• എന്‍വിഡിയ മേധാവി ജെന്‍സന്‍ ഹ്വാങ് ചൈനയുടെ ചാരക്കുടുക്കിലോ? ജെന്‍സന്‍റെ കാമുകി ആലിസ് ഹ്വാങ് ചൈനീസ് ചാരസംഘടനയുടെ ഏജന്‍റാണെന്ന വിലയിരുത്തലിലാണ് അമേരിക്കന്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍. ജെന്‍സനും ആലിസും തമ്മിലുള്ള പ്രണയത്തെക്കുറിച്ചും ആലിസിന്‍റെ ചൈനീസ് ബന്ധത്തെക്കുറിച്ചും യുഎസ് ഇന്‍റലിജന്‍സ് രഹസ്യരേഖകള്‍ തയാറാക്കിയെന്നും ഇത് സര്‍ക്കാരിന് കൈമാറിയെന്നും ഫിനാന്‍ഷ്യല്‍ ടൈംസ്

ലോകത്തെ ഏറ്റവും വലിയ ചിപ് (സെമികണ്ടക്ടര്‍) നിര്‍മാതാക്കളായ എന്‍വിഡിയ മേധാവി ജെന്‍സന്‍ ഹ്വാങ് ചൈനയുടെ ചാരക്കുടുക്കിലോ? ജെന്‍സന്‍റെ കാമുകി ആലിസ് ഹ്വാങ് ചൈനീസ് ചാരസംഘടനയുടെ ഏജന്‍റാണെന്ന വിലയിരുത്തലിലാണ് അമേരിക്കന്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍. ജെന്‍സനും ആലിസും തമ്മിലുള്ള പ്രണയത്തെക്കുറിച്ചും ആലിസിന്‍റെ ചൈനീസ് ബന്ധത്തെക്കുറിച്ചും യുഎസ് ഇന്‍റലിജന്‍സ് രഹസ്യരേഖകള്‍ തയാറാക്കിയെന്നും ഇത് സര്‍ക്കാരിന് കൈമാറിയെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഗോള സമ്പന്നരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ശതകോടീശ്വരനാണ് ജെന്‍സന്‍ ഹ്വാങ്. അദ്ദേഹം സ്ഥാപിച്ച എന്‍വിഡിയ ചിപ് നിര്‍മാണരംഗത്തെ ആഗോള കുത്തകയുമാണ്. എന്‍വിഡിയ നിര്‍മിക്കുന്ന അത്യാധുനിക ചിപ്പുകള്‍ ചൈനയുടെ കൈവശമെത്താതിരിക്കാന്‍ ഇതിന്‍റെ കയറ്റുമതിക്ക് അമേരിക്ക നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം മറികടക്കാനുള്ള വഴിതുറക്കാന്‍ ചൈനീസ് ചാര ഏജന്‍സികള്‍ നിയോഗിച്ച ആളാണ് ജെന്‍സന്‍റെ കാമുകി ആലിസ് ഹ്വാങ് എന്നാണ് സംശയം.

ആരാണ് ആലിസ് ഹ്വാങ്? ചൈനീസ് ടെലിവിഷന്‍ സ്റ്റേഷനായ സിസിടിവിയിലെ മാധ്യമപ്രവര്‍ത്തകയായിരുന്നു ആലിസ് ഹ്വാങ്. ചൈനയിലെ തന്നെ ഹുനാന്‍ ടിവിയിലും പ്രവര്‍ത്തിച്ചു. എച്ച്എസ്ബിസി ബാങ്കിലും ജോലി ചെയ്തിരുന്നതായി അവരുടെ സമൂഹമാധ്യമ പ്രൊഫൈലുകളിലുണ്ട്. ടെലിവിഷനില്‍ നിന്നാണ് ഹ്വാങ് ടെക്നോളജി രംഗത്തേക്ക് മാറിയത്. ഇപ്പോള്‍ സിംഗപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മെഗാസ്പീഡ് ഇന്‍റര്‍നാഷണല്‍ എന്ന ടെക്നോളജി കമ്പനിയുടെ സീനിയര്‍ എക്സിക്യൂട്ടിവ് ആണ് ആലിസ്.

