firefly-blue-gohst

Planet Earth is reflected on Firefly Aerospace's Blue Ghost spacecraft's solar panel

TOPICS COVERED

ചന്ദ്രോപരിതലത്തില്‍ പേടകമിറക്കി ചരിത്രം കുറിച്ചിരിക്കുകയാണ് അമേരിക്കയിലെ സ്വകാര്യ കമ്പനി. ടെക്സസ് കേന്ദ്രമാക്കിയുള്ള ഫയര്‍ ഫ്ലൈ എയറോസ്പേസ് കമ്പനിയുടെ ബ്ലൂ ഗോസ്റ്റ് ലാന്‍ഡറാണd ചന്ദ്രനിലെ വടക്കു കിഴക്കന്‍ മേഖലയിലെ മാര്‍ ക്രിസീയം ഗര്‍ത്തത്തിനു സമീപം സോഫ്റ്റ് ലാന്‍ഡ് ചെയ്തത്. ചന്ദ്രോപരിതലത്തിലെ പൊടി, ഘടന, സൗരക്കാറ്റും ഭൂമിയുടെ കാന്തിക വലയവും തമ്മിലുള്ള ബന്ധം തുടങ്ങിയവ പഠിക്കാനുള്ള പത്ത് ശാസ്ത്ര ഉപകരണങ്ങളാണ് ബ്ലൂ ഗോസ്റ്റിലുള്ളത്. ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ആര്‍ട്ടിമിസിന്റെ ഭാഗമായി നാസയുടെ സാമ്പത്തിക, സാങ്കേതിക സഹായം ലഭിക്കുന്ന കമ്പനിയാണ് ഫയര്‍ ഫ്ലൈ.

blue-ghost-moon

ഫയര്‍ ബ്ലൂ ഗോസ്റ്റ്

വൈറലായ ഒരു പഴയ ഡയലോഗുപോലെയാണ് ചാന്ദ്രദൗത്യങ്ങള്‍ ‘ചിലത് ശരിയാകും ചിലത് ശരിയാകില്ല’. ചന്ദ്രനിലേക്കുള്ള ബഹിരാകാശദൗത്യങ്ങളിൽ ഏറ്റവും സങ്കീർണമായവയാണ് മൂൺ ലാൻഡറുകൾ. ചന്ദ്രന്റെ ഉപരിതലത്തിലേക്ക് തൊട്ടിറങ്ങിച്ചെല്ലുന്നവയാണ് ഇവ. 33 ലാൻഡർ ദൗത്യങ്ങൾ വിവിധ ഏജൻസികൾ ചന്ദ്രനിലേക്ക് അയച്ചിട്ടുണ്ട്. അവയിൽ 16 എണ്ണം ലക്ഷ്യം കണ്ടില്ലെന്നതു സങ്കീർണതയുടെ തെളിവാണ്. കഴിഞ്ഞ വര്‍ഷം ഹൂസ്റ്റന്‍ കേന്ദ്രമാക്കിയുള്ള സ്വകാര്യ കമ്പനിയുെട ഓഡീസസെന്ന പേടകവും ചന്ദ്രനിലിറങ്ങിയിരുന്നെങ്കിലും സോഫ്റ്റ് ലാന്‍ഡിങിന്റെ അവസാന നിമിഷത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു. വർഷങ്ങളായി പരാജയപ്പെട്ട ലാൻഡിങ്ങുകളുടെ അവശിഷ്ടങ്ങളാൽ ചന്ദ്രൻ നിറഞ്ഞിരിക്കുന്നു. ചാന്ദ്ര ദൗത്യങ്ങളില്‍ വിജയിച്ചവരേയും പരാജയപ്പെട്ടവേരേയും നോക്കാം.

