ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനു ജയിക്കാന്‍ 256 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് കലാശപ്പോരിനിറങ്ങിയ ഇന്ത്യന്‍ ബാറ്റര്‍മാരുടെ അഴിഞ്ഞാട്ടമായിരുന്നു ആരാധകര്‍ കണ്ടത്. ഓപ്പണര്‍ ബോളര്‍ മാറ്റ് ഹെന്ററി എറിഞ്ഞ ആദ്യ ഓവറിലെ നാലു പന്തുകളില്‍ നിന്ന് റണ്‍സ് ഇല്ല. എന്നാല്‍ വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ ശാന്തതയായിരുന്നു അത്. അഞ്ചാം പന്തിൽ സിക്സറടിച്ച്് സഞ്ജു സാംസണാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. പിന്നീടങ്ങോട്ട് ബാറ്റുകളില്‍ നിന്ന് പന്ത് തുടരെ അതിര്‍ത്തിയിലേക്ക് പാഞ്ഞു. സെമിയില്‍ നിര്‍ത്തിയിടത്തു നിന്ന് സഞ്ജു തുടങ്ങുന്നതായിരുന്നു കണ്ടത്. പന്തെടുത്തവരെല്ലാം ഇന്ത്യന്‍ ബാറ്റര്‍മാരുടെ ചൂടറിഞ്ഞു. തുടക്കത്തില്‍ അഭിഷേക് ശര്‍മയായിരുന്നു അപകടകാരി. അഭിഷേക് 18 പന്തുകളില്‍ നിന്നും അര്‍ധസെഞ്ചറി നേടി.
മൂന്നാം ഓവറിൽ പിറന്നത് 15 റണ്‍സ് . ലോക്കി ഫെർഗൂൺ എറിഞ്ഞ നാലാ ഓവറിൽ 24 റൺസാണ് അഭിഷേകും സഞ്ജുവും ചേർന്ന് അടിച്ചുകൂട്ടിയത്. അഞ്ചാം ഓവറിൽ 21 റൺസും പിറന്നു. എട്ടാം ഓവറില്‍ ന്യൂസീലന്‍ഡ് കാത്തിരുന്ന വിക്കറ്റ് വീണു. രവീന്ദ്രയുടെ പന്തില്‍ വിക്കറ്റിനു പിന്നില്‍ സെയ്ഫര്‍ട്ട് ക്യാച്ചെടുത്തു. 21 പന്തുകളില്‍ നിന്ന് 52 റണ്‍സാണ് താരം നേടിയത്.
ട്വന്റി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിൽ ആദ്യമായാണ് ഓപ്പണിങ് കൂട്ടുകെട്ട് 50നു മുകളിൽ സ്കോർ നേടുന്നത്. 2009 ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാൻ താരങ്ങളായ കമ്രാൻ അക്‌മലും ഷഹസൈബ് ഹസനും ചേർന്ന് നേടിയ 48 റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന് ഓപ്പണിങ് കൂട്ടുകെട്ട്. ഈ ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യയ്ക്ക പവർപ്ലേയിൽ വിക്കറ്റ് നഷ്ടമാകാതിരിക്കുന്നത്
അഭിഷേക് പുറത്തായതോടെ സഞ്ജു കടിഞ്ഞാണ്‍ ഏറ്റെടുത്തു. ഇന്ത്യന്‍ റണ്‍സ് കുത്തനെ ഉയര്‍ന്നു. ഇതിനിടെ താരം തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചറി നേടി. 33 പന്തുകളിലാണ് സഞ്ജു ഫിഫ്റ്റിയടിച്ചത്. അര്‍ധ സെഞ്ചറി പിന്നിട്ടതിനു ശേഷവും സഞ്ജു കൂടുതല്‍ അക്രമകാരിയായി. പന്തുകള്‍ തുടരെ വേലിക്കെട്ടിനു പുറത്തേക്ക് പാഞ്ഞു. സെഞ്ചറിയിലേക്ക് കുതിക്കുമെന്ന് തോന്നിയ ഘട്ടത്തിലായിരുന്നു താരം വീണത്. നീഷാമിന്റെ പന്തില്‍ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ പുറത്തായി. 46 പന്തില്‍ 89 റണ്‍സാണ് സഞ്ജു നേടിയത്. എട്ടു സിക്സുകളാണ് നേടിയത്. ഇതിനിടെ വണ്‍ഡൗണായി ഇറങ്ങിയ ഇഷാന്‍ കിഷനും അര്‍ധസെഞ്ചറി നേടി.
എന്നാല്‍ അവസാന ഓവറുകളില്‍ സ്കോര്‍ പ്രതീക്ഷിച്ച രീതിയില്‍ കണ്ടെത്താനായില്ല. സൂര്യകുമാര്‍ യാദവ് പൂജ്യത്തിന് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ 18 റണ്‍സിനു പുറത്തായി. ശിവം ദുബൈ 28 റണ്‍സെടുത്തു.