പ്രതീകാത്മക ചിത്രം
പാക്ക് അതിര്‍ത്തിക്കു സമീപം ഇന്ത്യന്‍ വ്യോമസേന നടത്തുന്ന സൈനിക അഭ്യാസത്തില്‍ ഭയന്ന് പാക്കിസ്ഥാന്‍. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 7 വരെ നടത്താനിരിക്കുന്ന സൈനിക അഭ്യാസത്തിനു മുന്നോടിയായി ഇന്ത്യ നോട്ടാം (നോട്ടീസ് ടു എയർ മിഷൻസ്) മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ നീക്കത്തില്‍ പാക്കിസ്ഥാന്‍ ജാഗ്രതയിലാണെന്നാണ് ഇംഗ്ലീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യൻ വ്യോമസേന പ്രഖ്യാപിച്ചിരിക്കുന്ന വ്യോമാതിർത്തി നിയന്ത്രണമാണ് പാക്കിസ്ഥാന്റെ ഉന്നത പ്രതിരോധ നേതൃത്വത്തിനിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യൻ വിജ്ഞാപനം വിശദമായി വിലയിരുത്തുന്നതിനായി പാക്കിസ്ഥാൻ പ്രതിരോധ മന്ത്രാലയം അടിയന്തര യോഗം ചേർന്നു. ഇന്ത്യയുടെ സൈനികാഭ്യാസത്തിന്റെ വിശദാംശങ്ങൾ പാക്കിസ്താൻ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സിന്റെ ഓഫീസിന് നേരിട്ട് സമർപ്പിച്ചതായാണ് വിവരം.
മറുപടിയായി പാക്കിസ്ഥാൻ സുരക്ഷാ സേനയ്ക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതിർത്തിയിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തു. സേന പൂർണ സജ്ജരാണെന്നും ഇന്ത്യൻ വ്യോമസേനയുടെ ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നുമാണ് മുതിർന്ന പാക്ക് പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. സൈനിക അഭ്യാസ കാലയളവിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള സാഹസങ്ങൾ ഉണ്ടായാൽ മറുപടി നല്‍കാന്‍ പാക്കിസ്ഥാൻ സജ്ജമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.