കൊല്ലം ഇരവിപുരം മാടൻതടയിലെ സായയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുവായ യുവതി രംഗത്ത്. സായയുടെ ഭർത്താവ് അഫ്സലിനും വീട്ടുകാർക്കും മരണത്തിൽ പങ്കുണ്ടെന്നും തൂങ്ങിമരിക്കാൻ ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന ഷാൾ സായ ഉപയോഗിക്കുന്നതല്ലെന്നും യുവതി ചൂണ്ടിക്കാട്ടി.
ലഹരിമരുന്ന് കേസിൽ ഉൾപ്പെടെ പ്രതിയായ ആളാണ് അഫ്സലെന്നും സായയെ മരിച്ച നിലയിൽ കണ്ടെത്തിയ മുറി പൊലീസ് എത്തും മുൻപ് വൃത്തിയാക്കിയത് എന്തിനാണെന്ന് അന്വേഷിക്കണമെന്നും യുവതി പറഞ്ഞു. ഒക്ടോബർ 31 ന് സായ മരിച്ചിട്ടും പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ല. ഒക്ടോബർ 31-ാം തീയതി രാത്രിയാണ് സായയെ ഭർത്താവ് അഫ്സലിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സായ ആത്മഹത്യ ചെയ്യില്ലെന്നും മരണം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് തങ്ങളെ വിവരം അറിയിച്ചതെന്നും നേരത്തേ സായയുടെ കുടുംബവും പറഞ്ഞിരുന്നു. സായയുടെ ഒരു ലാപ്ടോപ് നഷ്ടമായിട്ടുണ്ട്. അത് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും സായയുടെ അമ്മ പറയുകയുണ്ടായി. സായ ഭര്‍തൃവീട്ടില്‍ പ്രശ്നങ്ങള്‍ നേരിട്ടിരുന്നെന്ന് സായയുടെ സുഹൃത്തും ആരോപിക്കുന്നുണ്ട്. ജോലി കിട്ടിയിട്ടും അഫ്സല് ജോലിക്ക് വിട്ടില്ലെന്ന് സായ പറഞ്ഞിരുന്നു. വസ്തു എഴുതി നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും സുഹൃത്ത് മരണത്തിന് പിന്നാലെ പ്രതികരിച്ചിരുന്നു.
സായ മരിച്ച സംഭവത്തിൽ അന്വേഷണം തൃപ്തികരമല്ലെന്നാണ് കുടുംബത്തിന്റെ പരാതി. മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ രക്ഷിതാക്കൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും വനിതാ കമ്മീഷനും നേരത്തേ പരാതി നൽകിയിരുന്നു. അഫ്സലിന്റെ അമ്മാവൻ ഭൂമി എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തിയെന്ന് ഈ പരാതിയിലുണ്ട്. ഇത് സായയെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നും കുടുംബം പറയുന്നു.