെ അമപരപ്പിക്കുന്നത്. ബഹിരാകാശത്തെ ജീവനെ കുറിച്ചുള്ള പഠനങ്ങളില്‍ പുതിയ വാതിലുകളാണ് ഈ കണ്ടെത്തലുകള്‍ തുറക്കുന്നതെന്നാണ് കരുതുന്നത്.സൂക്ഷ്മജീവികളുടെ പ്രതിരോധശേഷിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതിനോടൊപ്പം ബഹിരാകാശയാത്രികരുടെ ആരോഗ്യം, ഭൂമിയിലെ മാലിന്യ പുനരുപയോഗം തുടങ്ങിയ മേഖലകളില്‍ ഇവയെകുറിച്ചുള്ള പഠനങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്.
നിരന്തരമായ വികിരണം, മൈക്രോഗ്രാവിറ്റി, ഓക്‌സിഡേറ്റീവ് സ്ട്രെസ് എന്നിവമൂലം ഭൂമിയിലെ ഏറ്റവും അതിജീവനശേഷിയുള്ള സൂക്ഷ്മാണുക്കൾക്ക് പോലും തുടരാന്‍ പ്രയാസമുള്ള ഇടമാണ് ബഹിരാകാശം. എന്നാല്‍ നിയാലിയാ ടിയാൻഗോൻജെൻസിസിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ വ്യത്യസ്തമാണ്. ബഹിരാകാശത്ത് വസിക്കുന്ന ഈ ബാക്ടീരിയ ഓക്‌സിഡേറ്റീവ് സ്ട്രെസിനെതിരെ പ്രതിരോധശേഷി നിര്‍മ്മിട്ടിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ബഹിരാകാശ സാഹചര്യങ്ങളുമായി ദീർഘനേരം സമ്പർക്കം പുലർത്തേണ്ടി വരുന്ന ബഹിരാകാശയാത്രികരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള ഭാവിയിലെ മെഡിക്കൽ, ബയോളജിക്കൽ സാങ്കേതികവിദ്യകള്‍ക്ക് ഈ ബാക്ടീരിയയുടെ പ്രവര്‍ത്തനവും പ്രതിരോധ ശേഷിയും സഹായകമായേക്കാം.
അതേസമയം, ബഹിരാകാശ നിലയത്തിലെ ക്രൂ ക്യാബിനിനുള്ളിലാണ് ഈ ബാക്ടീരിയൽ സ്ട്രെയിൻ കണ്ടെത്തിയത്. ബഹിരാകാശ പേടകം പോലുള്ള അടഞ്ഞതും കൃത്രിമവുമായ അന്തരീക്ഷത്തിൽ ഇത്തരം സൂക്ഷ്മജീവികൾ എങ്ങനെ പെരുമാറുന്നു എന്നതിനെക്കുറിച്ചുള്ള അറിവും ഈ ബാക്ടീരിയയില്‍ നിന്നുള്ള ഭാവി പഠനങ്ങളില്‍ നിന്നും ലഭിച്ചേക്കാം. ക്രൂവിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനും ദീർഘകാല ബഹിരാകാശ ദൗത്യങ്ങളെ പിന്തുണയ്ക്കുന്നതിനുമായി സൂക്ഷ്മജീവികളുടെ ജീവിതം നിരീക്ഷിക്കുന്ന ചൈന സ്‌പേസ് സ്റ്റേഷൻ ഹാബിറ്റേഷൻ ഏരിയ മൈക്രോബയോം പ്രോഗ്രാമിന്റെ (ചാമ്പ്) ഭാഗമായാണ് ബാക്ടീരിയയെ കണ്ടെത്തിയിരിക്കുന്നത്.
പൊതുവേ നിരുപദ്രവകാരികളാണ് ബഹിരാകാശ സൂക്ഷ്മാണുക്കള്‍ എന്ന് തോന്നുമെങ്കിലും ബഹിരാകാശയാത്രികരുടെ ആരോഗ്യത്തിനും ഉപകരണങ്ങൾക്കും ഇവ ഭീഷണിതന്നെയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരം ബാക്ടീരിയകൾക്ക് വായുവിന്റെ ഗുണനിലവാരത്തെ ബാധിക്കാനും ബഹിരാകാശ പേടകങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളെ നശിപ്പിക്കാനും സെൻസിറ്റീവായ സിസ്റ്റങ്ങളെ പ്രതികൂലമായി ബാധിക്കാനും സാധിക്കും. നിയാലിയാ ടിയാൻഗോങ്കെൻസിസ് ബഹിരാകാശത്ത് എങ്ങനെ പെരുമാറുന്നു, അതിജീവിക്കുന്നു എന്ന് മനസിലാക്കുന്നതിലൂടെ ഇത്തരം സൂക്ഷ്മജീവികള്‍ ഉയര്‍ത്തുന്ന ഭീഷണികൾ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വയിലേക്കോ ചന്ദ്രനിലങ്ങളിലേക്കോ ഉള്ള ദൗത്യങ്ങൾ പോലുള്ള ദീർഘകാല ബഹിരാകാശ ദൃത്യങ്ങളിലും ഇത് നിര്‍ണായകമായേക്കാം. ഒപ്പം ഭൂമിക്കപ്പുറമുള്ള ജീവന്‍ തേടിയുള്ള യാത്രയിലും.