ടി 20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ താരമായി സഞ്ജു സാംസണ്‍ തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിലാദ്യമായിട്ടാണ് ടൂര്‍ണമെന്റിലെ താരമായി ഒരു മലയാളി തിരഞ്ഞെടുക്കപ്പെടുന്നത്. 

ഈ ലോകകപ്പില്‍ സഞ്ജു കളിച്ചത് വെറും 5 മല്‍സരങ്ങളാണ്. 5 മല്‍സരങ്ങളില്‍ നിന്ന് നേടിയത് 321 റണ്‍സ്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് താരം. നേട്ടം സ്വപ്നതുല്യമെന്ന് സഞ്ജു സാംസണ്‍ പ്രതികരിച്ചു. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഉപദേശങ്ങള്‍ സഹായകമായെന്നും താരം പ്രതികരിച്ചു. 

 

Also Read: സഞ്ജു സ്റ്റോം; കിവീസിനെ തകർത്ത് ഇന്ത്യക്ക് ലോക കിരീടം

മൂന്നാം ട്വന്റി20 ലോകകപ്പ് കിരീടത്തിനായി ഇന്ത്യൻ ബാറ്റിങ് നിര അരയും തലയും മുറുക്കി ഇറങ്ങിയപ്പോൾ മോദി സ്റ്റേഡിയത്തിൽ പിറന്നത് റൺമലയായിരുന്നു. കലാശപ്പോരിൽ ന്യൂസീലൻഡിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്തു. സെഞ്ചറിക്കരികെ വീണ്ടും വീണെങ്കിലും തുടർച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസൺ (46 പന്തിൽ 89) ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. 

 

ഓപ്പണർമാർ ചേർന്ന മികച്ച തുടക്കമാണ് ഇന്ത്യയ്ക്കു നൽകിയത്. പവർപ്ലേ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമാകാതെ 92 എന്ന നിലയിലായിരുന്നു ഇന്ത്യ. ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോറാണിത്. ഈ ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യയ്ക്ക് പവർപ്ലേയിൽ വിക്കറ്റ് നഷ്ടമാകാതിരിക്കുന്നതും

 

മാറ്റ് ഹെന്ററി എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ സിക്സറടിച്ച് സഞ്ജു സാംസണാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. ആദ്യ രണ്ട് ഓവറുകളിൽ താളം കണ്ടെത്താൻ വിഷമിച്ചെങ്കിലും പിന്നീട് ഇരു ഓപ്പണർമാരും കത്തിക്കയറി. മൂന്നാം ഓവറിൽ 15 റണ്ഡസ് നേടിയപ്പോൾ, ലോക്കി ഫെർഗൂൺ എറിഞ്ഞ നാലാ ഓവറിൽ 24 റൺസാണ് അഭിഷേകും സഞ്ജുവും ചേർന്ന് അടിച്ചുകൂട്ടിയത്. അഞ്ചാം ഓവറിൽ 21 റൺസും ആറാം ഓവറിൽ 20 റൺസും പിറന്നു. 

 

ഒന്നാം വിക്കറ്റിൽ സഞ്ജുവും അഭിഷേകും ചേർന്ന് 98 റൺസ് കൂട്ടിചേർത്തു. എട്ടാം ഓവറിൽ അഭിഷേകിനെ പുറത്താക്കി രചിൻ രവീന്ദ്രയാണ് കൂട്ടുകെട്ട് പൊളിച്ചത്. ഒരിക്കൽ കൂടി സ്പിൻ കെണിയിൽ അഭിഷേക് വീണു.രണ്ടാം വിക്കറ്റിൽ സഞ്ജുവും ഇഷാനും ഒന്നിച്ചതോടെ ഇന്ത്യൻ സ്കോർബോർഡ് അക്ഷരാർഥത്തിൽ കത്തിക്കയറി. 7.2 ഓവറിൽ ഇന്ത്യൻ സ്കോർ നൂറു കടന്നു. ട്വന്റി20 ലോകകപ്പ് നോക്കൗട്ടിലെ അതിവേഗ നൂറാണിത്. 11–ാം ഓവറിൽ 33 പന്തിൽ മൂന്നു സിക്സറുടകളുടെയും നാലു ഫോറുകളുടെയും അകമ്പടിയോടെയാണ് സഞ്ജു അർധസെഞ്ചറി തികച്ചത്. ലോകകപ്പിൽ സഞ്ജുവിന്റെ തുടർച്ചയായ മൂന്നാം അർധസെഞ്ചറിയാണിത്. 

 

ഇതിനുശേഷവും സഞ്ജു കത്തിക്കയറി. 14–ാം ഓവറിൽ രചിൻ രവീന്ദ്രയ്ക്കെതിരെ തുടർച്ചയായി മൂന്നു പന്തുകളിൽ സഞ്ജു സിക്സർ നേടി. ഈ ഇന്നിങ്സിലാകെ 8 സിക്സർ നേടിയ സഞ്ജുവിന്റെ ടൂർമെന്റുകൾ സിക്സുകളുടെ എണ്ണം 24 ആയി. ട്വന്റി20 ലോകകപ്പിലെ ഏറ്റവും ഉയർന്ന് സിക്സർ വേട്ടക്കാരൻ.എന്നാൽ ഇത്തവണയും സെഞ്ചറിയെന്ന മോഹം 11 റൺസകലെ സഞ്ജുവിന് നഷ്ടമായി. 16–ാം ഓവറിൽ ജിമ്മി നീഷമാണ് സഞ്ജുവിനെ കോൾ മകോൻകീയുടെ കൈകളിൽ എത്തിച്ചത്. അപ്പോഴേയ്ക്കും ഇന്ത്യൻ സ്കോർ 203ൽ എത്തിയിരുന്നു. രണ്ടാം വിക്കറ്റിൽ സഞ്ജുവും ഇഷാനും ചേർന്ന് 105 റൺസാണ് കൂട്ടിച്ചേർത്തത്

ENGLISH SUMMARY:

Sanju Samson has been selected as the Player of the Tournament in the T20 World Cup cricket tournament, a historic achievement for any Malayali player. He played only 5 matches, scoring 321 runs and ranking third in the tournament's run-getters.