India is developing a modified version of the Agni-5 intercontinental ballistic missile. (Photo: X/@Kunal_Biswas707)

India is developing a modified version of the Agni-5 intercontinental ballistic missile. (Photo: X/@Kunal_Biswas707)

ആണവ പ്രതിരോധനയത്തിൽ വന്‍ മാറ്റം സൂചിപ്പിച്ചുകൊണ്ട്, 12 ആണവായുധങ്ങൾ ഇന്ത്യ പ്രവർത്തന സജ്ജമായി വിന്യസിച്ചതായി റിപ്പോർട്ട്. ഇതുവരെ സമാധാനകാലത്ത് ആണവായുധങ്ങളെയും അവ വിക്ഷേപിക്കാനുള്ള മിസൈലുകളെയും വെവ്വേറെ സൂക്ഷിക്കുന്ന രീതിയായിരുന്നു ഇന്ത്യയുടേത്. എന്നാല്‍ ഈ പരമ്പരാഗത നയത്തിലാണ് ഇന്ത്യ മാറ്റം വരുത്തിയിരിക്കുന്നതെന്ന് സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നു.

ഇതുവരെ ഇന്ത്യയുടെ ആണവശേഖരം സംഭരിച്ചുവെച്ചിരിക്കുന്ന (Stockpiled) വിഭാഗത്തിലായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇത് യുദ്ധസജ്ജമായി വിന്യസിച്ച നിലയിലാണ്. ചില വാർഹെഡുകൾ ഭൂഗർഭ മിസൈൽ അറകളിലും (Silos) പുതിയ അന്തർവാഹിനികളിലും ഉടനടി പ്രയോഗിക്കാൻ തക്കവണ്ണം ഘടിപ്പിച്ച് സജ്ജമാക്കിയിരക്കുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആണവ അന്തർവാഹിനികളിൽ ആയുധങ്ങള്‍ ഘടിപ്പിച്ചും കടലിൽ പ്രതിരോധ പട്രോളിങ് നടത്തിയും ഇന്ത്യ തങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

2026 ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയ്ക്ക് മൊത്തം 190 ആണവായുധങ്ങളുണ്ട്. തൊട്ടുമുമ്പത്തെ വർഷം ഇത് 180 ആയിരുന്നു. ഇതിൽ 12 എണ്ണമാണ് മിസൈലുകളിലോ അന്തർവാഹിനികളിലോ വിന്യസിക്കപ്പെട്ടിട്ടുണ്ടാകാമെന്ന് കരുതുന്നത്. 2025 മേയിൽ ഇന്ത്യ– പാകിസ്താന്‍ ഏറ്റുമുട്ടലിന് പിന്നാലെയാണ് ഇന്ത്യ ഇവയെ യുദ്ധസജ്ജമായി വിന്യസിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ശത്രുരാജ്യം ആക്രമിച്ചാൽ തിരിച്ചടിക്കാനുള്ള ശേഷി എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ആണവായുധം വികസിപ്പിച്ചത്. ആദ്യം ഉപയോഗിക്കില്ല എന്നതാണ് ഇന്ത്യയുടെ നിലപാട്. മറ്റൊരു രാജ്യത്തിനെതിരെയും ഇന്ത്യ ആദ്യം ആണവാക്രമണം നടത്തില്ലെന്നും ഇന്ത്യൻ അതിർത്തികൾക്കോ ഇന്ത്യൻ സൈന്യത്തിന് നേരെയോ ഒരു ആണവാക്രമണം ഉണ്ടായാൽ മാത്രമേ അതിന് പകരമായി ഇന്ത്യ ആണവായുധം പ്രയോഗിക്കുകയുള്ളൂ എന്നുമാണ് നയം. ശത്രുക്കളെ പ്രതിരോധിക്കാൻ മാത്രമുള്ള 'പരിമിതവും എന്നാൽ ഫലപ്രദവുമായ' ആണവശേഖരമാണ് രാജ്യത്തിന്‍റേത്. ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് ആണവായുധ ഭീഷണി മുഴക്കുന്ന കാലത്തിലേക്കാണ് ലോകം കടക്കുന്നത്, ഈ സാഹചര്യത്തിൽ, ചൈന ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുടെ പ്രതിരോധ വെല്ലുവിളികളെ നേരിടാൻ കടൽമാർഗ്ഗമുള്ള ആണവ പ്രതിരോധം കൂടുതൽ ശക്തമാക്കുകയാണ് ഇന്ത്യ.

ആണവ ശക്തികളാകുന്ന ലോക രാജ്യങ്ങള്‍

ലോകരാജ്യങ്ങൾ തങ്ങളുടെ രാജ്യത്തിന്‍റെ സുരക്ഷയ്ക്കായി ആണവായുധങ്ങളെ കൂടുതൽ ആശ്രയിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ 12 ആണവായുധങ്ങള്‍ വിന്യസിച്ചുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍ ഇതേ കാലയളവിൽ ചൈന, തങ്ങളുടെ വിന്യസിച്ച ആണവായുധങ്ങളുടെ എണ്ണം 34 ആയി ഉയർത്തുകയും ചെയ്തിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം പാകിസ്ഥാന്‍ തങ്ങളുടെ ആണവായുധങ്ങൾ ഇത്തരത്തിൽ വിന്യസിച്ചിട്ടില്ല മറിച്ച് സംഭരിച്ചു വെച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. എങ്കിലും തങ്ങളുടെ ആണവായുധശേഖരം വർദ്ധിപ്പിക്കാൻ പാകിസ്ഥാന്‍ ശ്രമങ്ങള്‍ നടത്തുണ്ട്.

ലോകത്താകെ നിലവിൽ ഒൻപത് രാജ്യങ്ങളുടെ കൈവശമായി 12,187 ആണവായുധങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ 4,012 എണ്ണം മിസൈലുകളിലും യുദ്ധവിമാനങ്ങളിലുമായി ഇതിനകം വിന്യസിച്ചിട്ടുണ്ടത്രേ. ഇതിൽ തന്നെ രണ്ടായിരത്തിലധികം ആയുധങ്ങൾ അതീവ ജാഗ്രതാ (High operational alert) വിഭാഗത്തില്‍പ്പെടുന്നവയാണ്. റഷ്യ– 1,796, അമേരിക്ക– 1,770, ഫ്രാൻസ്– 280, ബ്രിട്ടൻ– 120, ചൈന– 34, ഇന്ത്യ– 12 എന്നിങ്ങനെയാണ് വിന്യസിക്കപ്പെട്ട ആണവായുധങ്ങളുടെ കണക്ക്.

ENGLISH SUMMARY:

In a profound departure from its traditional defense posture, India has operationally deployed 12 nuclear weapons ready for immediate launch, according to a report by the Stockholm International Peace Research Institute. Historically, the nation maintained a strict peacetime segregation between its nuclear warheads and delivery systems, keeping its arsenal strictly in stockpiled status. However, the latest SIPRI data indicates that these 12 operational warheads are now dynamically integrated onto strategic ballistic missiles and advanced nuclear-armed submarines out at sea. This unprecedented escalation in readiness reportedly materialized following high-voltage border confrontations between India and Pakistan in May 2025. While India structurally maintains its core "No First Use" doctrine, the rapid defense modernization of neighboring China—which has scaled its operational deployment to 34 warheads—has forced New Delhi to aggressively strengthen its continuous maritime nuclear deterrence capabilities.