എട്ട് മാസത്തിലധികമായി സുനിത വില്യംസിനും ബുച്ച് വില്‍മോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയേണ്ടി വന്ന സംഭവത്തില്‍ വിമര്‍ശനവുമായി ബുച്ച് വിൽമോറിന്‍റെ 16 വയസ്സുള്ള മകൾ ഡാരിൻ. ദൗത്യം നീണ്ടുപോയതിന് കാരണം അശ്രദ്ധയും രാഷ്ട്രീയവുമാണെന്നാണ് മകള്‍ ആരോപിക്കുന്നത്. ഒരു ടിക് ടോക്ക് വിഡിയോയിലൂടെയാണ് തന്‍റെ പിതാവിനെ വീണ്ടും കെട്ടിപ്പിടിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഡാരിന്‍ തുറന്നു പറഞ്ഞത്. മാസങ്ങളായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്നത് മൂലം തന്‍റെ പിതാവിവിന് നഷ്ടമായ കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ടിയിരുന്ന സുന്ദര നിമിഷങ്ങളെയും മകള്‍ വിഡിയോയില്‍ സംസാരിക്കുന്നു.

‘അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങൾ നഷ്ടമായി. അദ്ദേഹം അവിടെ തന്നെ ഉണ്ട് എന്ന് എല്ലാരും പറയുന്നു. അതുശരിയാണ് പക്ഷേ എന്തുകൊണ്ട് എന്നതാണ് ചോദ്യം. അതില്‍ ഒരുപാട് രാഷ്ട്രീയമുണ്ട് എനിക്കുപോലും പൂർണ്ണമായി മനസിലാകാത്ത, പറയാൻ സ്വാതന്ത്ര്യമില്ലാത്ത ഒരുപാട് കാര്യങ്ങളുണ്ട്. പ്രശ്‌നങ്ങളുണ്ട്, അശ്രദ്ധയുണ്ട്’  ഫെബ്രുവരി 6 ന് പോസ്റ്റ് ചെയ്ത വിഡിയോയില്‍ ഡാരിന്‍ വെളിപ്പെടുത്തിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പിതാവ് അടുത്തില്ലാത്തതില്‍ നിരാശയുണ്ടെങ്കിലും തന്‍റെ കുടുംബത്തിന് മിക്കവാറും എല്ലാ ദിവസവും പിതാവിനോട് സംസാരിക്കാൻ സാധിക്കാറുണ്ടെന്നും ഡാരിന്‍ പറയുന്നു. ‘മാർച്ച് പകുതിയോടെ അദ്ദേഹം തിരിച്ചെത്തും എന്നുള്ളത് സന്തോഷം നല്‍കുന്നു. അദ്ദേഹത്തെ ഒന്ന് കെട്ടിപ്പിടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്‍റെ സഹോദരി ഹൈസ്കൂൾ ബിരുദം നേടുന്നത് കാണാനും ഇപ്പോൾ ഞാൻ പങ്കെടുക്കുന്ന ഷോ കാണാനും ഇനി അദ്ദേഹത്തിന് സാധിക്കും’ ഡാരിന്‍ പറയുന്നു. പക്ഷേ കാര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറിമറയാമെന്നുള്ള ആശങ്കയും ഡാരിന്‍ പങ്കുവയ്ക്കുന്നുണ്ട്. 

2024 ജൂണിലാണ് സുനിതയും ബുഷ് വില്‍മോറും 10 ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തെത്തിയത്. ഇവര്‍ പോയ സ്റ്റാര്‍ലൈനര്‍ പേടകത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതോടെ ഇരുവരും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങുകയായിരുന്നു. ഫെബ്രുവരിയിലെങ്കിലും ഇരുവരേയും തിരികെ ഭൂമിയിലെത്തുമെന്ന് കരുതിയെങ്കിലും യാത്ര വീണ്ടും നീളുകയായിരുന്നു.

ഒടുവില്‍ മാര്‍ച്ച് അവസാനമോ ഏപ്രിലിലോ ഇരുവരേയും തിരിച്ചെത്തിക്കും എന്നാണ് നാസ പറഞ്ഞിരുന്നത്. എന്നാല്‍ സുനിത വില്യംസിനും ബുഷ് വില്‍മോറിനും പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെ തിരികെയെത്താന്‍ കഴിയുമെന്നാണ് നാസ അറിയിക്കുന്നത്. ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സ് പേടകത്തിലായിരിക്കും മാർച്ച് പകുതിയോടെ ഇരുവരും ഭൂമിയില്‍ തിരിച്ചെത്തുക. സ്‌പേസ് എക്‌സിന്‍റെ ക്രൂ ഡ്രാഗൺ കാപ്സ്യൂൾ ഉപയോഗിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2025 മാർച്ച് 19 ന് ഇരുവരും ഭൂമിയിലേക്ക് മടങ്ങും

ENGLISH SUMMARY:

Sunita Williams and Butch Wilmore have been stranded at the ISS for over eight months. Wilmore's daughter criticizes NASA, citing negligence and politics as reasons for the delay. Learn more about their expected return.