മെഗാസ്പീഡ് ഇന്‍റര്‍നാഷണല്‍ 2024 മുതല്‍ അമേരിക്കന്‍ ഇന്‍റലിജന്‍സിന്‍റെ നോട്ടപ്പുള്ളിയാണ്. യുഎസില്‍ നിര്‍മിക്കുന്ന ചിപ്പുകള്‍ ചൈനയിലേക്ക് കടത്താന്‍ വഴിയൊരുക്കുന്നുവെന്നാണ് മെഗാസ്പീഡിനെക്കുറിച്ചുള്ള സംശയം. ചൈനയില്‍ ഗെയിമിങ് കമ്പനിയായി തുടങ്ങി പിന്നീട് എഐ ഡേറ്റാ സെന്‍റര്‍ കമ്പനിയായി മാറിയ വന്‍കിട സ്ഥാപനമാണ് മെഗാസ്പീഡിന് പിന്നിലെന്നാണ് യുഎസ് കരുതുന്നത്.

ആലിസ് ഹ്വാങ് മെഗാസ്പീഡില്‍ എത്തുകയും ജെന്‍സന്‍ ഹ്വാങുമായി അടുപ്പത്തിലാകുകയും ചെയ്തതിന് പിന്നാലെ മെഗാസ്പീഡ് ഇന്‍വിഡിയയുടെ ബിസിനസ് പങ്കാളികളിലൊന്നായി മാറി. എന്‍വിഡിയയുടെ കംപ്യൂട്ടിങ് പവര്‍ ക്ലൗഡിങ് ബിസിനസിന്‍റെ ഏഷ്യാ–പസഫിക് മേഖലയിലെ പ്രധാനപങ്കാളി എന്നാണ് മെഗാസ്പീഡ് അവരുടെ വെബ്സൈറ്റില്‍ അവകാശപ്പെടുന്നത്. മെഗാസ്പീഡ് എന്‍വിഡിയയില്‍ നിന്ന് രണ്ടുവര്‍ഷത്തിനിടെ 4.8 ബില്യന്‍ യുഎസ് ഡോളര്‍ (45,165 കോടി രൂപ) വിലവരുന്ന ചിപ്പുകള്‍ വാങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Image Credit: x/collinrug

ആലിസ് ഹ്വാങും ജെന്‍സന്‍ ഹ്വാങും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ 2024ലാണ് ആദ്യം പുറത്തുവരുന്നത്. ഒരു രാജ്യാന്തര ടെക്നോളജി സമ്മേളനത്തിനുശേഷം ഇരുവരും തായ്പേയിലെ ഒരു ബാറില്‍ ഒന്നിച്ചിരുന്ന് മദ്യപിക്കുന്ന ചിത്രങ്ങള്‍ ടെക് കമ്പനിയായ നെറ്റ്തണ്ടര്‍ ലിങ്ക്ഡ് ഇന്‍ പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തതാണ് പ്രണയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വഴിതുറന്നത്.

2025 മേയില്‍ ജെന്‍സണ്‍ തായ്പേയിയിലെ ഒരു ചൈനീസ് റസ്റ്ററന്‍റില്‍ സംഘടിപ്പിച്ച വിരുന്നിലും ഇരുവരും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങളും വിഡിയോയും പുറത്തുവന്നിരുന്നു. ആലിസ് ജെന്‍സണെ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതുമെല്ലാം ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്ക് കരുത്തുകൂട്ടി. വിരുന്നിനുശേഷം ജെന്‍സണ്‍ മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും ആലിസ് ഒപ്പമുണ്ടായിരുന്നു. ഇതിനുശേഷം ഒരേ കാറിലാണ് ഇരുവരും റസ്റ്ററന്‍റില്‍ നിന്ന് പോയത്.

