Maria Butina

  • ഒരു പ്രണയത്തിലൂടെ രാജ്യത്തിന്‍റെ പ്രതിരോധ രഹസ്യങ്ങൾ ചോരും, രാജ്യത്തിന്റെ സുരക്ഷ തകിടംമറിയും, ചാരവൃത്തിയും ന്യൂജെന്‍, അറിയാം ‘സെക്സ്പിയൊണാജ്’

ചാരവൃത്തിയും ന്യൂജെന്‍ ആയി. എജന്‍റിക്  എഐയുടെ കാലത്ത് രഹസ്യാന്വേഷണ ഏജന്‍റുമാരും കാലത്തിനൊത്ത്  മാറണമല്ലോ. പണ്ട് തോക്കും വെടിയും പുകയും ഹോട്ടല്‍മുറികളിലെ ഒളിക്യാമറകളും ഇരുണ്ട ഇടനാഴികളുമായിരുന്നു ചാരവൃത്തിയുടെ ലോകമെങ്കില്‍ ഇന്നത് കോര്‍പറേറ്റ് ബോര്‍ഡ് റൂമുകളും ലാപ്ടോപ്പുകളും ഡീപ് ഫേക്കും  എന്‍ക്രിപ്റ്റഡ് നെറ്റ് വര്‍ക്കുകളും ക്രിപ്റ്റോ കറന്‍സിയും ആയിരിക്കുന്നു. പണ്ട് മാതാഹാരിയും ക്രിസ്റ്റീന്‍ കീലറും പോലെയുള്ള ചാരസുന്ദരിമാര്‍ക്ക് അത് മാത്രമായിരുന്നു തൊഴില്‍. വശീകരിക്കുക, രഹസ്യങ്ങള്‍ ചോര്‍ത്തുക. ലക്ഷ്യം രാഷ്ട്രീയ നേതാക്കളും സൈനിക ഉദ്യോഗസ്ഥരും.

ഒരു പ്രണയം മതി. രാജ്യത്തിന്‍റെ പ്രതിരോധ രഹസ്യങ്ങൾ ചോർത്താൻ. ചില പ്രണയങ്ങൾ ജീവിതം മാറ്റിമറിക്കുമെങ്കില്‍ ചിലത് ഒരു രാജ്യത്തിന്‍റെ സുരക്ഷയെപ്പോലും തകിടം മറിക്കും. രഹസ്യ കൂടിക്കാഴ്ചകളില്‍ പങ്കുവയ്ക്കുന്നത് രാജ്യത്തിന്‍റെ  രഹസ്യരേഖകളാവും. പ്രണയത്തെയും ലൈംഗിക താൽപര്യങ്ങളെയും വൈകാരിക ദൗർബല്യങ്ങളെയും ചൂഷണം ചെയ്ത് രഹസ്യങ്ങൾ ചോർത്തുന്ന ഈ രീതിക്ക് പേരുണ്ട്, സെക്സ്പിയോണേജ്.

ചാരസുന്ദരിമാരും,സുന്ദരന്മാരും ഹൈ പ്രൊഫൈല്‍ ആയി. ആക്ടിവിസ്റ്റുകള്‍, സോഷ്യലീറ്റുകള്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍,മാധ്യമപ്രവര്‍ത്തകര്‍, കണ്‍സല്‍ട്ടന്റുമാര്‍ എന്നിങ്ങനെ പല രൂപങ്ങളിലും ഭാവങ്ങളിലും വന്നു. ടെക്,ഫിനാന്‍സ് കമ്പനി തലവന്മാരെ മുതല്‍ നയതന്ത്രപ്രതിനിധികളെ വരെ ലക്ഷ്യമിടുന്നു. ഹണി ട്രാപ്,തേന്‍കെണി എന്നൊക്കെ പറയുന്നത് വെറും ലോക്കല്‍ വേര്‍ഷന്‍ ആണ്. ഹണി ട്രാപ്പിന് രഹസ്യം ചോര്‍ത്തല്‍ മാത്രമല്ല പണം പിടുങ്ങല്‍ തുടങ്ങി കുടുംബം കലക്കല്‍ വരെ പല ലക്ഷ്യങ്ങളുണ്ടാവാം. പക്ഷേ, സെക്സ്പിയൊണാജ് ഇന്‍റര്‍നാഷണല്‍ ആണ്. എക്സിക്യുട്ടീവ് ലെവല്‍.

ശീതയുദ്ധകാലത്താണ് ചൂടന്‍ തുടക്കം. കിഴക്കന്‍ ജര്‍മനി രഹസ്യാന്വേഷണ ഏജന്‍സി സ്റ്റാസി പ്രയോഗിച്ചുതുടങ്ങിയ തന്ത്രം. സുന്ദരന്മാരായ പുരുഷന്‍മാരെ നിയോഗിച്ച് ജര്‍മനിയിലെ സര്‍ക്കാര്‍ ഓഫിസുകളിലും പ്രതിരോധ സ്ഥാപനങ്ങളിലും നേറ്റോയിലുമുള്ള വനിതാ ജീവനക്കാരെ വശീകരിച്ചു. റോമിയോ ചാരന്മാര്‍ എന്നാണ് ഇവരെ വിളിച്ചിരുന്നത്. ആദ്യം പരിചയം, പിന്നെ സൗഹൃദം, പ്രണയം. ഒടുവില്‍ വിശ്വാസം നേടിയ ശേഷം രഹസ്യം ചോര്‍ത്തും. രേഖകളും രഹസ്യവിവരങ്ങളും സ്റ്റാസി വഴി കെജിബിക്ക് ലഭിച്ചു. ആയുധം തോക്കല്ല, വെറും വ്യാജപ്രണയം മാത്രം. ഇപ്പോഴത്തെ ലോകപ്രശസ്ത ചിപ് നിര്‍മാതാവിനെ കുഴപ്പത്തിലാക്കിയ അതേ ചീപ് ട്രിക്.

 പെട്ടെന്ന് ബ്ലാക് മെയിലിങ്ങിലൂടെ രേഖകള്‍ കൈക്കലാക്കുകയാണ് ഹണിട്രാപ്പുകളുടെ ലക്ഷ്യം. പക്ഷേ, സെക്സ്പിയൊണാജില്‍ ബന്ധങ്ങള്‍ ദീര്‍ഘകാലത്തേക്കാണ്. . 2011 മുതൽ 2015 വരെ കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ യുവ രാഷ്ട്രീയ നേതാക്കളെ കുരുക്കിയ ക്രിസ്റ്റീന്‍ ഫാങ്. ആലീസ് ഹുവാങ്ങിനെപ്പോലെ     ചൈനയുടെ വിദേശ രഹസ്യാന്വേഷണ വിഭാഗമായ എംഎസ്എസിനുവേണ്ടി പ്രവർത്തിച്ചിരുന്നുവെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ സംശയിച്ച വ്യക്തിയായിരുന്നു ഫാങ്.  തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമ്പത്തിക സഹായം,  ഓഫീസുകളിൽ ഇന്‍റേൺമാരെ എത്തിക്കൽ തുടങ്ങി വിവിധ മാർഗങ്ങളിലൂടെ ഇവര്‍ രാഷ്ട്രീയക്കാരോട് അടുത്തു. ഉടനടി രഹസ്യങ്ങൾ ചോർത്തുകയല്ല, ഭാവിയിലേക്കുള്ള നിക്ഷേപമായാണ് അവര്‍ ഈ ബന്ധങ്ങളെ കണ്ടത്. ഇപ്പോഴത്തെ അടുപ്പക്കാരില്‍ ചിലരെങ്കിലും ഭാവിയില്‍ നിര്‍ണായക സ്ഥാനങ്ങളിലെത്തും. അന്ന് പ്രയോജനപ്പെടുത്താം. പക്ഷേ കിസ്റ്റീന എന്തെങ്കിലും വിവരം ചോര്‍ത്തിയതായി ഇന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

വൻകിട കമ്പനികളുടെ ഉന്നത പദവികളിലിരുന്ന് ബിസിനസ്സ് ബന്ധങ്ങളിലൂടെയും വൈകാരിക അടുപ്പത്തിലൂടെയും രഹസ്യങ്ങൾ ചോർത്തുന്ന 'കോർപ്പറേറ്റ് ഇൻഫ്ലുവൻസ്' രീതിക്കും ഉദാഹരങ്ങളുണ്ട്.

