എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

ഇന്ത്യന്‍ സൈന്യത്തിന്‍റെ നിരീക്ഷണ ശേഷി വര്‍ധിപ്പിക്കാനായി മീഡിയം ആൾട്ടിറ്റ്യൂഡ് പെർസിസ്റ്റന്റ് സർവൈലൻസ് സിസ്റ്റത്തിനായുള്ള (MAPSS) ഓര്‍ഡര്‍ ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിക്ക്. സൗരോർജത്തില്‍ പ്രവർത്തിക്കുന്ന ആളില്ലാ ആകാശ വാഹനമായ MAPSS വാങ്ങുന്നത് ന്യൂസ്‌പേസ് റിസർച്ച് & ടെക്‌നോളജീസിൽ (NRT) നിന്നാണ്. 168 കോടി രൂപയുടേതാണ് കരാര്‍. 

നിലവിൽ ഉപയോഗിക്കുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഡ്രോണുകൾക്ക് പകരം സൗരോർജത്തിൽ പ്രവർത്തിക്കുന്ന നിരീക്ഷണ യുഎവികൾ സൈന്യത്തിനായി വിന്യസിക്കുന്നത് ഇതാദ്യമായാണ്. ഇന്ത്യയുടെ വിശാലമായ അതിർത്തികളിൽ സ്ഥിരവും ഉയർന്ന റെസല്യൂഷനുള്ളതുമായ ഐഎസ്ആര്‍ (ഇന്റലിജൻസ്, സർവൈലൻസ്, റീകണൈസൻസ്) കവറേജ് നൽകാന്‍ ഇതിനാകും. ഭാരം കുറവായതിനാല്‍ ലഡാക്ക്, രാജസ്ഥാൻ പോലുള്ള വിദൂര പ്രദേശങ്ങളിൽ ദിവസങ്ങളോളം നിലയുറപ്പിക്കാനും സൈനിക നീക്കങ്ങൾ, കള്ളക്കടത്ത്, കടന്നുകയറ്റം എന്നിവ 24 മണിക്കൂറും നിരീക്ഷിക്കാനും സാധിക്കും. ശത്രുക്കളുടെ കണ്ണില്‍പ്പെടാനുള്ള സാധ്യതയും കുറവാണ്. സൗരോര്‍ജമായതുകൊണ്ടു തന്നെ ഇടയ്ക്കിടെ  ചാര്‍ജ് ചെയ്യാനായി ലാന്‍ഡ് ചെയ്യേണ്ട ആവശ്യവുമില്ല.

എൻആർടിയുടെ സോളാർ യുഎവി പ്രോട്ടോടൈപ്പുകൾ ഇതിനകം റെക്കോർഡുകൾ സൃഷ്ടിച്ചിട്ടുണ്ട്. ചിത്രദുർഗയിലെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ നടത്തിയ പരീക്ഷണങ്ങളില്‍ 26,000 അടിയിൽ കൂടുതൽ ഉയരത്തിൽ 27 മണിക്കൂറിലധികവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ 24 മണിക്കൂറിൽ കൂടുതലും പറക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. ഇന്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണം, ഇലക്ട്രോണിക് ഇന്റലിജൻസ് (ELINT), കമ്മ്യൂണിക്കേഷൻസ് റിലേ പിന്തുണ എന്നിവ നൽകുന്നതിനാണ് ഡ്രോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പ്രതിരോധ മന്ത്രാലയത്തിന്‍റെ ഇന്നൊവേഷൻസ് ഫോർ ഡിഫൻസ് എക്സലൻസ് (ഐഡെക്സ്) പദ്ധതിയുടെ ഭാഗമായാണ് കരാര്‍. പ്രാദേശിക ഗവേഷണം– വികസനം എന്നിവയിലൂടെ സൈന്യത്തിന്‍റെ ഭാവി ആവശ്യങ്ങള്‍ നിറവേറ്റുക, ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ പ്രോല്‍സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. MAPSS നിര്‍മ്മിക്കുന്ന എൻആർടി ഐഡെക്‌സിന് കീഴിൽ ഇതിന് മുന്‍പും നിരവധി കരാറുകള്‍ നേടിയിട്ടുണ്ട്. 

ENGLISH SUMMARY:

The Indian Army has placed a ₹168 crore order for solar-powered MAPSS drones from Bengaluru startup NewSpace Research & Technologies. These long-endurance UAVs will provide 24/7 surveillance along the Ladakh and Rajasthan borders.