നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധ വിഡിയോകളിലൂടെ വൈറലായ ഇന്‍ഫ്ലുവന്‍സറുടെ അക്കൗണ്ട് പൂട്ടി. ലൈവ് വിഡിയോക്കിടെയായിരുന്നു യാതൊരു മുന്നറിയിപ്പുമില്ലാതെ മെറ്റ ഇന്‍ഫ്ലുവന്‍സറായ അഭിനവ് ബിഷ്ടിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് റദ്ദാക്കിയത്. ഡല്‍ഹി സ്വദേശിയാണ് അഭിനവ്.
6.35 ലക്ഷത്തോളം ഫോളോവേഴ്സുണ്ടായിരുന്ന അക്കൗണ്ടാണ് മുൻകൂട്ടി യാതൊരു മുന്നറിയിപ്പുമില്ലാതെ മെറ്റ സസ്പെൻഡ് ചെയ്തത്. ജന്തര്‍ മന്തറില്‍ നിന്നുള്ള പ്രതിഷേധ വിഡിയോകളിലൂടെയായിരുന്നു അഭിനവിന് പൊടുന്നനെ ഫോളോവേഴ്സ് കൂടിയത്. പ്രതിഷേധ സ്ഥലത്തുനിന്നുള്ള കാന്‍ഡിഡ് വിഡിയോകളായിരുന്നു അഭിനവ് പങ്കുവച്ചിരുന്നത്. വിഡിയോയില്‍ രാഷ്ട്രീയം പറയാതെ ട്രെന്‍ഡിങ് കാര്യങ്ങളും തമാശകളും പറഞ്ഞാണ് 5000 ആളുകള്‍ മാത്രമുണ്ടായിരുന്ന ഫോളോവേഴ്സിന്റെ എണ്ണം അഭിനവ് 6.35ലക്ഷത്തിലേക്ക് ഉയര്‍ത്തിയിരുന്നത്.
പെട്ടെന്നുള്ള ഈ വളര്‍ച്ചക്കിടെ ജൂലൈ 26-ന് യൂട്യൂബിൽ ലൈവ് സ്ട്രീം ചെയ്യുന്നതിനിടെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ട വിവരം അഭിനവ് അറിയുന്നത്. യാതൊരു മുന്നറിയിപ്പും മെറ്റ നൽകിയിരുന്നില്ലെന്ന് ഇതിനു ശേഷം അഭിനവ് പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ നിന്നും ലഭിച്ച അറിയിപ്പിന്റെ സ്ക്രീന്‍ഷോട്ടും അഭിനവ് പങ്കുവച്ചിരുന്നു. 180 ദിവസത്തിനുള്ളിൽ അപ്പീൽ സമർപ്പിച്ചില്ലെങ്കിൽ അക്കൗണ്ട് സ്ഥിരമായി റദ്ദാക്കുമെന്നാണ് അറിയിപ്പിൽ പറയുന്നത്.
അതേസമയം പിറ്റേ ദിവസം തന്നെ അഭിജിത് പുതിയ അക്കൗണ്ട് ആരംഭിച്ചു. മണിക്കൂറുകൾക്കുള്ളിൽ പുതിയ പേജിൽ 1.30 ലക്ഷത്തിലധികം ഉപയോക്താക്കാള്‍ അഭിനവിനെ ഫോളോ ചെയ്തു. തന്റെ പഴയ അക്കൗണ്ട് തിരിച്ചുപിടിക്കാന്‍ സഹായിക്കണമെന്നും അഭിനവ് ആവശ്യപ്പെടുന്നു. അക്കൗണ്ട് സസ്പെൻഡ് ചെയ്തതിന്റെ കാരണം വ്യക്തമാക്കാൻ ആവശ്യപ്പെട്ട് മെറ്റയെ സമീപിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല.