ഫുട്ബോളില്‍ വീണ്ടും ചാരന്മാര് തലപൊക്കിയിരിക്കുന്നു. ഇക്കുറി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലന ദൃശ്യങ്ങളാണ് ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ചത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലന സെഷൻ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച് യൂട്യൂബിൽ അപ്ലോഡ് ചെയ്തത് വിവാദമാകുന്നു. പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോയുടെ ആദ്യ പരിശീലന സെഷന്റെ ഏകദേശം 12 മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് ഡ്രോൺ പകർത്തിയത്. കാരിങ്ടണിലെ പരിശീലന കേന്ദ്രത്തിൽ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.
CC OVERVIEW എന്ന യൂട്യൂബ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. നിയന്ത്രണങ്ങളില്ലാത്ത വ്യോമമേഖലയിലാണ് ഡ്രോൺ പറത്തിയതെന്നും നിയമപരമായാണ് ചിത്രീകരണം നടത്തിയതെന്നും തന്ത്രപ്രധാനമായ പരിശീലന വിവരങ്ങളൊന്നും പകർത്തിയിട്ടില്ലെന്നുമാണ് ഡ്രോണ്‍ ഓപ്പറേറ്ററുടെ വിശദീകരണം. സംഭവത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഫുട്ബോളിൽ ആദ്യമായാണ് പരിശീലന ദൃശ്യങ്ങള്‍ അനധികൃതമായി ചിത്രീകരിക്കുന്നത്. 2023ൽ ബ്രൈറ്റണെതിരായ മത്സരത്തിന് മുന്നോടിയായി ലെസ്റ്റർ സിറ്റിയുടെ പരിശീലനം ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ചതായി കണ്ടെത്തിയിരുന്നു. 2024 ലെ പാരിസ് ഒളിംപിക്സില്‍ ന്യൂസിലൻഡ് വനിതാ ടീമിന്റെ പരിശീലനം ചിത്രീകരിച്ച കാനഡയുടെ ആറ് പോയിന്റ് വെട്ടിക്കുറച്ചിരുന്നു.