ചന്ദ്രനിലേക്കു വിവിധ ബഹിരാകാശ ഏജൻസികൾ അയച്ച ദൗത്യങ്ങളിൽ 60% മാത്രമാണു വിജയിച്ചതെന്ന് യുഎസ് ബഹിരാകാശസ്ഥാപനമായ നാസ പറയുന്നു. ഉപദൗത്യങ്ങളായി തരംതിരിക്കാതെയിരുന്നാൽ ഇതുവരെ 109 ദൗത്യങ്ങൾ ചന്ദ്രനിലേക്കു പോയിട്ടുണ്ട്. ചന്ദ്രനെ ചുറ്റുന്ന ഓർബിറ്റർ, അടുത്തുകൂടി തെന്നിമാറിപ്പോകുന്ന ഫ്ലൈബൈ, ഇടിച്ചിറങ്ങുന്ന ഇംപാക്ടർ, ലാൻഡർ തുടങ്ങിയ വിഭാഗങ്ങളിലുള്ളവ ഇവയിൽ ഉൾപ്പെടും. ഇവയിൽ 61 എണ്ണം വിജയം നേടിയപ്പോൾ 48 എണ്ണം പരാജയപ്പെടുകയാണുണ്ടായത്. ഇന്ത്യ, യുഎസ്, റഷ്യ, ജപ്പാൻ, യൂറോപ്യൻ സ്പേസ് ഏജൻസി, ചൈന എന്നീ രാജ്യങ്ങളുടേതാണ് ഈ ദൗത്യങ്ങൾ.

lua-land-rovers

ലൂണ 3, ലൂണ 24

ചന്ദ്രനിലേക്കുള്ള ആദ്യ ലാൻഡർ ദൗത്യങ്ങളാണ് റഷ്യയുടെ ലൂണ. ഈ ദൗത്യങ്ങളെല്ലാം ആദ്യഘട്ടങ്ങളിൽത്തന്നെ പാളിയവയാണ്. ലൂണ 5 ദൗത്യം ചന്ദ്രന്റെ ഉപരിതലത്തിനു തൊട്ടടുത്തെത്തിയെങ്കിലും ത്രസ്റ്റർ റോക്കറ്റുകൾ പ്രവർത്തിക്കാത്തതിനാൽ ബ്രേക്കിങ് ഘട്ടം നടന്നില്ല. തുടർന്ന് ചന്ദ്രോപരിതലത്തിലേക്ക് ഇടിച്ചിറങ്ങി നശിച്ചു. 11 ലാൻഡർ ദൗത്യങ്ങൾ പരീക്ഷിച്ചു പരാജയപ്പെട്ട ശേഷമാണ് ചന്ദ്രനിലെ ആദ്യ ലാൻഡറായ ലൂണ 9 റഷ്യയ്ക്കു വിജയിപ്പിക്കാനായത്. 1966 ലാണ് ലൂണ 9 ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയത് .

യുഎസ്സിന്റെ 3 ലാൻഡർ ദൗത്യങ്ങൾ പരാജയങ്ങളായിരുന്നു. ലൂണ 9 ന്റെ വിജയത്തിനു ശേഷം നാല് മാസങ്ങൾക്ക് ശേഷം യു.എസ്. സർവേയർ 1 വിക്ഷേപിച്ചെങ്കിലും പരാജയപ്പെട്ടു. 1969-ൽ അപ്പോളോ 11 ല്‍ നീൽ ആംസ്‌ട്രോങ്ങും ബസ് ആൽഡ്രിനും ചേർന്ന് ചന്ദ്രനിലിറങ്ങിയതോടെ സോവിയറ്റുമായുള്ള ബഹിരാകാശ മല്‍സരത്തില്‍ നാസ വിജയിച്ചു. 1972-ൽ അപ്പോളോ 17-ൽ പ്രോഗ്രാം അവസാനിക്കുന്നതിന് മുമ്പ്, പന്ത്രണ്ട് ബഹിരാകാശയാത്രികർ ആറ് ദൗത്യങ്ങളിലൂടെ ചന്ദ്രോപരിതലത്തിലെത്തി. ഇപ്പോഴും മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കുന്ന ഒരേയൊരു രാജ്യം അമേരിക്കയാണ്.

