സോഷ്യൽ മീഡിയയിൽ വീഡിയോകൾ ചിത്രീകരിക്കാൻ ആളുകൾ എത്ര വലിയ റിസ്ക്കും എടുക്കുന്ന പ്രവണതയുണ്ട്. ചിലരെങ്കിലും സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് തീർത്തും അപലപനീയമാണ്. എന്നിട്ടും വ്യൂസിനും കമന്റ്സിനും വേണ്ടി ആളുകൾ അപകടകരമായ ചില കാര്യങ്ങൾ ചെയ്യുന്നത് തുടർന്നുകൊണ്ടേ ഇരിക്കുന്നു.
ഇപ്പോൾ പാകിസ്താനിൽ നിന്നും പുറത്തുവരുന്ന വാർത്ത ഇത്തരം ബുദ്ധിശൂന്യവും ഗുരുതരവുമായ ട്രെൻഡിനെതിരെ വിരൽ ചൂണ്ടുന്നതാണ്. പാകിസ്താനിലെ ലഹോറിന് സമീപമുള്ള ഒരു ഫാംഹൗസിൽ ആണ് സംഭവം. അവിടെ ജോലി ചെയ്തിരുന്ന 19 വയസുള്ള ജീവനക്കാരനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയതാണ് സംഭവം. എന്നാൽ, അതൊരു ടിക് ടോക് വിഡിയോ ചിത്രീകരണത്തിന് വേണ്ടി ആയിരുന്നു എന്നത് വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു.
ഫാമിലെത്തിയ ഇൻഫ്ലുൻസറുടെ വിഡിയോ ചിത്രീകരണത്തിനായിട്ടാണ് കടുവയെ കൂട്ടിൽ നിന്നും പുറത്തിറക്കിയതെന്ന് പറയുന്നു. എന്നാൽ, അതിനിടെ കടുവയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഫാമിൽ ജോലി ചെയ്തിരുന്ന 19 വയസുള്ള ചെറുപ്പക്കാരന് നേർക്ക് കടുവ ചാടി വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുള്ളത്. എന്നാൽ, ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും നായ ആക്രമിച്ചുവെന്നായിരുന്നു ഫാം ഉടമ ആദ്യം പറഞ്ഞിരുന്നത്. ശേഷം കടുവയാണെന്ന് വെളിപ്പെട്ടു. നിലവിൽ ഫാം ഉടമയെയും ഇൻഫ്ലുവന്സറെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.