Image Credit: x/IAF_MCC

  • നാഴികക്കല്ലാണ് ഈ നേട്ടമെന്നും ശക്തിയുടെ മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സേവന പാരമ്പര്യം വരും തലമുറകള്‍ക്ക് പ്രചോദനമാകുമെന്നും വ്യോമസേന

രാജ്യത്തെ പ്രതിരോധസേനാ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് ശക്തി ശര്‍മ എയര്‍ വൈസ് മാര്‍ഷല്‍. മെഡിക്കല്‍ ബ്രാഞ്ചില്‍ നിന്നല്ലാതെ എയര്‍ വൈസ് മാര്‍ഷല്‍ അല്ലെങ്കില്‍ തത്തുല്യ പദവിയിലെത്തുന്ന ആദ്യ വനിത ഓഫിസറാണ് ശക്തി ശര്‍മ. ഇന്നലെയാണ് വ്യോമസേനാ ആസ്ഥാനത്ത് അസിസ്റ്റന്‍റ് ചീഫ് ഓഫ് ദി എയര്‍ സ്റ്റാഫ് (എജ്യൂക്കേഷന്‍) ആയി അവര്‍ ചുമതലയേറ്റത്. 

വ്യോമസേനയുടെ ചരിത്രത്തില്‍ നാഴികക്കല്ലാണ് ഈ നേട്ടമെന്നും ശക്തിയുടെ മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സേവന പാരമ്പര്യം വരും തലമുറകള്‍ക്ക് പ്രചോദനമാകുമെന്നും വ്യോമസേന സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 'ഇന്ത്യന്‍ വ്യോമസേനയ്ക്ക് ചരിത്ര നേട്ടം. മെഡിക്കല്‍ ഇതര വിഭാഗത്തില്‍ നിന്നും ഇന്ത്യന്‍ പ്രതിരോധ സേനയില്‍ എയര്‍ വൈസ് മാര്‍ഷല്‍ (തത്തുല്യ) പദവിയിലെത്തുന്ന ആദ്യ വനിതായായി ശക്തി ശര്‍മ ചുമതലയേറ്റു. ഇന്ത്യന്‍ പ്രതിരോധ സേനയിലെ വനിതാ ഓഫിസര്‍മാരുടെ യാത്രയില്‍ പുത്തന്‍ അധ്യായമാണിത് '- എന്നായിരുന്നു കുറിപ്പില്‍. 

ശക്തി ശര്‍മയുടെ നേട്ടം രാജ്യത്തെ നാരീ ശക്തിയുടേത് കൂടിയാണെന്നു ഇന്ത്യന്‍ സൈന്യത്തിന്‍റെ നേതൃനിരയിലേക്ക് വനിതാ ഓഫിസര്‍മാര്‍ കടന്നുവരുന്നതിന്റെ പ്രതിഫലനമാണിതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാകും നിലവിലെ പദവിയില്‍ ഇരുന്ന് ശക്തി ശര്‍മ ഏകോപിപ്പിക്കുക

1994 ജൂൺ 18-ന് IAF-ന്റെ എജ്യൂക്കേഷൻ ബ്രാഞ്ചിൽ ജോയിന്‍ ചെയ്ത ശക്തി ശര്‍മ ഐഐടി കാന്‍പുര്‍, പൂണെ സര്‍വകലാശാല എന്നിവിടങ്ങളില്‍ പ്രതിരോധ മേഖലയിലെ ഗവേഷണങ്ങള്‍ക്കായി 'IAF ചെയർ ഓഫ് എക്സലൻസ്' സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു. കപൂര്‍ത്തലയിലെ സൈനിക സ്കൂളിന്‍റെ പ്രിന്‍സിപ്പലായും ശക്തി ശര്‍മ നേരത്തേ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൂന്ന് പ്രതിരോധ സേനകളില്‍ നിന്നുമായി ഒരു സൈനിക സ്കൂള്‍ പ്രിന്‍സിപ്പലായ ആദ്യ വനിതയും ശക്തിയാണ്.

ENGLISH SUMMARY:

Shakti Sharma has created history in the Indian defense forces by becoming the first female officer from a non-medical branch to be promoted to the rank of Air Vice Marshal (or equivalent). She assumed charge as the Assistant Chief of the Air Staff (Education) at the Air Headquarters. Over her three-decade career starting in June 1994, she initiated key initiatives like the IAF Chair of Excellence at IIT Kanpur and Pune University and became the first woman to serve as the Principal of a Sainik School (Kapurthala).