apollo-11-14

അപ്പോളോ 11, അപ്പോളോ 14

1973ൽ റഷ്യ വിട്ട ലൂണ 21നു ശേഷം 4 പതിറ്റാണ്ട് ഒരു രാജ്യവും ലാൻഡർ ദൗത്യങ്ങൾ ചന്ദ്രനിലേക്ക് അയച്ചില്ല. സങ്കീർണതയും ചെലവുമായിരുന്നു കാരണം. ഒടുവിൽ 2013ൽ ചൈന ചാങ് ഇ 3 എന്ന ലാൻഡർ ചന്ദ്രനിലിറക്കി അതിനു വിരാമമിട്ടു.

Chang-e-3-5

ചാങ് ഇ 5, ചാങ് ഇ 3

ചൈനയുടെ ഉയര്‍ച്ച

2013-ൽ ചൈന യുട്ടു എന്ന റോവർ ഇറക്കി ചന്ദ്രനിൽ വിജയകരമായി ഇറങ്ങുന്ന മൂന്നാമത്തെ രാജ്യമായി. 2019ല്‍ Yutu-2 എന്നതിലൂടെ ചന്ദ്രന്റെ പര്യവേക്ഷണം ചെയ്യപ്പെടാത്ത മേഖലകളില്‍ എത്തിപ്പെട്ടു. 2020-ൽ 4 പൗണ്ട് ചന്ദ്രനിലെ പാറകളും 2024ല്‍ ചന്ദ്രൻ്റെ പര്യവേക്ഷണം ചെയ്യപ്പെടാത്ത ഭാഗത്ത് നിന്ന് പാറകളും മണ്ണും ചൈന ഭൂമിയിലെത്തിച്ചു. നാസയുടെ ഏറ്റവും വലിയ എതിരാളിയായി കാണുന്ന ചൈന,  203ഓടെ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

റഷ്യയുടെ തകര്‍ച്ച

ലൂണ 25ലൂടെ 2023ൽ, ഏകദേശം അരനൂറ്റാണ്ടിനു ശേഷമുള്ള ചാന്ദ്രദൗത്യത്തിലൂടെ സോഫ്റ്റ്ലാന്‍ഡിങിന് റഷ്യ ശ്രമിച്ചെങ്കിലും ബഹിരാകാശ പേടകം ചന്ദ്രനിൽ ഇടിച്ചിറക്കേണ്ടി വന്നു. 

ഇന്ത്യയുടെ സോഫ്റ്റ്ലാന്‍ഡിങ്

chandrayaan-isro-image

ചന്ദ്രയാന്‍ 3

2008 ഒക്ടോബർ 22ന്  ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ 1 വിക്ഷേപിച്ചു. ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിനുള്ള തെളിവായി മൂൺ ഇംപാക്ട് പ്രോബ് എന്ന ഇംപാക്ടർ, ഓർബിറ്ററിൽ നിന്നു വേർപെട്ട് ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി. ചന്ദ്രനിൽ ജലത്തിന്റെ സാന്നിധ്യം ഉറപ്പിച്ചു. 2019 സെപ്റ്റംബര്‍ ഏഴിന് പുലച്ചെ നടന്ന ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ്ലാന്‍ഡിങ് അവസാനഘട്ടത്തില്‍ പരാജയപ്പെട്ടു. ചന്ദ്രോപരിതലത്തിന് 2.1 കിമീ ഉയരത്തില്‍വെച്ച് വിക്രം ലാന്‍ഡറുമായുളള ബന്ധം ഓര്‍ബിറ്ററിന് നഷ്ടപ്പെട്ടു. 2024 ഓഗസ്റ്റ് 23ന് ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ്ലാന്‍ഡ് ചെയ്തതോടെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ്ലാന്‍ഡ് ചെയ്യുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. റഷ്യയുടെ ക്രാഷ് ലാൻഡിങിന് നാല് ദിവസത്തിന് ശേഷമാണ് ഇന്ത്യയുടെ  വിജയം.

