TOPICS COVERED

ജാപ്പാനീസ് ഓട്ടോമോട്ടീവ് ഭീമനായ ഹോണ്ട പുനരുപയോഗിക്കാവുന്ന റോക്കറ്റ് പ്രോട്ടോടൈപ്പ് വിജയകരമായി വിക്ഷേപിക്കുകയും തിരികെ ലാൻഡ് ചെയ്യിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ജപ്പാനിലെ ഹോക്കൈഡോയിലുള്ള ഹോണ്ടയുടെ ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് 20 അടി നീളമുള്ള റോക്കറ്റ് വിക്ഷേപിച്ചത്. ബഹിരാകാശ രംഗത്ത് ജപ്പാനെ സ്വയംപര്യാപ്‌തമാക്കി തീര്‍ക്കാനുള്ള ശ്രമമായും നിലവില്‍ ബഹിരാകാശം അടക്കിവാഴുന്ന യുഎസിനും സ്പേസ് എക്‌സിനും ബ്ലൂ ഒറിജിനുമുള്ള മറുപടിയായും ഈ പദ്ധതിയെ വിലയിരുത്തുന്നവരുണ്ട്. 

‍കാറുകള്‍ മാത്രമല്ല, മോട്ടോർ സൈക്കിളുകൾ, സ്കൂട്ടറുകൾ, ഇ-ബൈക്കുകൾ, എടിവികൾ, ബോട്ട് മോട്ടോറുകൾ, ജെറ്റുകൾ എന്നിങ്ങനെ വലിയൊരു പോര്‍ട്ട്ഫോളിയോയുടെ ഉടമകൂടിയാണ് ഹോണ്ട. ഇതിന് പിന്നാലെയാണ് ബഹിരാകാശത്തേക്കുള്ള റോക്കറ്റുകളും ഈ ലിസ്റ്റിലേക്ക് കടന്നുവരുന്നത്. ഹോണ്ടയുടെ ഫോർമുല വൺ റേസിങ് ടീം മുൻ ഡയറക്ടര്‍ കസുവോ സകുരഹാരയാണ് പദ്ധതിക്ക് പിന്നില്‍. ‘ഹോണ്ട ഉൽപ്പന്നങ്ങൾ കരയിലും കടലിലും ആകാശത്തും വ്യാപിക്കും’ എന്നാണ് വിഷയത്തില്‍ അദ്ദേഹം പ്രതികരിച്ചത്. ആളുകളുടെ ദൈനംദിന ജീവിതത്തിലേക്ക് കൂടുതൽ സേവനങ്ങള്‍ എത്തിക്കുകയെന്നാണ് ഹോണ്ടയുടെ റോക്കറ്റ് നിര്‍മാണത്തിന്‍റെ പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

ഹോണ്ടയുടെ ലക്ഷ്യമെന്ത്?

മൊബിലിറ്റി, ഊർജ്ജം, ആശയവിനിമയം എന്നിവയ്ക്കായുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ തങ്ങളുടെ റോക്കറ്റുകള്‍ ഉപയോഗിക്കാമെന്നാണ് ഹോണ്ട പറയുന്നത്. അതേസമയം, ഉപഗ്രഹങ്ങൾ വിക്ഷേപിക്കാന്‍ ഉപയോഗിക്കാനോ മറ്റ് നിർമ്മാതാക്കൾക്ക് ഈ ശേഷി വിൽക്കാനോ ഹോണ്ട ശ്രമിച്ചേക്കാം എന്നാണ് ടെലിമെട്രി കൺസൾട്ടിങ് ഗ്രൂപ്പിലെ സാം അബുവൽസാമിദ് അഭിപ്രായപ്പെടുന്നത്. നിലവിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലെ പ്രതികരണമായിട്ടും അദ്ദേഹം ഹോണ്ടയുടെ നീക്കത്തെ കാണുന്നുണ്ട്. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഈ റോക്കറ്റുകള്‍ക്കായാല്‍ അമേരിക്കയെ അമിതമായി ആശ്രയിക്കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു.

സർക്കുലേറ്റീവ് എനർജി സിസ്റ്റം

ഹോണ്ടയുടെ 30 വർഷത്തെ ഇന്ധന– സാങ്കേതിക വികസനത്തിന്‍റെ പുതിയ രൂപമായ സർക്കുലേറ്റീവ് എനർജി സിസ്റ്റവും ഹോണ്ട അവതരിപ്പിച്ചു കഴിഞ്ഞു. ജാപ്പനീസ് കമ്പനിയായ ആസ്‌ട്രോബോട്ടിക്കുമായി സഹകരിച്ചാണ് പദ്ധതി. ചന്ദ്രനിലെ മനുഷ്യ കോളനികൾ ഉൾപ്പെടെയുള്ള ബഹിരാകാശത്തെ സുസ്ഥിര പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായാണ് സിസ്റ്റം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ സിസ്റ്റം ചന്ദ്രനില്‍ പകൽ സമയത്ത് വൈദ്യുതിയും ഓക്‌സിജനും ഉത്പാദിപ്പിക്കും. ഭൂമിക്ക് പുറത്തുള്ള ഉപയോഗത്തിനായി മനുഷ്യ നിയന്ത്രിത അവതാർ റോബോട്ടുകൾ വികസിപ്പിക്കുന്നതിനും ഹോണ്ടയ്ക്ക് പദ്ധതികളുണ്ട്. മൊഡ്യൂൾ നിർമ്മാണം, ഇന്ധനം നിറയ്ക്കൽ, മോട്ടോർ റിപ്പയറിങ് എന്നിവയ്ക്കെല്ലാം ഈ റോബോട്ടുകളെ ഉപയോഗിക്കാമെന്നും ഹോണ്ട പറയുന്നു.

ENGLISH SUMMARY:

Japanese automotive giant Honda has successfully launched and landed a 20-foot reusable rocket prototype from its research facility in Hokkaido, Japan. This move is seen as a major step toward achieving space self-sufficiency for Japan and a challenge to US space dominance held by companies like SpaceX and Blue Origin. Kazuo Sakurahara, former director of Honda's Formula 1 racing team, stated the goal is to expand Honda products across land, sea, and air, with the primary objective of bringing more services into people's daily lives through satellite launches. Honda also introduced a 'Circulative Energy System' developed with Astrobotic, designed to support sustainable space activities, including generating electricity and oxygen for lunar colonies.