മരിയ ബുട്ടിന (അമേരിക്ക, 2013–2018)

വാഷിങ്ടണിലെ റഷ്യൻ ബിരുദ വിദ്യാർത്ഥിനി, തോക്ക് ഉപയോഗിക്കാനുള്ള അവകാശത്തിനായും പ്രവര്‍ത്തിച്ചു. മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥന്‍റെ നിർദ്ദേശപ്രകാരം പ്രവർത്തിച്ച ബുട്ടിന, തന്‍റെ  ഇരട്ടി പ്രായമുള്ള അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകനുമായി ദീർഘകാല പ്രണയബന്ധം സ്ഥാപിച്ചു. അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും സുഹൃത്തുക്കളായി. നാഷണൽ റൈഫിൾ അസോസിയേഷനിലും സജീവമായി. 2016-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കൻ രാഷ്ട്രീയ നേതൃത്വത്തിൽ സ്വാധീനമുറപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. 2018-ൽ കുറ്റസമ്മതം നടത്തിയ ഇവരെ റഷ്യയിലേക്ക് നാടുകടത്തി.

നോമ്മ സറൂബിന (അമേരിക്ക, 2020–2026)

ന്യൂയോർക്കിലെ സാംസ്കാരിക സംഘടനകളിലും ബുദ്ധിജീവി കൂട്ടായ്മകളിലും സജീവമായിരുന്ന റഷ്യൻ വംശജ. അലീസ'എന്ന രഹസ്യനാമത്തിൽ റഷ്യൻ ചാരസംഘടനയായ എഫ്എസ്ബിക്ക് വേണ്ടി പ്രവർത്തിച്ച ഇവർ അമേരിക്കയിലെ മാധ്യമ-രാഷ്ട്രീയ മേഖലകളിൽ ബന്ധങ്ങൾ വളർത്തിയെടുത്തു. എഫ്.ബി.ഐയുടെ നിരീക്ഷണത്തിലായപ്പോൾ, അന്വേഷണ ഉദ്യോഗസ്ഥനെ തന്നെ വശീകരിക്കാന്‍ ശ്രമിച്ചു. ഒടുവില്‍  എഫ്ബിഐക്ക് തെറ്റായ വിവരങ്ങൾ നൽകിയതിന് ശിക്ഷിക്കപ്പെട്ടു. 

അന്ന ചാപ്മാൻ (ബ്രിട്ടൻ & അമേരിക്ക, 2000–2010)

ന്യൂയോർക്കിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സംരംഭകയും സോഷ്യലീറ്റും. മുൻ കെജിബി ഉദ്യോഗസ്ഥന്‍റെ മകളായ ചാപ്മാൻ, ഒരു ബ്രിട്ടീഷ് പൗരനെ വിവാഹം കഴിച്ച ശേഷമാണ് ന്യൂയോർക്കിലേക്ക് മാറിയത്. റഷ്യൻ ചാരസംഘടനയുടെ ഭാഗമായിരുന്ന ഇവർ, വൻകിട പാർട്ടികളിലും മറ്റും  പങ്കെടുത്ത് പണക്കാരോടും ഉന്നതബന്ധങ്ങളുള്ളവരോടും അടുത്തു.  2010-ൽ എഫ്ബിഐ പിടികൂടിയ ഇവരെ റഷ്യയിലേക്ക് നാടുകടത്തി. 

കാത്യ സതുലിവെറ്റർ (ബ്രിട്ടൻ, 2006–2010)

