ഇന്ത്യന്‍ സൈന്യത്തിന്റെയും പ്രതിരോധ മന്ത്രാലയവുമായി ബന്ധമുള്ള ഔദ്യോഗികവും അല്ലാത്തതുമായ വാട്സാപ് ഗ്രൂപ്പുകളില്‍ പാക് ചാരന്മാര് നുഴഞ്ഞുകയറിയതായി കണ്ടെത്തല്‍. പ്രതിരോധ, അര്‍ധ സൈനിക, സിവില്‍ ഡിഫന്‍സ് മേഖലകളിലെ വിവിധ വാട്സാപ്പ് ഗ്രൂപ്പുകള്‍ക്കാണ് മുന്നറിയിപ്പും ഓഡിറ്റിങ് നിര്‍ദേശവും നല്‍കിയത്. ഗ്രൂപ്പുകളില്‍ വരുന്ന ഔദ്യോഗിക രേഖകളും മറ്റും ചോര്‍ത്തുന്നുവെന്നാണ് കണ്ടെത്തല്‍.
തന്ത്രപ്രധാന ചുമതലയുള്ളവരെ ലക്ഷ്യമിട്ടാണ് നീക്കമെന്നും മൂന്നുമാസത്തെ നിരീക്ഷണത്തിനൊടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൈബര്‍ ഏജന്‍സികള്‍ വ്യക്തമാക്കി. എന്‍എസ്ജി, സിആര്‍പിഎഫ് എന്നിവരുമായി ബന്ധപ്പെട്ട ഗ്രൂപ്പുകള്പ്പടെ പട്ടികയിലുണ്ട്. ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വാട്സാപ് ഗ്രൂപ്പില്‍ കയറിക്കൂടുന്ന ചാരന്മാര് നിശബ്ദമായി ഗ്രൂപ്പിലെ ചാറ്റുകള്‍ നിരീക്ഷിക്കുന്നുവെന്നാണ് സൂചന. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റമടക്കമുള്ള വിവരങ്ങള്‍ ഇത്തരം ഗ്രൂപ്പുകളിലൂടെ പങ്കുവയ്ക്കപ്പെട്ടിരുന്നു.
വാട്സാപ് വെബ് ഉപയോഗിക്കുമ്പോള്‍ വിവരച്ചോര്‍ച്ചയ്ക്ക് സാധ്യതയുമ്ടെന്ന് ആഭ്യന്തര മന്ത്രാലയം ഇന്നലെ പൊതുജനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. തന്ത്രപ്രധാന വിവരങ്ങള്‍, സാമ്പത്തിക വിവരങ്ങള്‍, രഹസ്യ വിവരങ്ങള്‍ എന്നിവ വാട്സാപ് വെബ് വഴി കൈമാറുന്നത് ഒഴിവാക്കണമെന്നാണ് നാഷനല്‍ സൈബര്‍ ക്രൈം ത്രെട്ട് അനലറ്റിക്സ് യൂണിറ്റ്, ഇന്ത്യന്‍ സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്റര്‍ എന്നിവ മുന്നറിയിപ്പ് നല്‍കിയത്. വാട്സാപ് വെബ് പ്രൈവറ്റ് മോഡിലോ, ഇന്‍കോഗ്നിറ്റോ മോഡിലേ വാട്സാപ് തുറക്കാവൂവെന്നും ആവശ്യം കഴിഞ്ഞാലുടന്‍ ലോഗൗട്ട് ചെയ്യണമെന്നും പൊതുവായി ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളില്‍ വാട്സാപ് വെബ് ഉപയോഗിക്കരുതെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരുന്നു.