ത്രിശൂൽ സൈനിക അഭ്യാസത്തില്‍ വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തും ഭാഗമായേക്കും. വിക്രാന്ത് ഉള്‍പ്പെടുന്ന ക്യാരിയര്‍ ബാറ്റില്‍ ഗ്രൂപ്പ് ത്രിശൂലിന്‍റെ ഭാഗമാകുമെന്ന് വിവരം. ഏകദേശം 25 യുദ്ധക്കപ്പലുകള്‍ ത്രിശൂലില്‍ പങ്കെടുക്കും. പാക് അതിര്‍ത്തിയില്‍ നവംബര്‍ 10 വരെയാണ് കര – നാവിക – വ്യോമ സേനകള്‍ പങ്കെടുക്കുന്ന അഭ്യാസം. വ്യോമസേനയില്‍നിന്ന് 40 യുദ്ധവിമാനങ്ങളാണ് അഭ്യാസത്തിന്‍റെ ഭാഗമാകുന്നത്.
കരസേനയില്‍നിന്ന് ഇരുപതിനായിരത്തിലേറെ സൈനികര്‍ പങ്കെടുക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇത്ര വലിയ അഭ്യാസം ഇതാദ്യമാണ്. ഇന്ത്യയുടെ അഭ്യാസത്തിന് മറുപടിയെന്നോണം പാക് നാവികസേനയും ഇന്ന് മുതല്‍ നാല് ദിവസം ഫയറിങ് പരിശീലനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കര–നാവിക–വ്യോമസേനകൾ ചേർന്നു നടത്തുന്ന അഭ്യാസം ഗുജറാത്തിന്റെയും രാജസ്ഥാന്റെയും പാക്ക് അതിർത്തികളിലാണ്. പാക്കിസ്ഥാന്റെ തെക്കൻ ഭാഗത്ത് ഇത്ര വിപുലമായ സൈനിക അഭ്യാസം അപൂർവമാണ്. ഓപ്പറേഷൻ സിന്ദൂറിനു ശേഷമുള്ള ഏറ്റവും വലിയ അഭ്യാസമാണിതെന്ന പ്രത്യേകതയുമുണ്ട്.
പാക്കിസ്ഥാൻ അടുത്തിടെ സൈനിക വിന്യാസം വർധിപ്പിച്ച ഗുജറാത്തിലെ സർ ക്രീക്കും രാജസ്ഥാനിലെ താർ മരുഭൂമിയും അഭ്യാസത്തിൻറെ ഭാഗമാകും. യുദ്ധടാങ്കുകളും കവചിത വാഹനങ്ങളും പീരങ്കിപ്പടയും ഭാഗമാകും. വ്യോമസേനയുടെ സുഖോയ് 30 എംകെഐ, റഫാൽ യുദ്ധവിമാനങ്ങളും അണിനിരക്കും. അഭ്യാസത്തെ തുടർന്ന് പാക്കിസ്ഥാൻ അതിർത്തിയിൽ സേനാ വിന്യാസം കൂട്ടിയിട്ടുണ്ട്. വ്യോമനിയന്ത്രണവും പ്രഖ്യാപിച്ചു.