ബ്രിട്ടീഷ് പാർലമെന്റിലെ ഗവേഷകയും ഇന്‍റേണുമായെത്തിയ  റഷ്യക്കാരി. ബ്രിട്ടീഷ് പാർലമെന്‍റിന്‍റെ പ്രതിരോധ സമിതി അംഗമായിരുന്ന എംപി മൈക്ക് ഹാൻകോക്കുമായി കാത്യ നാല് വർഷം പ്രണയബന്ധത്തിലായിരുന്നു. ബ്രിട്ടന്‍റെ ആണവ അന്തർവാഹിനികൾ, പ്രതിരോധ ഇടപാടുകൾ, നേറ്റോ നീക്കങ്ങൾ എന്നിവയെക്കുറിച്ചുള്ള അതീവ രഹസ്യ വിവരങ്ങൾ  ഹാന്‍കോക്കിന് ലഭിച്ചിരുന്നു. റഷ്യൻ ചാരസംഘടനയുടെ 'സ്ലീപ്പർ ഏജന്റ്' ആണെന്ന് ആരോപിച്ച് 2010-ൽ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസി ഇവരെ നാടുകടത്താൻ നീക്കം നടത്തി. നേരിട്ടുള്ള തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തമാക്കി. എങ്കിലും ബ്രിട്ടീഷ് പാർലമെന്‍റ് ജീവനക്കാരുടെ സുരക്ഷാ പരിശോധനകൾ ഇതോടെ കർശനമാക്കി.

സ്വെറ്റ്ലാന & യൂറോപ്യൻ ടെക്-നയതന്ത്ര ശൃംഖല (2010–2020)

ന്യൂജെന്‍ ചാരവൃത്തിയുടെ ലോകത്ത് രാജ്യരഹസ്യങ്ങൾക്കൊപ്പം കോർപറേറ്റ് രഹസ്യങ്ങൾക്കും വലിയ വിലയുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമികണ്ടക്ടറുകൾ, പ്രതിരോധ സാങ്കേതികവിദ്യ, വ്യവസായ ശൃംഖലകൾ ഇങ്ങനെ ലോകത്തെ നിയന്ത്രിക്കുന്ന സാങ്കേതികവിദ്യകളുടെ പിന്നിലുള്ള വിവരങ്ങൾ സ്വന്തമാക്കാൻ രാജ്യങ്ങളും വൻകിട കമ്പനികളും ശ്രമിക്കുന്നു. രാജ്യാന്തര വ്യാപാരമേളകൾ, ടെക് കോൺഫറൻസുകൾ, ബിസിനസ് നെറ്റ്‌വർക്കിങ് വേദികൾ എന്നിവയെല്ലാം സാധ്യതയുള്ള ഇടങ്ങളായി മാറുന്നു. ഒരാളെ അപകീർത്തിപ്പെടുത്തി ബ്ലാക്ക്‌മെയിൽ ചെയ്യുക മാത്രമല്ല. കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ച് അവരുടെ വിശ്വാസം നേടുക, തീരുമാനങ്ങള്‍ അറിയുക, സാങ്കേതികവിദ്യയെയും ബിസിനസ് തന്ത്രങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക എന്നിവയും പ്രധാനമാണ്. ഇവിടെ പ്രണയത്തേക്കാൾ വിലപ്പെട്ടത് പ്രവേശനമാണ്. ഒരു കമ്പനിയുടെ രഹസ്യങ്ങളിലേക്കുള്ള പ്രവേശനം! കിടപ്പറയിൽ നിന്ന് ഡിജിറ്റൽ കെണിയിലേക്ക്!

കാലം മാറിയിട്ടും ചാരവൃത്തിയുടെ അടിസ്ഥാന തന്ത്രം മാറിയിട്ടില്ല. മനുഷ്യന്‍റെ  ദൗർബല്യം കണ്ടെത്തുക. വിശ്വാസം നേടുക. രഹസ്യങ്ങൾ സ്വന്തമാക്കുക. ചിലപ്പോൾ ഒരു രാജ്യത്തെ തോൽപ്പിക്കാൻ ഒരു യുദ്ധം വേണ്ടിവരില്ല. ഒരു പ്രണയം മാത്രം മതിയാകും. 

One Affair, A Thousand Secrets: The New Age of Sexpionage:

Sex espionage, or sexpionage, is an evolving intelligence tactic that exploits romantic relationships, sexual attraction and emotional vulnerabilities to obtain confidential information. From the Cold War-era Romeo spies of East Germany's Stasi to modern-day intelligence operations involving corporate executives, politicians and diplomats, the strategy has evolved into a sophisticated tool of international espionage. Cases involving Christine Fang, Maria Butina, Anna Chapman and other alleged intelligence operatives highlight how personal relationships can become instruments of political and corporate influence. In the age of artificial intelligence, deepfakes, encrypted networks and digital surveillance, sexpionage continues to evolve, proving that human vulnerability remains one of the most powerful weapons in espionage