പാക്കിസ്ഥാന് എ ടീമിനെതിരെ 48 റണ്‍സിന്റെ തോല്‍വി വഴങ്ങിയതിന് പിന്നാലെ ബാറ്റര്‍മാരെ കുറ്റപ്പെടുത്തിയുള്ള ക്യാപ്റ്റന്‍ തിലക് വര്‍മയുടെ വാക്കുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ഏകദിനം ടെസ്റ്റ് പോലെ മുട്ടിക്കളിച്ച് പാക്കിസ്ഥാനോട് തോറ്റമ്പിയിട്ടും വാചകമടിക്ക് കുറവില്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ കമന്റുകള്‍. 149 പന്തില്‍ നിന്നാണ് താരം സെഞ്ചറി നേടിയത്. തിലക് സെഞ്ചറി നേടിയെങ്കിലും ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ തോല്‍ക്കുകയായിരുന്നു. പാക്കിസ്ഥാന് അടിച്ചു കൂട്ടിയ 314 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്ന്ന് ഇറങ്ങിയ ഇന്ത്യ 49.1 ഓവറില്‍ 265 ഓള് ഔട്ടാകുകയായിരുന്നു.
'ഒരു ബാറ്ററെങ്കിലും എന്നെ പിന്തുണയ്ക്കാനുണ്ടായിരുന്നുവെങ്കില് ഞാന്‍ കളി ജയിപ്പിച്ചേനെ. അഭിഷേക് നല്കിയ തുടക്കവും ഷഹബാസിന്റെ പ്രകടനവും നിര്‍ണായകമായി. ദൗര്‍ഭാഗ്യവശാല്‍ ആ മേല്‍ക്കൈ തുടരാന്‍ കഴിഞ്ഞില്ല' എന്നായിരുന്നു തിലകിന്റെ വാക്കുകള്‍. കടുത്ത ഭാഷയിലാണ് തിലകിന്റെ വാക്കുകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. ജയിക്കേണ്ട കളി തോല്‍പ്പിച്ചിട്ട് സഹതാരങ്ങളെ കുറ്റപ്പെടുത്താന്‍ കുറച്ചെങ്കിലും നാണം വേണമെന്നായിരുന്നു എക്സിലെ കമന്റുകളിലൊന്ന്. നാണംകെട്ട തോല്‍വിയായിപ്പോയി എന്നും പലരും കുറ്റപ്പെടുത്തി. തിലകിന്റെ മുട്ടിക്കളി കാരണമാണ് അഭിേഷകിന് വിക്കറ്റ് നഷ്ടമായതെന്നും പിന്നാലെ എത്തിയവരും സമ്മര്ദത്തിലായിപ്പോയതെന്നും ആരാധകര്‍ രോഷം കൊള്ളുന്നു. 28 ഡെലിവറികളില്‍ നിന്നാണ് തിലക് ആദ്യ അഞ്ച് റണ്‍സ് നേടിയത്. പാക് ബോളര്‍മാര്‍ വരിഞ്ഞു മുറുക്കിയതോടെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലും തിലകിന് കഴിഞ്ഞില്ല. ഇതോടെ അഭിഷേകും അക്ഷരാര്‍ഥത്തില്‍ വലഞ്ഞിരുന്നു.
സെഞ്ചറി നേടിയെങ്കിലും അതില്‍ കാര്യമില്ലെന്നും കളി ജയിക്കാന്‍ കഴിയാത്തത് നിരാശയാണെന്നും തിലക് പറഞ്ഞു.' കളി ജയിക്കുകയെന്നതാണ് പ്രധാനം. എനിക്കത് കഴിഞ്ഞില്ല. തന്നെയുമല്ല, ഇതെന്റെ മികച്ച പ്രകടനവുമല്ല. ക്യാപ്റ്റാണെങ്കില് ആ സമ്മര്‍ദവും ഉത്തരവാദിത്തവും ഏറ്റെടുക്കണം. സത്യസന്ധമായി പറഞ്ഞാല്‍ ഈ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു' - തിലക് കൂട്ടിച്ചേര്‍ത്തു.
129/6 എന്ന നിലയില്‍ നിന്ന് ഷഹബാസ് അഹമ്മദും തിലകും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 112 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 41 പന്തില്‍ നിന്ന് 56 റണ്‍സാണ് ഷഹബാസ് നേടിയത്. മോശം സമയത്താണ് ഷഹബാസ് പുറത്തായതെന്നും തിലക് മല്‍സരശേഷം പ്രതികരിച്ചു. തുടക്കത്തിലേ ഇന്ത്യയ്ക്ക് വൈഭവിനെ (11) നഷ്ടമായി. ആയുഷ് ബദോനിയും (0) പിന്നാലെ മടങ്ങി. 42 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത അഭിഷേക് തകര്‍ത്തടിച്ചുവെങ്കിലും പിന്നാലെ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണു.