Reuters
19.33 കോടിയുടെ പിഎഫ് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ രണ്ട് നോക്കിയ ജീവനക്കാര്‍ക്കെതിരെ സിബിഐ കേസ്. 94 വ്യാജ പി.എഫ് അക്കൗണ്ടുകൾ ഉണ്ടാക്കി ഫണ്ട് വകമാറ്റിയതിനാണ് മുതിര്‍ന്ന ജീവനക്കാരായ വൈഭവ് വര്‍മയ്ക്കും കാമരാജുവിനുമെതിരെ കേസെടുത്തിരിക്കുന്നത്. ഈ ഗൂഢാലോചനയില്‍ പങ്കാളികളായ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും സ്വകാര്യ വ്യക്തികള്‍ക്കെതിരേയും സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്.
2023–2024 കാലയളവിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ആദ്യം പിഎഫ് ട്രസ്റ്റ് മാനേജ് ചെയ്യുന്ന 'എക്‌സംപ്റ്റഡ് എസ്റ്റാബ്ലിഷ്‌മെന്റ്’ പദവിയിലായിരുന്നു നോക്കിയ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ 2023 സെപ്റ്റംബര്‍ മുതല്‍ ജീവനക്കാരുടെ ഫണ്ടുകൾ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന് (ഇ.പി.എഫ്.ഒ) കൈമാറി. കമ്പനിയുടെ തന്നെ അപേക്ഷപ്രകാരമായിരുന്നു ഇത്. ഈ മാറ്റ പ്രക്രിയകൾക്കിടയിലാണ് ക്രമക്കേടുകൾ നടന്നതെന്നാണ് കണ്ടെത്തല്‍.
പിന്നീട് ഇ.പി.എഫ്.ഒയുടെ സോണൽ ഫ്രോഡ് റിസ്‌ക് മാനേജ്‌മെന്റ് കമ്മിറ്റി നടത്തിയ പരിശോധനയിലാണ് 94 വ്യാജ അക്കൗണ്ടുകളിലേക്ക് തുക നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ആഭ്യന്തര ഫോറന്‍സിക് ഓഡിറ്റിലാണ് പ്രതികളെ പിടികൂടിയത്. വൈഭവ് വര്‍മയും കാമരാജു മുത്യാലയയുമാണ് തട്ടിപ്പിനു പിന്നിലെന്നും ബോധ്യപ്പെട്ടു. തട്ടിപ്പ് പുറത്തുവന്നതോടെ കമ്പനി രണ്ടു ഉദ്യോഗസ്ഥരേയും സസ്പെന്‍ഡ് ചെയ്തു.
ഭാരതീയ ന്യായ് സംഹിത, അഴിമതി നിരോധന നിയമം, ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ ചുമത്തിയാണ് സി.ബി.ഐ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. നോക്കിയ കമ്പനി സത്യസന്ധതയും ധാര്‍മികതയും കാത്തുസൂക്ഷിക്കുന്നുണ്ടെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും കമ്പനി വക്താക്കള്‍ പറയുന്നു.