വ്യോമസേനയിൽ ജോലി വാഗ്ദാനം ചെയ്ത് നാല്പതോളം പേരിൽനിന്ന് കോടിക്കണക്കിനു രൂപ തട്ടിയെടുത്തതായി പരാതി. തട്ടിപ്പിനിരയായവർ കൊല്ലം സ്വദേശി അരുൺ ചന്ദ്രൻപിള്ളയ്ക്കെതിരെ പൊലീസിൽ പരാതി നൽകി.
വ്യോമസേനയിൽ ഷെഫ്, മാനേജർ തസ്തികകളിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് ഷിജു ഉൾപ്പെടെയുള്ള കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗാർത്ഥികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തത്. തുടക്കത്തിൽ വ്യാജ വാഗ്ദാനങ്ങളും സന്ദേശങ്ങളും നൽകി വിശ്വാസ്യത പിടിച്ചുപറ്റിയ അരുൺ, പണം കൈപ്പറ്റിയ ശേഷം നിരന്തരം തിയതികൾ നീട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ജൂണിൽ മുങ്ങിയ ഇയാളുടെ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
2019-20 കാലയളവിൽ ചേരാനല്ലൂർ, നെടുമ്പുഴ, കൊടകര, മലയിൻകീഴ്, കളമശ്ശേരി, കുത്തിയതോട്, മാള പൊലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകളിൽ ഇദ്ദേഹം പ്രതിയാണ്. തുടർന്ന് പൊലീസ് ബാംഗ്ലൂരിൽ വച്ച് പ്രതിയെ അറസ്റ്റ് ചെയ്തു. രണ്ടു മാസത്തോളം റിമാൻഡിൽ കഴിഞ്ഞ പ്രതിക്ക് പിന്നീട് ജാമ്യം ലഭിച്ചു.
ഒരു കാരണവശാലം ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് എന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം നൽകിയതെങ്കിലും പുറത്തിറങ്ങി വീണ്ടും തട്ടിപ്പു നടത്തുകയാണെന്ന് പരാതിയിൽ പറയുന്നു.
ബാങ്ക് അക്കൗണ്ടുകൾ വഴിയും നേരിട്ടുമാണ് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം വാങ്ങിയത്. തട്ടിപ്പിന് ഇരയായവർ നടത്തിയ അന്വേഷണത്തിലാണ് അരുൺ കെ. ചന്ദ്രൻപിള്ള സമാനമായ രീതിയിൽ മുൻപും പലരിൽ നിന്നായി കോടികളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് മനസിലാക്കുന്നത്. സംഭവത്തിൽ തിരുപ്പൂർ ജില്ലാ എസ്‌പിക്കും പരാതി നൽകിയിട്ടുണ്ട്.