Image Credit: X

Image Credit: X

  • വലിയ യുദ്ധക്കപ്പലുകള്‍ക്ക് കടന്നു ചെല്ലാന്‍ കഴിയാത്ത ആഴം കുറഞ്ഞ ജലാശയങ്ങളിലും തീരക്കടല്‍ മേഖലകളിലും മംഗ്രോള്‍ ഉപയോഗിക്കാന്‍ കഴിയും. കടലിനടിയിലെ അതിസൂക്ഷ്മ നിരീക്ഷണത്തിനും മൈനുകള്‍ കണ്ടെത്താനും മംഗ്രോളിന് സാധിക്കും

നാവികസേനയ്ക്ക് കരുത്തുകൂട്ടി ഇന്ത്യയുടെ മൂന്നാമത്തെ അന്തര്‍വാഹിനിവേധ യുദ്ധക്കപ്പല്‍ (Anti-Marine Warfare Shallow Watercraft) മംഗ്രോള്‍ ഇന്ന് കമ്മിഷന്‍ ചെയ്യും. വലിയ യുദ്ധക്കപ്പലുകള്‍ക്ക് കടന്നു ചെല്ലാന്‍ കഴിയാത്ത ആഴം കുറഞ്ഞ ജലാശയങ്ങളിലും തീരമേഖലകളിലും മംഗ്രോളിന് എത്താന്‍ കഴിയും. കടലിനടിയിലെ സൂക്ഷ്മ നിരീക്ഷണത്തിനും മൈനുകള്‍ കണ്ടെത്താനും മംഗ്രോളിന് സാധിക്കും. ശത്രുവിന്റെ അന്തര്‍വാഹിനി ഭീഷണികള്‍ ഞൊടിയിടയില്‍ കണ്ടെത്താനും അവയെ ഫലപ്രദമായി പ്രതിരോധിക്കാനും ശേഷിയുള്ളതാണ് മംഗ്രോളെന്ന് സൈന്യം വ്യക്തമാക്കി. 

അത്യാധുനിക ആയുധങ്ങളും സെന്‍സറുകളും ഉള്‍ക്കൊള്ളിച്ചാണ് ഈ ആന്‍റി മറീന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റ് നിര്‍മിച്ചിരിക്കുന്നത്. ‘അഭയ്’ ഹള്‍ മൗണ്ടഡ് സോണാര്‍, തീരെ ഭാരമില്ലാത്ത ടോര്‍പിഡോകള്‍, തദ്ദേശീയമായി വികസിപ്പിച്ച അന്തര്‍വാഹിനി വേധ റോക്കറ്റ് ലോഞ്ചര്‍, ‘മാരീച്’ അഡ്വാന്‍സ്ഡ് ടോര്‍പിഡോ ഡീകോയ് സംവിധാനം എന്നിവ മംഗ്രോളിലുണ്ട്. മൂന്ന് ഡീസല്‍ എന്‍ജിനുകളും വാട്ടര്‍ജെറ്റ് പ്രൊപ്പല്‍ഷന്‍ സംവിധാനവും കപ്പലിന്‍റെ കാര്യക്ഷമത കൂട്ടുന്നു. 

മംഗ്രോളിലെ 80 ശതമാനത്തിലധികം ഭാഗങ്ങളും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്. യുദ്ധക്കപ്പല്‍ രൂപകല്‍പ്പന, നിര്‍മാണം, അത്യാധുനിക ആയുധങ്ങളും സെന്‍സറുകളും സ്ഥാപിക്കല്‍ എന്നിവയില്‍ രാജ്യം കൈവരിച്ച വൈദഗ്ധ്യം വിളിച്ചോതുന്നത് കൂടിയാണ് മംഗ്രോള്‍. മെയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികളുടെ ഭാഗമായി കൊച്ചിന്‍ ഷിപ്‌യാര്‍ഡാണ് മംഗ്രോള്‍ നിര്‍മിച്ചത്. മുംബൈയിലെ നേവല്‍ ഡോക്​യാര്‍ഡിലാകും കമ്മിഷനിങ് ചടങ്ങ്. 

മറ്റ് യുദ്ധക്കപ്പലുകളും സമുദ്ര നിരീക്ഷണ വിമാനങ്ങളും ഹെലികോപ്റ്ററുകളുമായെല്ലാം ഏകോപിപ്പിക്കുന്നതിലൂടെ ഫലപ്രദമായ ചെറുത്ത് നില്‍പ്പിനും മംഗ്രോള്‍ പര്യാപ്തമാണ്. ഗുജറാത്തിലെ തീരദേശ നഗരമായ മംഗ്രോളിന്‍റെ പേരാണ് അന്തര്‍വാഹിനി വേധ യുദ്ധക്കപ്പലിന് നല്‍കിയത്. നേരത്തേ INS മംഗ്രോള്‍ (M85) എന്ന മൈന്‍ സ്വീപ്പര്‍ കപ്പലും നാവികസേനയ്ക്ക് ഉണ്ടായിരുന്നു. ഇത് 2004 ഏപ്രില്‍ ഏഴിന് ഡീകമ്മിഷന്‍ ചെയ്തു.

ENGLISH SUMMARY:

The Indian Navy is set to commission Mangrol, its third Anti-Submarine Warfare Shallow Water Craft, strengthening India's coastal defence and underwater surveillance capabilities. Designed to operate in shallow waters and coastal regions inaccessible to larger warships, Mangrol can detect underwater mines and identify enemy submarine threats. The vessel is equipped with advanced systems, including the Abhay hull-mounted sonar, lightweight torpedoes, an indigenous anti-submarine rocket launcher and the Maareech advanced torpedo decoy system, powered by three diesel engines and waterjet propulsion