India's K.L. Rahul celebrates after his century during play on day three of the first cricket test against New Zealand in Wellington, New Zealand, Saturday, Nov. 21, 2026. (Andrew Cornaga/Photosport via AP)
കെ എല്‍ രാഹുലും ഋഷഭ് പന്തും ജുറേലും മതിമറന്ന് തലങ്ങും വിലങ്ങും തകര്‍ത്താടിത്തീര്‍ന്നപ്പോള്‍ ഒരു വെടിക്കെട്ടിന്റെ ആലസ്യം. വെല്ലിങ്ടണില്‍ ന്യൂസീലന്‍ഡിനെതിരെ റെക്കോര്‍ഡ് ബുക്ക് തുന്നിച്ചേര്‍ത്തു ടീം ഇന്ത്യ. കീവിസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 368 റണ്‍സിന് മറുപടി പറയാനിറങ്ങി മടങ്ങിയത് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 720 റണ്‍സെടുത്ത്. 352 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിങ്സ് ലീഡോടെ ഇന്ത്യന്‍ ടീം ആത്മവിശ്വാസമേറ്റി.
ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്ട്രേലിയ (SENA) എന്നീ രാജ്യങ്ങളിൽ ടെസ്റ്റ് സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണറെന്ന അപൂര്‍വ ബഹുമതി കെ എല്‍ രാഹുല്‍ സ്വന്തമാക്കി. 136 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഏഷ്യയിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഓപ്പണറാണ് താരം. പാക്ക് താരം സയീദ് അന്‍വറാണ് ഈ നേട്ടത്തില്‍ നേരത്തേയെത്തിയത്. 128 എന്നെണ്ണിയ ഋഷഭ് പന്തും സ്വന്തമാക്കിയത് ചരിത്രനേട്ടം തന്നെ. SENA രാജ്യങ്ങളില്‍ ടെസ്റ്റ് സെഞ്ചറി നേടുന്ന ആദ്യ ഏഷ്യന്‍ വിക്കറ്റ് കീപ്പറാണ് പന്ത്. ഓസ്ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ്, ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്റ്റോ എന്നിവര്‍ക്കു പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പര്‍ കൂടിയാണ് താരം.
85 റണ്‍സ് നേടി യശസ്വി ജയ്സ്വാളും 80 റണ്‍സ് നേടി ദേവ്ദത്ത് പടിക്കലും സാന്നിധ്യം ബലപ്പെടുത്തി. സെഞ്ചറിക്ക് രണ്ട് റണ്‍സ് അകലെ 98 റണ്‍സ് നേടി ശുഭ്മന്‍ ഗില്‍ പുറത്തായി. അന്‍ഷുല്‍ കാംബോജിന്റെ 38റണ്‍സും സ്കോര്‍ ബോര്‍ഡില്‍ തിളക്കമേറ്റി. ആദ്യത്തെ ഏഴു വിക്കറ്റുകളും സ്ഥിരതയാര്‍ന്നതായിരുന്നു എന്നതാണ് ടീം ഇന്ത്യയുടെ നേട്ടം. 50റണ്‍സിലധികം ഈ കൂട്ടുകെട്ടുകളില്‍ പിറന്നത് അപൂര്‍വ നേട്ടമായി മാറി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം ആദ്യ ഏഴ് വിക്കറ്റുകളിലും അർധസെഞ്ചറി കൂട്ടുകെട്ടുകൾ സൃഷ്ടിക്കുന്നത്.
India's Rishabh Pant celebrates his century with teammate Dhruv Jurel, right, during play on day four of the first cricket test between New Zealand and India in Wellington, New Zealand, Sunday, Nov. 22, 2026. (AP/PTI)(AP11_22_2026_000005B)
വെല്ലിങ്ടണിൽ ഇന്ത്യ നേടിയ 720/9 എന്ന സ്കോർ ടെസ്റ്റ് ക്രിക്കറ്റിലെ ടീമിന്റെ മൂന്നാമത്തെ ഉയർന്ന സ്കോറാണ്. ന്യൂസീലൻഡിനെതിരായ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോറും ന്യൂസീലൻഡിൽ ഏതെങ്കിലും ടീം നേടുന്ന ഏറ്റവും ഉയർന്ന ഇന്നിങ്സ് സ്കോറും ഇതുതന്നെ. 2016ൽ ഇംഗ്ലണ്ടിനെതിരെ ചെന്നൈയിൽ നേടിയ 759/7 ആണ് ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോർ. 2009ൽ ശ്രീലങ്കയ്ക്കെതിരെ ബ്രാബോൺ സ്റ്റേഡിയത്തിൽ നേടിയ 726/9 ആണ് രണ്ടാമത്.
ടെസ്റ്റിൽ 700 റൺസിന് മുകളിൽ സ്കോർ നേടുന്ന ഇന്ത്യയുടെ അഞ്ചാമത്തെ ഇന്നിങ്സാണിത്. ഏഴ് തവണ ഈ നേട്ടം കൈവരിച്ച ശ്രീലങ്കയാണ് പട്ടികയിൽ ഒന്നാമത്. അഞ്ച് തവണ 700 കടന്ന ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, വെസ്റ്റ് ഇൻഡീസ് ടീമുകൾ നാല് തവണ വീതം ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
14 സിക്സറുകള്‍ പറത്തിയും ഇന്ത്യന്‍ ബാറ്റര്‍മാര്‍ തിളങ്ങി. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ ഒരു ഇന്നിങ്സിൽ നേടുന്ന ഏറ്റവും ഉയർന്ന സിക്സർ നേട്ടങ്ങളിൽ നാലാം സ്ഥാനത്താണിത്. 2024ൽ ഇംഗ്ലണ്ടിനെതിരെ രാജ്കോട്ടിൽ നേടിയ 18 സിക്സറുകളാണ് ഒന്നാമത്. വ്യക്തിഗത നേട്ടങ്ങളിലും പന്ത് പുതിയ റെക്കോര്‍ഡുകള്‍ അടിച്ചുചേര്‍ത്തു.
ഒൻപതാം ടെസ്റ്റ് സെഞ്ചറി നേടിയതോടെ വിക്കറ്റ് കീപ്പറായി കളിച്ച താരങ്ങളുടെ പട്ടികയിൽ ഇംഗ്ലണ്ടിന്റെ ലെസ് ആംസിനൊപ്പം മൂന്നാം സ്ഥാനത്തെത്തി. ആദം ഗിൽക്രിസ്റ്റ് (17), ആൻഡി ഫ്ലവർ (12) എന്നിവരാണ് മുന്നിലുള്ളത്. ടെസ്റ്റിൽ പന്തിന്റെ സിക്സർ നേട്ടം 108 ആയി ഉയർന്നു. 107 സിക്സറുകളുള്ള ബ്രണ്ടൻ മക്കല്ലത്തെ മറികടന്ന് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താനും പന്തിനായി. 138 സിക്സറുകളുമായി ബെൻ സ്റ്റോക്സാണ് ഒന്നാമത്.