എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
വരുംകാലങ്ങളില്‍ റൊബോട്ടുകള്‍ പ്രസവിക്കാന്‍ തുടങ്ങിയാല്‍ എങ്ങനെയിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? വെറും സയന്‍സ് ഫിക്ഷന്‍ ആശയമല്ല! മറിച്ച് ലോകത്താദ്യമായി പ്രസവിക്കാന്‍ കഴിവുള്ള റോബോട്ടിനെ വികസിപ്പിച്ചെടുക്കാന്‍ ചൈന ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഒരു ജീവിയിലെ ഗർഭധാരണം മുതൽ പ്രസവം വരെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തമുള്ള റോബോട്ടിനെ വികസിപ്പിച്ചെടുക്കാൻ ചൈനീസ് ശാസ്ത്രജ്ഞർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്. സിംഗപ്പൂരിലെ നന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനായ ഡോ. ഷാങ് ക്വിഫെങ്ങിന്റെ നേതൃത്വത്തിലുള്ള ഗ്വാങ്ഷോ ആസ്ഥാനമായുള്ള കൈവ ടെക്നോളജിയാണ് റോബോട്ടിനെ വികസിപ്പിക്കുന്നത്.
ഈ സാങ്കേതികവിദ്യ എന്താണെന്ന് കൃത്യമായി പുറത്തുവന്നിട്ടില്ലെങ്കിലും ഒരു കൃത്രിമ ഗര്‍ഭപാത്രത്തിനുള്ളില്‍ ഗര്‍ഭസ്ഥ ശിശുവിനെ വളര്‍ത്തിയെടുക്കാനും ട്യൂബ് വഴി പോഷകങ്ങള്‍ നല്‍കാനും കഴിവുള്ള റൊബോട്ടുകളെയാണ് നിര്‍മ്മിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വെറും ഇൻകുബേറ്ററല്ല, മറിച്ച് വയറ്റില്‍ കൃത്രിമ ഗര്‍ഭപാത്രവുമായുള്ള ഹ്യൂമനോയിഡുകളായിരിക്കും എത്തുക. ഈ കൃത്രിമ ഗര്‍ഭപാത്രത്തിനുള്ളില്‍ ഭ്രൂണത്തിന് വളരാന്‍ ആവശ്യമായ കൃത്രിമ അമ്നിയോട്ടിക് ദ്രവവും ഉണ്ടായിരിക്കും. എന്നിരുന്നാലും, അണ്ഡവും ബീജവും തമ്മിലുള്ള സങ്കലനം എങ്ങനെയായിരിക്കും എന്നതടക്കമുള്ള സുപ്രധാന വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയിട്ടില്ല.
പദ്ധതി വിജയിച്ചാല്‍ പ്രത്യുല്‍പാദനരംഗത്ത് വലിയ വിപ്ലവത്തിനായിരിക്കും ഈ ‘പ്രസവിക്കും റൊബോട്ടുകള്‍’ തുടക്കം കുറിക്കുക. വന്ധ്യത വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും ഗര്‍ഭം ധരിക്കാതെ തന്നെ ഒരു കുഞ്ഞ് വേണം എന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഈ സാങ്കേതിക വിദ്യ സഹായകമാകും. ഇതിനകം പദ്ധതി പൂര്‍ണതയിലേക്ക് അടുക്കുകയാണെന്നാണ് ഡോ. ഷാങ് ക്വിഫെങ് അവകാശപ്പെടുന്നത്. കൃത്രിമ ഗര്‍ഭപാത്രം നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ പൂര്‍ണമായിട്ടുണ്ടെന്നും. ഇനി അത് ഒരു റോബോട്ടിന്‍റെ വയറ്റില്‍ സ്ഥാപിക്കേണ്ടതുണ്ട്. അങ്ങനെ ഒരു യഥാർത്ഥ വ്യക്തിക്കും റോബോട്ടിനും ഗര്‍ഭധാരണത്തിനായി ഇടപഴുകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം മൃഗങ്ങളില്‍ മികച്ച ഫലം ഈ സാങ്കേതികവിദ്യയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഗർഭസ്ഥ ശിശുവും മാതാവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ആശങ്കകളും ഈ സാങ്കേതിക വിദ്യയെ ചുറ്റിപ്പറ്റി ഉയരുന്നുണ്ട്. അണ്ഡങ്ങളുടെയും ബീജത്തിന്റെയും ഉറവിടം, കുട്ടിയുടെ മേലുണ്ടാകുന്ന മാനസിക ആഘാതം എന്നിവ ഉൾപ്പെടെയുള്ള ധാർമ്മിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇത് തുടക്കമിട്ടു കഴിഞ്ഞു. അമ്മയുമായി ബന്ധമില്ലാതെ ഒരു ഗർഭസ്ഥ ശിശു ജനിക്കുന്നത് ക്രൂരമാണെന്നും അത് മനുഷ്യ ധാർമ്മികതയെ പൂർണ്ണമായും ലംഘിക്കുന്നുവെന്നുമാണ് സാങ്കേതികവിദ്യയെ കുറിച്ച് ഉയരുന്ന വിമര്‍ശനങ്ങള്‍.
അതേസമയം, ഈ സാങ്കേതികവിദ്യ പ്രത്യുൽപാദന രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്നും ലോകമെമ്പാടുമുള്ള ഏകദേശം 15 ശതമാനം ദമ്പതികളെ ബാധിക്കുന്ന വന്ധ്യത ചികില്‍സയ്ക്ക് പുതിയ വഴികള്‍ തുറക്കുമെന്നുമാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. ഏകദേശം 100,000 യുവാൻ (14,000 യുഎസ് ഡോളര്‍) ചെലവാണ് റോബോട്ടിന് കണക്കാക്കുന്നത്, ഇതിന്‍റെ പ്രോട്ടോടൈപ്പ് 2026 ൽ പുറത്തിങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.