• ജനുവരി 12 മുതല്‍ ഏപ്രില്‍ ഒന്നുവരെയാണ് പാക് ചാരവനിതയുമായി വാട്സാപ്പില്‍ ഉദ്യോഗസ്ഥന്‍ നിരന്തരബന്ധം പുലര്‍ത്തിയത്. തനിക്ക് അറിയാന്‍ സാധിക്കുന്ന എല്ലാ സൈനിക വിവരങ്ങളും ഇദ്ദേഹം പാക്കിസ്ഥാനിലേക്ക് കൈമാറി

പാക് ചാരസുന്ദരി സ്വകാര്യ സന്ദേശമായി അയച്ച നഗ്നചിത്രത്തിന് പകരമായി തന്ത്രപ്രധാന സൈനിക വിവരം വ്യോമസേന ഉദ്യോഗസ്ഥന്‍ കൈമാറിയെന്ന് കണ്ടെത്തല്‍. സേനയിലെ വിങ് കമാന്‍ഡറാണ് വ്യോമസേനയുടെ രഹസ്യ യുദ്ധത്തിന്‍റെ പദ്ധതികള്‍, ഡ്രോണ്‍ യൂണിറ്റുകളുടെ ശേഷി, കോംബാറ്റ് എയര്‍ക്രാഫ്റ്റുകളുടെ വിന്യാസം, സൈനികാഭ്യാസങ്ങള്‍, തന്ത്രപ്രധാനമായ സൈനിക സന്നാഹങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരം പാക് ചാരയായി പ്രവര്‍ത്തിച്ച യുവതിക്ക് കൈമാറിയതെന്നാണ് ഡല്‍ഹി പൊലീസിന്‍റെ കണ്ടെത്തല്‍. രാജ്യത്തിന്‍റെ നിലനില്‍പ്പിനും സുരക്ഷയ്ക്കും തന്നെ വലിയ ഭീഷണിയാണ് സൈനികരുടെ ഇത്തരം പ്രവര്‍ത്തികള്‍ സൃഷ്ടിക്കുന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 

ചാരവൃത്തിക്ക് സഹായം നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിങ് കമാന്‍ഡറെ ഒഫീഷ്യല്‍ സീക്രട്ട്സ് ആക്ട് പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത് അഞ്ച് മാസത്തെ കസ്റ്റഡിയില്‍ വിട്ടു. 

ജനുവരി 12 മുതല്‍ ഏപ്രില്‍ ഒന്നുവരെയാണ് പാക് ചാരവനിതയുമായി വാട്സാപ്പില്‍ ഉദ്യോഗസ്ഥന്‍ നിരന്തരബന്ധം പുലര്‍ത്തിയത്. തനിക്ക് അറിയാന്‍ സാധിക്കുന്ന എല്ലാ സൈനിക വിവരങ്ങളും ഇദ്ദേഹം പാക്കിസ്ഥാനിലേക്ക് കൈമാറി. ഏപ്രില്‍ ഒന്നിന് സ്മാര്‍ട്ഫോണുമായി ഓഫിസിലെത്തിയതോടെയാണ് വിങ് കമാന്‍ഡറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതും തുടര്‍ന്ന് പരിശോധന നടത്തിയതും. ഫോണിലെ ഫോള്‍ഡറുകള്‍ തുറന്നതോടെയാണ് ഒരു നമ്പറില്‍ നിന്ന് വന്ന നഗ്നചിത്രത്തിന് പകരമായി വ്യോമസേനയുടെ യുദ്ധ പദ്ധതി വിവരിക്കുന്ന റിപ്പോര്‍ട്ടിന്‍റെ പേജ് അയച്ച് നല്‍കിയതായി കണ്ടെത്തിയത്. വിശദമായ പരിശോധനയില്‍ ഓരോ നഗ്നചിത്രത്തിനും റിപ്പോര്‍ട്ടിലെ നിര്‍ണായക വിവരങ്ങള്‍ വാട്സാപ്പ് വഴി പാക്കിസ്ഥാനിലേക്ക് പറന്നുവെന്ന് പൊലീസ് പറയുന്നു.

പാക്കിസ്ഥാനുമായുള്ള ബന്ധം പൂര്‍വാധികം വഷളായിരിക്കുന്ന സാഹചര്യത്തില്‍ സൈനിക ഉദ്യോഗസ്ഥനില്‍ നിന്നുണ്ടായ ഈ നടപടി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ലേയില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചിരിക്കുന്നതിന്‍റെ വിവരങ്ങളും ഉദ്യോഗസ്ഥന്‍ പാക് ചാരവനിതയ്ക്ക് കൈമാറി. രാജസ്ഥാനിലെ സുറാത്ഗഡിലെ മഹാജന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ചിലെ സൈനികാഭ്യാസത്തിന്‍റെ ചിത്രങ്ങളും ഇയാള്‍ കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. 

പാക് ചാരവനിത നല്‍കിയ ദുരൂഹമായ ആപ്പുകള്‍ ഇയാള്‍ ഡൗണ്‍ ലോഡ് ചെയ്യുകയും ലിങ്കുകള്‍ ഓഫിസ് സിസ്റ്റത്തില്‍ നിന്നും തുറക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതുവഴി മാല്‍വെയറുകള്‍ സിസ്റ്റത്തില്‍ കടന്നുവെന്നും ഫയലുകള്‍ ചോര്‍ത്താനുള്ള സൗകര്യം ചെയ്തുനല്‍കിയെന്നുമാണ് ആക്ഷേപം. ഇതിന്‍റെ ഡിജിറ്റല്‍ റെക്കോര്‍ഡുകളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. 3008 ടെക്സ്റ്റ് മെസജുകളും 65 ഫോട്ടോകളും 42 വോയിസ് കോളുകളും നാല് വിഡിയോ കോളുകളും ആറ് യുആര്‍എലുകളും ഇരുവരും തമ്മില്‍ കൈമാറിയെന്നും പൊലീസ് പറയുന്നു. 

 

ENGLISH SUMMARY:

A Wing Commander of the Indian Air Force allegedly leaked sensitive military information to a Pakistani female spy in exchange for explicit photographs sent via WhatsApp, according to a Delhi Police chargesheet. The leaked information reportedly included secret war plans, drone capabilities, combat aircraft deployments, military exercises and strategic military installations. Investigators found that the officer maintained regular contact with the woman between January 12 and April 1, exchanging 3,008 text messages, 65 photographs, 42 voice calls and four video calls. He was booked under the Official Secrets Act and remanded to five months of custody