ചൈനീസ് പൗരത്വമുള്ള ആലിസ് അമേരിക്കന്‍ പൗരനായ ജെന്‍സണുമായി അടുപ്പം സ്ഥാപിച്ചത് സ്വാഭാവികമല്ലെന്ന വിലയിരുത്തലിലാണ് അമേരിക്കന്‍ ഏജന്‍സികള്‍. എന്‍വിഡിയ ചിപ്പുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചൈനീസ് എഐ കമ്പനികള്‍ക്കും പ്രതിരോധരംഗത്തെ എഐ വികസനത്തിനും തടസമായിരുന്നു. എന്‍വിഡിയയുടെ അത്യാധുനിക ചിപ്പുകള്‍ പ്രതിരോധ രംഗത്ത് ചൈനയ്ക്ക് മേല്‍ക്കൈ നേടിക്കൊടുക്കുമെന്നാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ അമേരിക്കയുടെ നിയന്ത്രണം മറികടക്കാന്‍ മെഗാസ്പീഡ് വഴി സിംഗപ്പുരിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ ചിപ്പുകള്‍ കയറ്റുമതി ചെയ്യുകയും അവിടെ നിന്ന് മറ്റുമാര്‍ഗങ്ങളിലൂടെ ചൈനയിലെത്തിക്കുകയുമാണ് െചയ്യുന്നതെന്ന് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ സംശയിക്കുന്നു.

മെഗാസ്പീഡിനെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി സിംഗപ്പുര്‍ ഏജന്‍സികള്‍ കഴിഞ്ഞ വര്‍ഷം ആലിസ് ഹ്വാങിനെ ചോദ്യംചെയ്തിരുന്നു. ചിപ്പുകള്‍ കടത്തുന്നുവെന്ന ആരോപണം മെഗാസ്പീഡ് 2025ല്‍ നിഷേധിച്ചിരുന്നു. എന്‍വിഡിയയും മെഗാസ്പീഡിന് ക്ലീന്‍ ചിറ്റ് നല്‍കിയ രംഗത്തുവന്നിരുന്നു. സ്വന്തം നിലയ്ക്ക് നടത്തിയ അന്വേഷണത്തില്‍ മെഗാസ്പീഡ് നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തിയതെന്നാണ് എന്‍വിഡിയയുടെ നിലപാട്.

ആലിസ് ഹ്വാങുമായുള്ള പ്രണയബന്ധത്തെക്കുറിച്ച് ജെന്‍സണ്‍ ഹ്വാങ് പ്രതികരിച്ചിട്ടില്ല. ഏതായാലും ലോകത്ത് ഏറ്റവും സ്വാധീനമുള്ള ടെക് വമ്പന്മാരില്‍ ഒരാളായ ജെന്‍സനെ സംബന്ധിച്ചിടത്തോളം കാമുകിക്കെതിരായ ചാരവൃത്തി ആരോപണം വന്‍ തിരിച്ചടിയാണ്.

1963ല്‍ തയ്‌വാനി‍ല്‍ ജനിച്ച ജെന്‍സണ്‍ ചെറുപ്പത്തില്‍ത്തന്നെ തായ്‍ലന്‍ഡിലേക്കും അവിടെ ആഭ്യന്തര കലാപമുണ്ടായപ്പോള്‍ യുഎസിലേക്കും ചേക്കേറുകയായിരുന്നു. 1993ലാണ് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഗ്രാഫിക്സ്–ചിപ് നിര്‍മാണക്കമ്പനിയായ എന്‍വിഡിയ സ്ഥാപിച്ചത്. അന്നുമുതല്‍ കമ്പനിയുടെ സിഇഒയും പ്രസിഡന്‍റുമാണ് ജെന്‍സണ്‍. 1999ല്‍ കമ്പനി ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തു. ഇപ്പോള്‍ എന്‍വിഡിയയുടെ 4 ശതമാനം ഓഹരികളാണ് ജെന്‍സന്‍റെ പക്കലുള്ളത്. ഫോര്‍ബ്സ് സമ്പന്നപ്പട്ടികയില്‍ ഇന്ന് എട്ടാംസ്ഥാനത്തുള്ള ജെന്‍സന്‍റെ ആകെ ആസ്തിമൂല്യം 15,25,950 കോടി രൂപയാണ്.

ENGLISH SUMMARY:

US intelligence agencies are reportedly examining allegations that Alice Huang, a senior executive at Singapore-based Megaspeed International and rumoured to be romantically linked to Nvidia CEO Jensen Huang, may have connections to Chinese intelligence. A Financial Times report says US intelligence has prepared confidential assessments concerning their alleged relationship and Alice Huang's China links. Megaspeed has faced scrutiny over suspicions that it could be facilitating the diversion of US-made advanced chips to China, allegations the company has denied. Nvidia has also said its own investigation found no evidence of illegal activity by Megaspeed, while Jensen Huang has not publicly commented on the reported relationship.