2026ലെ ലോകകപ്പ് ഫുട്ബോളില്‍ എതിരാളികള്‍ ഏറെ ഭയക്കേണ്ട ഒരു ‘വലിയ പയ്യനുണ്ട്’. ജര്‍മനിയുടെ നിക്ക് വോള്‍ട്ടമാഡെയാണ് ആ ‘വലിയ പയ്യന്‍’. ഇക്കഴിഞ്ഞ മൂന്ന് മല്‍സരങ്ങളില്‍ നാല് ഗോളുകള്‍ നേടി വോള്‍ട്ടമാഡെ രാജ്യാന്തരതലത്തില്‍ തന്റെ വരവ് അറിയിച്ച്കഴിഞ്ഞു. ഇതിഹാസതാരങ്ങളായ മിറോസ്ലാവ് ക്ലോസെയെയും റൂഡി വൊളറെയും അനുസ്മരിപ്പിക്കുന്നു.
ആധുനിക ഫുട്ബോളിലെ ‘പോച്ചര്‍’എങ്ങനെയായിരിക്കണം അതാണ് ജര്‍മനിയുടെ നിക്ക് വോള്‍ട്ടമാഡെ. ക്ലോസ് റേഞ്ചില്‍ നിന്ന് ഗോള്‍ ഉതിര്‍ക്കാന്‍ കഴിയുന്നതാരം. ആറടി ആറിഞ്ച് ഉയരത്തില്‍ ഫാള്‍സ് 9 പൊസിഷനില്‍ കാണാം ഈ 23കാരനെ. സാങ്കേതിക മികവും ബുദ്ധിയും വേഗവും ചടുലനീക്കങ്ങളുമാണ് വോള്‍ട്ടമാഡെയെ വ്യത്യസ്തനാക്കുന്നു. പെനല്‍റ്റി ബോക്സില്‍ കാത്തുകെട്ടി കിടക്കുന്ന സ്ട്രൈക്കര്‍.
ഈവര്‍ഷം മേയില്‍ ആണ് വോള്‍ട്ടമാഡെ ദേശീയ ടീമിലെത്തുന്നത്. പോര്‍ച്ചുഗലിനെതിരെ ആയിരുന്നു ആദ്യമല്‍സരം. ഒക്ടോബറില്‍ അയര്‍ലന്‍ഡിനെതിരെ ആദ്യഗോള്‍ നേടി. സമ്മര്‍ദത്തിന് കീഴ്പ്പെടില്ല, അവസരങ്ങള്‍ സൃഷ്ടിക്കും, എതിരാളിയെ കബളിപ്പിക്കുന്ന സമര്‍ഥമായ പാസുകള്‍,കളിയുടെ ഗതിമാറ്റാനുള്ള ദീര്‍ഘവീക്ഷണം ഇതെല്ലാം വോള്‍ട്ടമാഡെയില്‍ കാണാം.
ഉയരവും കളിയുടെ ശൈലിയും വച്ച വോള്‍ട്ടമാഡെ,ജര്‍മന്‍ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയെ അനുസ്മരിപ്പിക്കുന്നു. ക്ലോസെയുടെ വിരമിക്കലിനുശേഷം ഇതുപോലെ പെനല്‍റ്റിബോക്സില്‍ കെട്ടിക്കിടക്കുന്ന ഒരുതാരത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ജര്‍മനി. ശൈലിയില്‍ ക്ലോസെ ആണെങ്കില്‍ രൂപത്തിലും ഭാവത്തിലും റുഡി വോളറെപ്പോലെയാണ്. 1990ലോകകപ്പ് കിരീടം നേടിയ ജര്‍മന്‍ ടീം അംഗമായിരുന്നു വോളര്‍. ജര്‍മനിയുടെ പുതിയ ഫുട്ബോള്‍ ജെഴ്സി 1990ലെ ജേഴ്സി അനുസ്മരിപ്പിക്കുന്നതാണ്. 21-ാം തവണയും ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടിയ ജര്‍മനിയുടെ കുതിപ്പിന് വോള്‍ട്ടെമാഡെ നിര്‍ണായക ശക്തിയാകും