ന്യൂഡല്‍ഹിയിലെ ആന്ധ്ര ഭവനില്‍ ബിരിയാണി രുചിച്ച് ജാപ്പനീസ് അംബാസഡര്‍. ‘എന്‍റെ ഇന്ത്യൻ സുഹൃത്തുക്കളെ പിന്തുടർന്ന് കൈകൊണ്ട് ബിരിയാണി കഴിക്കാൻ ശ്രമിച്ചു. കൈകൊണ്ട് കഴിക്കുമ്പോൾ ബിരിയാണി സുഷിയെപ്പോലെ കൂടുതൽ രുചികരമാകും’ എന്നാണ് അംബാസഡർ ഓനോ കിയാച്ചി എക്‌സിൽ കുറിച്ചത്. ഒരു പ്ലേറ്റ് ബിരിയാണിയുമായി ഇരിക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കിട്ടു.
‘കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് ഇന്ത്യൻ സംസ്കാരത്തിന്‍റെ അവിഭാജ്യ ഘടകമാണ്. രുചികൾ വർദ്ധിപ്പിക്കുകയും ആളുകളെ അവരുടെ ഭക്ഷണവുമായി ബന്ധിപ്പിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ആയുർവേദത്തിൽ വേരൂന്നിയ ഒരു പാരമ്പര്യമാണിത്. തെലങ്കാന സന്ദർശന വേളയിൽ ഹൈദരാബാദി ബിരിയാണി ആസ്വദിച്ചു! അതിന്‍റെ സമ്പന്നമായ സുഗന്ധവ്യഞ്ജനങ്ങളും കടുപ്പമേറിയ രുചികളും കണ്ട് അത്ഭുതപ്പെട്ടു - ശരിക്കും ആസക്തി ഉളവാക്കുന്ന ഒന്ന്’ എന്നാണ് ഓനോ കുറിച്ചത്. 2025 ൽ സ്വിഗ്ഗിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത വിഭവമായ ബിരിയാണിയ്ക്ക് രാജ്യമെങ്ങും പുറത്തും ആരാധകര്‍ ഏറെയാണ്.
ഓനോ പങ്കുവെച്ച ചിത്രവും കുറിപ്പും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ‘കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന ആംഗ്യമല്ല, മറിച്ച് നിങ്ങളുടെ ഊഷ്മളതയും തുറന്ന മനസ്സുമാണ് ആളുകളെ കൂടുതൽ അടുപ്പിക്കുന്നത്’ എന്നാണ് ഓനോ പങ്കുവെച്ച ചിത്രത്തോട് ഒരു സോഷ്യല്‍മീഡിയ ഉപയോക്താവ് പ്രതികരിച്ചത്. ‘എനിക്ക് എന്‍റെ കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് വളരെ ഇഷ്ടമാണ്. ഇത് വ്യത്യസ്തമായ ഒരു സംതൃപ്തിയാണ്, അത് ഇന്ത്യൻ സംസ്കാരത്തിന്‍റെ ഭാഗമാണ്’ എന്ന് മറ്റൊരാള്‍ പ്രതികരിച്ചു. ‘നിങ്ങൾ വ്യത്യസ്തമായ ഒരു സംസ്കാരത്തെ ഇത്ര മനോഹരമായി സ്വീകരിക്കുന്നത് കാണാൻ സന്തോഷം! അതുകൊണ്ടാണ് ഇന്ത്യക്കാർ ജാപ്പനീസിനെയും നിങ്ങളുടെ സംസ്കാരത്തെയും സ്നേഹിക്കുന്നത്’ എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ മറ്റൊരു ഹൃദ്യമായ പ്രതികരണം.