ഇന്ത്യയുടെ തന്ത്രപ്രധാനവും ദേശീയ പ്രാധാന്യമുള്ളതുമായ സ്ഥലങ്ങളെയും സാധാരണക്കാരെയും സംരക്ഷിക്കാനുമുള്ള സംവിധാനം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘മിഷന്‍ സുദര്‍ശന്‍ ചക്ര സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുന്നത്. മിഷന്‍ സുദര്‍ശന്‍ ചക്രയ്ക്ക് കീഴില്‍ 'അയണ്‍ ഡോമി'ന്റെ ഇന്ത്യന്‍ പതിപ്പ് നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് സംയുക്ത സേനാ മേധാവി രൂപരേഖയും സമര്‍പ്പിച്ചിരുന്നു. 2035 ഓടെ പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 'മിഷൻ സുദർശൻ ചക്ര' (എംഎസ്‌സി) യുടെ നിർണായക ഘടകമായ പ്രൊജക്റ്റ് കുഷയ്ക്ക് കീഴിൽ തദ്ദേശീയമായി നിർമ്മിച്ച വ്യോമ, മിസൈൽ പ്രതിരോധ കവചത്തിനായി പുതിയ ഇന്റർസെപ്റ്റർ മിസൈലുകൾ അടുത്ത വർഷം പരീക്ഷിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ.
ശത്രുവിമാനങ്ങൾ, സ്റ്റെൽത്ത് ഫൈറ്ററുകൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ, പ്രിസിഷൻ-ഗൈഡഡ് യുദ്ധോപകരണങ്ങൾ എന്നിവയ്‌ക്കെതിരെ 150 കിലോമീറ്റർ പരിധിയുള്ള എം1 മിസൈൽ 2026ൽ പരീക്ഷിക്കാനാണ് പദ്ധതി. ഡിആർഡിഒ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മിസൈൽ അധിഷ്ഠിത ലെയര്‍ പ്രതിരോധ സംവിധാനത്തിനായി, 2027ൽ എം2 മിസൈലും (250 കിലോമീറ്റർ പരിധി), 2028ല്‍ എം3 മിസൈലും (350 കിലോമീറ്റർ പരിധി) പരീക്ഷിക്കുമെന്നും ഉന്നത വൃത്തങ്ങൾ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 2028 ഓടെ പ്രോജക്റ്റ് കുഷയ്ക്ക് കീഴിലുള്ള ഈ മൂന്ന് ദീർഘദൂര ഉപരിതല- വായു മിസൈലുകളുടെയും (LR-SAM-കൾ) അനുബന്ധ സംവിധാനങ്ങളുടെയും വികസനം പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യം. 2030 മുതൽ ഇവ ഉപയോഗിച്ചു തുടങ്ങാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വൃത്തങ്ങൾ പറയുന്നു.
വ്യാമസേനയുടെ പക്കലുള്ള റഷ്യൻ നിർമ്മിത എസ് -400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനത്തിനോട് കിടപിടിക്കുന്ന ഈ LR-SAM സംവിധാനം പൂർണ്ണമായും ഓട്ടോമേറ്റഡ് ആണ്. ഒരു മൾട്ടി-ലേയേർഡ് സംയോജിത വ്യോമ, മിസൈൽ പ്രതിരോധ കവചം നിർമ്മിക്കുന്നതിനുള്ള മിഷൻ സുദർശൻ ചക്രയുടെ ഭാഗമായിരിക്കും ഇത്. ഇത് അമേരിക്കയുടെ നിർദ്ദിഷ്ട ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ സംവിധാനത്തിനോ ഇസ്രയേൽ വിന്യസിച്ചിരിക്കുന്ന അയേണ്‍ ഡോമിനോടോ സമാനമായിരിക്കാം മിഷന്‍ സുദര്‍ശന്‍ ചക്ര. ഒരേസമയം ഇത് ഒരു പരിചയായും വാളായും പ്രവർത്തിക്കുമെന്നാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാന്‍ പറഞ്ഞത്. പ്രതിരോധ കവചം വ്യോമ ഭീഷണികളെ തടുക്കുക മാത്രമല്ല, എതിരാളിയെ പല മടങ്ങ് ശക്തിയില്‍ ആക്രമിക്കുകയും ചെയ്യും.
ഓഗസ്റ്റ് 23 ന് ഡിആർഡിഒ നടത്തിയ ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റത്തിന്റെ (ഐഎഡിഡബ്ല്യുഎസ്) ആദ്യ പരീക്ഷണത്തോടെ പദ്ധതിയിലേക്കുള്ള ചുവടുവയ്പ്പ് ആരംഭിച്ചിട്ടുണ്ട്. ക്വിക്ക് റിയാക്ഷൻ സർഫേസ്-ടു-എയർ മിസൈലുകൾ (ക്യുആർഎസ്എഎംഎസ്), ഹ്രസ്വ-ദൂര വ്യോമ പ്രതിരോധ സംവിധാനം (വിഎസ്എച്ച്ഒആർഎഡിഎസ്), മിസൈലുകൾ, 30 കിലോവാട്ട് ലേസർ അധിഷ്ഠിത ഡയറക്റ്റഡ് എനർജി വെപ്പൺ (ഡിഇഡബ്ല്യു) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മിഷൻ സുദർശൻ ചക്രയ്ക്കായി പല സംവിധാനങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്, അല്ലെങ്കിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അവയെല്ലാം സംയോജിപ്പിക്കുക എന്നതാണ് യഥാർത്ഥ വെല്ലുവിളി.