2025ലെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ ഇന്നു രാത്രി കാണാം. ഈ വർഷം ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന പൂർണ്ണചന്ദ്രനാണിത്. അതിനാൽ തന്നെ ഈ വർഷത്തെ ഏറ്റവും വലുതും തിളക്കമുള്ളതുമായ ചന്ദ്രപ്രതിഭാസമാണ് കാണാനിരിക്കുന്നത്.
എന്താണ് സൂപ്പർമൂൺ?
ഒരു പൂര്‍ണചന്ദ്രന്‍ ഭൂമിയുമായി ഏറ്റവും അടുത്തുവരുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെ ബിന്ദുവായ പെരിജിയവുമായി ചേരുമ്പോഴാണ് സൂപ്പര്‍മൂണ്‍ സംഭവിക്കുന്നത്. ചന്ദ്രന്റെ ഭ്രമണപഥം പൂർണ്ണവൃത്തമല്ലാത്തതുകൊണ്ട്, ഭൂമിയിൽ നിന്നുള്ള ദൂരം വ്യത്യാസപ്പെട്ടേക്കാം. പൂർണ്ണചന്ദ്രൻ പെരിജിയത്തിനടുത്തു വരുമ്പോള്‍ ഏറ്റവും ചെറിയ പൂർണ്ണചന്ദ്രനെക്കാൾ 14ശതമാനം വലുതും 30ശതമാനം തിളക്കമുള്ളതുമായി കാണും. അതിമനോഹരമായ ഒരു കാഴ്ചയാണ് ഈ പ്രതിഭാസം നല്‍കുക.
നവംബർ സൂപ്പർമൂൺ ഭൂമിയിൽ നിന്ന് ഏകദേശം 3,57,000 കിലോമീറ്റർ അടുത്തായിരിക്കും. സാധാരണ ഒരു പൂർണ്ണചന്ദ്രനെക്കാൾ ഏകദേശം 17,000 മൈൽ അടുത്താണിതെന്ന് വിദഗ്ധര്‍ പറയുന്നു. നവംബറില്‍ കാണുന്ന സൂപ്പര്‍മൂണ്‍ ബീവർ മൂൺ എന്നും അറിയപ്പെടുന്നുണ്ട്. തദ്ദേശീയരായ അമേരിക്കൻ ഗോത്രവർഗ്ഗക്കാരും ആദ്യകാല യൂറോപ്യൻ കുടിയേറ്റക്കാരും പ്രകൃതിചക്രങ്ങളെയും കാലാനുസൃതമായ പ്രവർത്തനങ്ങളെയും അടിസ്ഥാനമാക്കിയാണ് പൂർണ്ണചന്ദ്രന്മാർക്ക് പേര് നൽകിയിരുന്നത്. ഇത്തരമൊരു പേരാണ് ബീവര്‍ മൂണ്‍. ബീവറുകൾ അണക്കെട്ടുകൾ കെട്ടി ശൈത്യകാലത്തിനായി കാത്തിരിക്കുന്ന സമയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
Image: AP
സൂപ്പർമൂൺ ദൃശ്യം എങ്ങനെ കാണാം?
ഈ സൂപ്പര്‍മൂണ്‍ കാണാനായി ഒരു ദൂരദര്‍ശിനിയുടെ ആവശ്യമില്ല. ചന്ദന്‍ വരുംനേരത്ത് കൃത്രിമമായ വെളിച്ചങ്ങളില്‍ നിന്നകന്നു നില്‍ക്കണം, അതായത്, പാർക്കുകൾ, തുറന്ന വയല്‍ പ്രദേശങ്ങള്‍, ജലാശയങ്ങളുള്ള ഭാഗം എന്നിവിടങ്ങളില്‍ നിന്നെല്ലാം കാണാനാകും. സൂര്യാസ്തമയത്തിനു തൊട്ടുപിന്നാലെയും രാത്രിയിലുടനീളവും മറ്റു കാലാവസ്ഥാ സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ സൂപ്പര്‍മൂണ്‍ ദൃശ്യമാകും. കാലാവസ്ഥയ്ക്കനുസരിച്ച് ഭൂമിയിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും നഗരങ്ങളിലും സൂപ്പർമൂൺ ദൃശ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. ഡൽഹിയില്‍ പുകമഞ്ഞ് മൂടിയതിനാല്‍ സൂപ്പർമൂൺ കാണാൻ ബുദ്ധിമുട്ടായേക്കാം.