Image: NASA
ശുക്രനിലെത്താന്‍ ലക്ഷ്യമിട്ട് അരനൂറ്റാണ്ട് മുന്‍പ് റഷ്യ വിക്ഷേപിച്ച കോസ്മോസ് 482 എന്ന കൂറ്റന്‍ ബഹിരാകാശ പേടകം ആശങ്കകള്‍ക്കൊടുവില്‍ ഭൂമിയില്‍ പതിച്ചു. മേയ് 10ന് പുലര്‍ച്ചെയോടെ പേടകം ഭൂമിയുടെ അന്തരീക്ഷത്തില്‍ കടന്നുവെന്നും ജക്കാര്‍ത്തയ്ക്ക് പടിഞ്ഞാറായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചുവെന്നും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസ് സ്ഥിരീകരിച്ചു. സമുദ്രത്തില്‍ തന്നെയാകും പേടകം പതിക്കുകയെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നുവെങ്കിലും ജനവാസ മേഖലയില്‍ വീഴാനുള്ള സാധ്യതയും ശാസ്ത്രലോകം തള്ളിയിരുന്നില്ല.
Telescopic images of the Soviet Kosmos 482 Venus descent craft in Earth's orbit, the probe's parachute may be out. (Image credit: Ralf Vandebergh)
495 കിലോ ഭാരവും ഒരു മീറ്റര്‍ വീതിയുമുള്ള വര്‍ത്തുളാകൃതിയിലുള്ള പേടകം കഴിഞ്ഞ ദിവസം വരെ ജര്‍മനിക്ക് മുകളിലായാണ് കാണപ്പെട്ടത്. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയിലാണ് പേടകം സഞ്ചരിക്കുന്നതെന്നും അടുത്ത മണിക്കൂറുകളില്‍ എപ്പോള്‍ വേണമെങ്കിലും ഭൂമിയില്‍ എവിടെ വേണമെങ്കിലും പേടകം പതിക്കാമെന്നും ശാസ്ത്രജ്ഞര്‍ നേരത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
1972ലാണ് വെനേര പ്രൊജക്ടിന്‍റെ ഭാഗമായി ശുക്രനിലേക്ക് സോവിയറ്റ് യൂണിയന്‍ കോസ്മോസ് 842 വിക്ഷേപിച്ചത്. റോക്കറ്റ് തകരാറിലായതോടെ പേടകം ഭൂമിയുടെ ഭ്രമണപഥത്തില്‍ കുടുങ്ങുകയായിരുന്നു. പേടകത്തിലെ പാരഷൂട്ടുകള്‍ കാലപ്പഴക്കം കൊണ്ട് നശിച്ചിട്ടുണ്ടാകുമെന്നും ബാറ്ററികളും പ്രവര്‍ത്തനരഹിതമായിട്ടുണ്ടെന്നുമാണ് വിലയിരുത്തല്‍.
ശുക്രന്‍റെ അതീവ മര്‍ദ സാഹചര്യങ്ങളില്‍ ഇറങ്ങാന്‍ പാകത്തില്‍ നിര്‍മിച്ചതിനാലാകാം ഇത്രയും വര്‍ഷങ്ങള്‍ പേടകം ഭൂമിയുടെ ഭ്രമണപഥത്തില്‍ നിലനിന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. സമുദ്രത്തിലാകും പേടകം പതിക്കുകയെന്നും ജനവാസ മേഖലയില്‍ വീഴാനുള്ള സാധ്യത കുറവാണെന്നും കൊളറാഡോ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ മാര്‍സിന്‍ പിലിന്‍സ്കി വ്യക്തമാക്കിയിരുന്നു. പിലിന്‍സ്കിയുടെ നിരീക്ഷണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ് പേടകം കടലില്‍ പതിച്ചതും.
കോസ്മോസ് 842 ഭൂമിയില്‍ വീണതിന് പിന്നാലെ ആകാശ മാലിന്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും ചൂടുപിടിക്കുകയാണ്. ശരാശരി മൂന്ന് ബഹിരാകാശ മാലിന്യങ്ങളെന്ന കണക്കില്‍ ഭൂമിയില്‍ പതിക്കുന്നുണ്ടെന്നാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ കണക്ക്. സ്പേസ്എക്സിന്‍റെ സ്റ്റാര്‍ലിങ്കും ആമസോണിന്‍റെ കുപിയറും ആയിരക്കണക്കിന് ഉപഗ്രഹങ്ങളെ വിക്ഷേപിക്കാന്‍ ഒരുങ്ങുമ്പോള്‍ നിയന്ത്രിക്കാനാവാത്ത രീതിയില്‍ ഇവ വര്‍ധിത വേഗത്തില്‍ ഭൂമിയില്‍ പതിച്ചേക്കാമെന്ന ആശങ്കയും ശാസ്ത്രലോകം പങ്കുവയ്ക്കുന്നു. നിലവില്‍ ആകാശമാലിന്യം ആളുകളുടെ ജീവന് ഭീഷണിയാകുന്നില്ലെങ്കിലും കാലക്രമേണെ ഇത് വലിയ വെല്ലുവിളിയായേക്കാമെന്നും ഓസോണ്‍ പാളിക്ക് നാശം വരുത്തിയേക്കുമെന്നും കാലാവസ്ഥയിലും മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.