ഫാഷൻ ലോകത്തെ പരീക്ഷണങ്ങൾ പലപ്പോഴും നമ്മളെ അദ്ഭുതപ്പെടുത്താറുണ്ട്, എന്നാൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ ജൂലിയറ്റിന്റെ പുതിയ ഷൂസിന്‍റെ കണ്ടുപിടുത്തം കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് നെറ്റിസണ്‍സ്. വെറുമൊരു ഷൂസല്ല, ആവശ്യമെങ്കിൽ ഒരു 'ലഞ്ച് ബോക്സ്' ആയി മാറ്റാവുന്ന അത്യാധുനിക ഷൂസാണ് ജൂലിയറ്റ് പരിചയപ്പെടുത്തുന്നത്. ഷൂസിനുള്ളിൽ ബട്ടർ ചിക്കൻ നിറച്ച് അത് ധരിച്ചു നടക്കുകയും പിന്നീട് വിശക്കുമ്പോൾ അത് എടുത്തു കഴിക്കുകയും ചെയ്യുന്ന ജൂലിയറ്റിന്റെ വിഡിയോ ഇപ്പോൾ സൈബറിടത്ത് വൈറലാണ്.
കാഴ്ചയിൽ സാധാരണ ഹീലുള്ള വെളുത്ത ഷൂസ് പോലെ തോന്നിക്കുമെങ്കിലും ഇതിന്റെ ഡിസൈൻ തികച്ചും വ്യത്യസ്തമാണ്. ഷൂസിന്റെ മുകൾഭാഗവും ഹീൽ ഉൾപ്പെടുന്ന ബേസ് ഭാഗവും വേർതിരിച്ചെടുക്കാം. ഈ ബേസിനുള്ളിലെ ശൂന്യമായ സ്ഥലത്താണ് ജൂലിയറ്റ് ആഹാരം നിറയ്ക്കുന്നത്. ഇത് വെറുതെ പറയുകയല്ല, ബട്ടർ ചിക്കൻ ഷൂസിനുള്ളിൽ നിറച്ച് സ്ക്രൂ ചെയ്ത് ഉറപ്പിക്കുന്നത് താരം വിഡിയോയിൽ കാണിച്ചുതരുന്നുണ്ട്. പിന്നീട് പൊതുസ്ഥലത്തെ ഒരു ബെഞ്ചിലിരുന്ന് ഷൂസ് ഊരി, അതിനടിയിലെ പ്രത്യേക ഓപ്പണിംഗിലൂടെ ചിക്കൻ പീസ് എടുത്തു കഴിക്കുന്നതും വിഡിയോയിലുണ്ട്.
ലഞ്ച് ബോക്സ് കൈയ്യിൽ കൊണ്ടുനടക്കുന്ന ഭാരം ഒഴിവാക്കാൻ ഈ ഐഡിയ സഹായിക്കുമെന്നാണ് ജൂലിയറ്റിന്റെ അവകാശവാദം. ബട്ടർ ചിക്കൻ മാത്രമല്ല, ഇറ്റാലിയൻ ഡെസേർട്ടുകളും ലഘുഭക്ഷണങ്ങളും വരെ താൻ ഇത്തരത്തിൽ ഷൂസിനുള്ളിൽ കൊണ്ടുപോകാറുണ്ടെന്നും ഇവർ പറയുന്നു. പാചകം ചെയ്ത ഭക്ഷണം ഷൂസിനുള്ളിൽ സൂക്ഷിക്കുന്നത് വളരെ എളുപ്പമാണെന്നാണ് ഈ ഇൻഫ്ലുവൻസറുടെ പക്ഷം.
വിഡിയോ വൈറലായതോടെ ജൂലിയറ്റിനെതിരെ കടുത്ത വിമർശനങ്ങളുമായാണ് ആളുകൾ എത്തുന്നത്. കാലിലിടുന്ന ചെരുപ്പിനുള്ളിൽ ഭക്ഷണം വച്ച് കഴിക്കുന്നത് അങ്ങേയറ്റം അരോചകമാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു. 'ഷൂസിനടിയിലെ ദ്വാരത്തിലൂടെ ഭക്ഷണം പുറത്തെടുക്കുമ്പോൾ കാലിലെ പൊടിയും അഴുക്കും അതിൽ വീഴില്ലേ?' എന്നാണ് പലരുടെയും ആശങ്ക. സ്റ്റൈലിന്റെ പേരിൽ എന്ത് അസംബന്ധവും കാണിക്കാമോ എന്നും ലഞ്ച് ബാഗ് ചുമക്കാൻ മടിയുള്ളവർ പട്ടിണി കിടക്കുന്നതാണ് നല്ലതെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറയുന്നു.