വ്യോമസേനാ മേധാവി, എയർ ചീഫ് മാർഷൽ എ.പി.സിങ് ഇന്ന് വിരമിക്കുന്നു. സൈനിക മികവിനൊപ്പം ഉറച്ച നിലപാടുകളുടെ പേരിലും ശ്രദ്ധിക്കപ്പെടുന്ന സേവന കാലയളവ് പിന്നിട്ടാണ്, എ.പി.സിങ് പടിയിറങ്ങുന്നത്. വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത് ഇന്ന് ചുമതലയേല്‍ക്കും.
പതിറ്റാണ്ടുകള്‍ക്കിടെ ഇന്ത്യ കണ്ട ഏറ്റവും മികച്ച വ്യോമസേനാ മേധാവിയെന്ന പേരോടെയാണ് എയർ ചീഫ് മാർഷൽ എ.പി.സിങ് വിരമിക്കുന്നത്. ഔദ്യോഗിക പദവിയുടെ ആഡംബരങ്ങളില്ലാതെ കാര്യങ്ങൾ തുറന്നുപറയുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. മാറ്റങ്ങൾ അനിവാര്യമായ മേഖലകളിൽ തീരുമാനമെടുക്കാൻ അദ്ദേഹം മടിച്ചിരുന്നില്ല. തേജസ് യുദ്ധവിമാനത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനോടും അദ്ദേഹം ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. വാഗ്ദാനം ചെയ്ത സമയത്ത് വിമാനങ്ങൾ കൈമാറണമെന്നും അല്ലെങ്കിൽ കൈമാറാമെന്ന് ഉറപ്പുനൽകരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഓപ്പറേഷൻ സിന്ദൂറില്‍ വ്യോമസേനയെ നയിച്ചത് എ.പി.സിങ്ങായിരുന്നു. 2025 മേയ് 10ന് ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനുനേരെ നടത്തിയത്, 1971 ലെ യുദ്ധത്തിനുശേഷമുള്ള ഏറ്റവും ശക്തമായ വ്യോമാക്രമണം. പാക്കിസ്ഥാന്റെ പത്തിലേറെ വ്യോമതാവളങ്ങളും വ്യോമപ്രതിരോധ കേന്ദ്രങ്ങളും മണ്ണോട് ചേര്‍ത്ത ആക്രമണമായിരുന്നു ഇന്ത്യന്‍ വ്യോമസേനയുടേത്.
42 വര്‍ഷത്തെ സേവനത്തിനുശേഷമാണ് എയർ ചീഫ് മാർഷൽ എ.പി.സിങ് വിരമിക്കുന്നത്. മിറാഷ്, മിഗ്, ജാഗ്വാർ, തേജസ് യുദ്ധവിമാനങ്ങൾ ഉൾപ്പെടെ പറത്തിയിട്ടുള്ള അദ്ദേഹത്തിന് 3,500 മണിക്കൂറിലേറെ പറക്കൽ പരിചയമുണ്ട്. മിറാഷ് –2000 സ്ക്വാഡ്രൺ കമാൻഡർമാരിൽനിന്ന് വ്യോമസേനാ മേധാവി പദവിയിലെത്തുന്ന ആദ്യ ഉദ്യോഗസ്ഥനാണ് എ.പി.സിങ്. ടെസ്റ്റ് പൈലറ്റ്, ഫ്ലൈയിങ് ഇൻസ്ട്രക്റ്റർ തുടങ്ങിയ നിലകളിലും മികവു പുലർത്തിയിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂർ, കാർഗിൽ യുദ്ധത്തിന്റെ ഭാഗമായി നടന്ന ഓപ്പറേഷൻ സഫേദ് സാഗർ തുടങ്ങിയ ഒട്ടേറെ ദൗത്യങ്ങളിൽ നിർണായക ഭാഗമായി. വ്യോമസേനാ മേധാവിയായി 2028 ഡിസംബർ 31 വരെ കാലാവധിയുണ്ട്.