സൗന്ദര്യവർധക വസ്തുക്കളുടെ വില്‍പനയ്ക്ക് ലൈസൻസും റജിസ്ട്രേഷനും കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം. അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷിനോട് മന്ത്രി കെ.മുരളീധരൻ നിർദ്ദേശിച്ചു. ഓൺലൈൻ വഴിയടക്കം വിൽക്കുന്ന വ്യാജ ഉൽപ്പന്നങ്ങൾക്ക് തടയിടാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കൂടാതെ, വ്യാജ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെയും കടുത്ത നടപടിയ്ക്ക് ഒരുങ്ങുകയാണ് സർക്കാർ. ഇത്തരം ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് ആരോഗ്യമന്ത്രി കത്ത് നൽകിയിരുന്നു. ഇൻഫ്ലുവൻസർമാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകണമെന്നും അനുവദനീയമായ പരിധിയിൽ കൂടുതൽ രാസവസ്തുക്കൾ അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽപ്പന നടത്തുന്നതായും കത്തില്‍ പറയുന്നു.

ഉൽപ്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രചാരണങ്ങൾ തടയണമെന്നാണ് ആവശ്യം. വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ ഗുരുതര വൃക്ക രോഗങ്ങളും ചർമ്മ രോഗങ്ങളും ഉണ്ടാക്കുന്നതായി കണ്ടെത്തിയതിന് തുടർന്നാണ് ആരോഗ്യവകുപ്പ് നടപടി.

ENGLISH SUMMARY:

The government is moving to make licenses and registration mandatory for selling cosmetics, including through online platforms. The health minister has directed the Additional Chief Secretary of the Health Department to submit an urgent report with measures to curb fake products.