മഹാരാഷ്ട്രയിലെ നാസിക്കില്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന്‍റെ പുത്തന്‍ പ്രൊഡക്ഷന്‍ ലൈന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തു. തേജസിന്‍റെ (LCA – ലൈറ്റ് കോംമ്പാറ്റ് എയര്‍ക്രാഫ്റ്റ്മാര്‍ക് 1A) മൂന്നാമത്തെ പ്രൊഡക്ഷന്‍ ലൈനും പരിശീലന വിമാനമായ എച്ച്ടിടി (ഹിന്ദുസ്ഥാന്‍ ടര്‍ബോ ട്രെയിനര്‍) 40ന്‍റെ രണ്ടാമത്തെ പ്രൊഡക്ഷന്‍ ലൈനുമാണ് ഉദ്ഘാടനം ചെയ്തത്. നാസിക് പ്ലാന്‍റില്‍ നിര്‍മിച്ച ആദ്യ എല്‍സിഎ മാര്‍ക് 1 A യുദ്ധവിമാനവും പ്രതിരോധമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
യുദ്ധോപകരണങ്ങളുടെയും യുദ്ധവിമാനങ്ങളുടെയും മറ്റ് പ്രതിരോധ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി പൂര്‍ണമായി ഇല്ലാതാക്കുക എന്നതാണ് പ്രതിരോധമന്ത്രാലയത്തിന്‍റെ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവയ്പ്പാണ് പുത്തന്‍ പ്ലാന്‍റും തേജസ് യുദ്ധവിമാനത്തിന്‍റെ പുതിയ പതിപ്പും. യുദ്ധവിമാന സ്ക്വാഡ്രണുകളില്‍ ഇന്ത്യന്‍ വ്യോമസേന വലിയ കുറവ് നേരിടുന്നുണ്ട്. ഈ കുറവ് പരിഹരിക്കാന്‍ യുദ്ധവിമാനങ്ങള്‍ ഇറക്കുമതി ചെയ്യുക മാത്രമല്ല, തദ്ദേശീയമായി നിര്‍മിച്ച തേജസ് യുദ്ധവിമാനത്തിന്‍റെ ഉല്‍പ്പാദനം കൂട്ടുകയും വേണമെന്ന് പ്രതിരോധ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
തേജസ് യുദ്ധവിമാനങ്ങള്‍ യഥാസമയം വിതരണം ചെയ്യാത്തതിലെ അതൃപ്തി വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി.സിങ് പലയാവര്‍ത്തി പരസ്യമായി പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വേണം പുത്തന്‍ പ്ലാന്‍റിന്‍റെ പ്രൊഡക്ഷന്‍ ലൈന്‍ ഉദ്ഘാടനത്തെ കാണാന്‍.
കേവലം രണ്ടുവര്‍ഷം കൊണ്ടാണ് LCA തേജസ് മാര്‍ക് 1A യുദ്ധവിമാനത്തിന്‍റെ മൂന്നാമത്തെ പ്രൊഡക്ഷന്‍ ലൈനിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഈ പ്ലാന്‍റ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായതോടെ പ്രതിവര്‍ഷം 24 തേജസ് യുദ്ധവിമാനങ്ങള്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റിഡിന്‍റെ മൂന്ന് പ്ലാന്‍റുകളിലായി നിര്‍മിക്കാം. 1964ലാണ് എച്ച്.എ.എല്ലിന്‍റെ നാസിക് ഡിവിഷന്‍ സ്ഥാപിച്ചത്. തുടക്കത്തില്‍ മിഗ് – 21 യുദ്ധവിമാനങ്ങള്‍ നിര്‍ക്കുന്നത് ഈ പ്ലാന്‍റിലായിരുന്നു. സോവിയറ്റ് നിര്‍മിതമായ മിഗ് –21 ലൈസന്‍സോടെയായിരുന്നു നാസിക് ഡിവിഷനില്‍ നിര്‍മിച്ചിരുന്നത്. ഏതാണ്ട് 900 യുദ്ധവിമാനങ്ങള്‍ ഈ പ്ലാന്‍റില്‍ നിര്‍മിച്ചിട്ടുണ്ട്. മിഗ് – 21, മിഗ് - 27, സുഖോയ് – 30 എംകെഐ എന്നീ യുദ്ധവിമാനങ്ങളാണ് ഇവ.
സങ്കീര്‍ണമെന്ന് തോന്നുമെങ്കിലും സുഖോയ് – 30 എംകെഐയില്‍ ബ്രഹ്മോസ് മിസൈലുകള്‍ ഘടിപ്പിച്ചതും നാസിക് ഡിവിഷനിലെ സാങ്കേതിക വിദഗ്ധരാണ്. ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാന്‍റെ ഭീകരകേന്ദ്രങ്ങളെ ആക്രമിക്കാന്‍ ഇന്ത്യ സുഖോയ് – 30 എംകെഐ എന്ന യുദ്ധവിമാനം ഉപയോഗിച്ചിരുന്നു. ബ്രഹ്മോസ് മിസൈലുകള്‍ ഘടിപ്പിച്ച സുഖോയ്–30 എംകെഐ വന്‍ നാശമാണ് പാക്കിസ്ഥാനില്‍ വിതച്ചത്.