• ബാലിസ്റ്റിക് മിസൈല്‍, യുദ്ധവിമാനങ്ങള്‍, ആളില്ലാ വ്യോമ സംവിധാനങ്ങള്‍, കാമികാസെ ഡ്രോണുകള്‍, 40 കിലോ മീറ്റര്‍ മുതല്‍ 400 കിലോ മീറ്റര്‍ വരെ റേഞ്ചുള്ള ലോയിറ്ററിങ് അമ്യൂണിഷന്‍ എന്നിവ പ്രതിരോധിക്കാന്‍ ഇതിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്

പാക്കിസ്ഥാന് വിദേശ ശക്തികളില്‍ നിന്നുള്ള സൈനിക സഹായങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനായി മൂന്ന് S-400  വ്യോമപ്രതിരോധം കൂടി വിന്യസിക്കാന്‍ ഇന്ത്യ. അഞ്ചാമത്തെ S-400 വ്യോമപ്രതിരോധമാകും നിയന്ത്രണ രേഖ വരുന്ന 740 കിലോമീറ്റര്‍ കാക്കാന്‍ സജ്ജമാക്കുന്നതെന്നും ഫെബ്രുവരിയോടെ ഇതിന്‍റെ വിന്യാസം പൂര്‍ത്തിയാകുമെന്നും സൈന്യത്തിലെ ഉന്നതരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

നിലവില്‍ മൂന്ന് S-400 ലോങ് റേഞ്ച് സംവിധാനങ്ങളാണ് വ്യോമപ്രതിരോധത്തിനായി പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുള്ളത്. അരുണാചല്‍ പ്രദേശിലെ യഥാര്‍ഥ നിയന്ത്രണരേഖയിലേക്കായി നാലാമത്തേത് അസമിലുമുണ്ട്. 116 കിലോമീറ്റര്‍ നീളത്തിലാണ് ചൈനയുമായുള്ള യഥാര്‍ഥ നിയന്ത്രണ രേഖ. ചൈനയും തുര്‍ക്കിയും പാക്കിസ്ഥാനിലേക്ക് ഹാര്‍ഡ്​വെയര്‍ സപ്ലൈ മുന്‍പെന്നത്തേക്കാളും വര്‍ധിപ്പിച്ചിരിക്കുകയാണ്. സൗദിയില്‍ നിന്ന് യഥേഷ്ടം പണമെത്തുമ്പോള്‍ യുഎസ് കൂടുതല്‍ F-16 വിമാനങ്ങളും നല്‍കാന്‍ ധാരണയായി. ഇതോടെയാണ് പ്രതിരോധം കൂടുതല്‍ കരുത്തുറ്റതാക്കാനും ഏത് സാഹചര്യത്തെയും നേരിടാനും സൈന്യവും സുസജ്ജമാകുന്നത്. 

S-400 വാങ്ങുന്നതിനായി ഇന്ത്യന്‍ വ്യോമസേനയിലെ ഇന്‍സ്പെക്ഷന്‍ സംഘം അടുത്തമാസം റഷ്യ സന്ദര്‍ശിക്കുമെന്നും ഫെബ്രുവരിയോടെ വിന്യാസം പൂര്‍ത്തിയാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിന് പുറമെ അഞ്ച് S-400 വ്യോമപ്രതിരോധങ്ങള്‍ കൂടി അടുത്ത വര്‍ഷം റഷ്യയില്‍ നിന്ന് വാങ്ങാന്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. ബാലിസ്റ്റിക് മിസൈല്‍, യുദ്ധവിമാനങ്ങള്‍, ആളില്ലാ വ്യോമ സംവിധാനങ്ങള്‍, കാമികാസെ ഡ്രോണുകള്‍, 40 കിലോ മീറ്റര്‍ മുതല്‍ 400 കിലോ മീറ്റര്‍ വരെ റേഞ്ചുള്ള ലോയിറ്ററിങ് അമ്യൂണിഷന്‍ എന്നിവ പ്രതിരോധിക്കാന്‍ ഇതിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്ക്ക് S-400 വലിയ മേല്‍ക്കൈ നേടിത്തന്നിരുന്നു. പാക്കിസ്ഥാന്‍ തൊടുത്ത ഒരു ബാലിസ്റ്റിക് മിസൈലോ റോക്കറ്റോ ഇന്ത്യന്‍ മണ്ണില്‍ വീഴാതെ ചെറുത്തത് S-400 എന്ന വ്യോമകവചമായിരുന്നു. 

ENGLISH SUMMARY:

India is planning to deploy an additional S-400 air defence system along the Pakistan border to strengthen its aerial security amid growing military support for Pakistan from foreign countries. According to a Hindustan Times report citing senior military officials, the fifth S-400 system is expected to help protect the 740-km Line of Control, with deployment scheduled for completion by February. India currently operates three S-400 systems in Punjab, Rajasthan and Gujarat, while another is positioned in Assam to strengthen defences along the China border. The Indian Air Force is also planning further acquisitions from Russia, as the S-400 system is credited with playing a significant role in intercepting Pakistani aerial threats during Operation Sindoor.