ജപ്പാൻ അഞ്ചാമത്തെ രാജ്യം

ജനുവരിയിൽ ബഹിരാകാശ പേടകം തൊട്ടതോടെ ചന്ദ്രനിൽ വിജയകരമായി ഇറങ്ങുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ.  സൗരോർജ്ജം ഉൽപ്പാദിപ്പിക്കാനുള്ള കഴിവിൽ വീഴ്ച സംഭവിച്ചതിനാല്‍ തെറ്റായ സ്ഥലത്ത് ഇടിച്ചിറങ്ങുകയായിരുന്നു.

ചന്ദ്രനിൽ ഇറങ്ങാനുള്ള സ്വകാര്യ ശ്രമങ്ങൾ

2019ല്‍ ബെറഷീറ്റ് എന്ന ലാൻഡർ ഇസ്രയേൽ വിക്ഷേപിച്ചെങ്കിലും സോഫ്റ്റ് ലാൻഡിങ് നടന്നില്ല. ചന്ദ്രയാൻ 2ലെ വിക്രമിനെപ്പോലെ തന്നെ താഴോട്ടിറക്ക ഘട്ടത്തിൽ ബെറഷീറ്റുമെത്തിയിരുന്നു. എന്നാൽ അവസാനപാദത്തിൽ ബ്രേക്കിങ് ത്രസ്റ്ററുകൾ പ്രവർത്തനരഹിതമായി. ഒരു ജാപ്പനീസ് സംരംഭകന്റെ കമ്പനിയായ ഇസ്‌പേസ് 2023-ൽ ഒരു ചാന്ദ്ര ലാൻഡർ വിക്ഷേപിച്ചു, പക്ഷേ അതും തകർന്നു.

Intuitive Machines ആണ് സുരക്ഷിതമായ മൂൺ ലാൻഡിങ് നേടുന്ന ആദ്യത്തെ സ്വകാര്യ സ്ഥാപനം. 2024-ൽ ലാൻഡർ വശത്തേക്ക് മറിഞ്ഞെങ്കിലും പരിമിതമായി ആശയവിനിമയം നടത്തി. അതേ വർഷം തന്നെ മറ്റൊരു യുഎസ് കമ്പനിയായ ആസ്ട്രോബോട്ടിക് ടെക്നോളജി ചന്ദ്രനിലേക്ക് ഒരു ലാൻഡർ അയയ്ക്കാൻ ശ്രമിച്ചെങ്കിലും ഇന്ധന ചോർച്ച കാരണം അത് ഉപേക്ഷിക്കേണ്ടിവന്നു, ഒടുവിൽ ഭൂമിയിലേക്ക് മടങ്ങുകയും പസഫിക്കിന് മുകളിലൂടെ കത്തിയമരുകയും ചെയ്തു.

നാസയ്ക്ക് വേണ്ടി പരീക്ഷണങ്ങൾ നടത്തി ഫയർഫ്ലൈ ബ്ലൂ ഗോസ്റ്റിനെ ഇറക്കിയതിന്  പിന്നാലെ കൂടുതല്‍ സ്വകാര്യ കമ്പനികള്‍ ചാന്ദ്രപര്യവേഷണങ്ങള്‍ നടത്താന്‍ പദ്ധതിയുണ്ട്. ഇന്റ്യൂസീവ് മെഷീന്‍സും ഐസ്‌പേസും കൂടുതൽ ചാന്ദ്രപര്യവേഷണങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

ENGLISH SUMMARY:

Texas-based private company Firefly Aerospace has successfully landed its Blue Ghost lander near the Mare Crisium crater on the Moon. The lander, part of NASA’s Artemis program, is equipped with ten scientific instruments to study lunar dust, surface composition, and the interaction between solar wind and Earth's magnetic field. This milestone comes amid increasing private-sector participation in lunar exploration. With a history of both successes and failures, lunar missions remain among the most complex space endeavors. More private companies, including Intuitive Machines and iSpace, are planning future Moon missions.