‘മിഷന്‍ ഇംപോസിബിള്‍’ അഥവാ അസാധ്യദൗത്യം. ഇസ്രയേല്‍ ചാര ഏജന്‍സിയായ മൊസാദ് എത്തിപ്പിടിക്കുന്നത് ഇത്തരം ലക്ഷ്യങ്ങളാണ്. ഇറാന്റെ ആണവായുധ ദൗത്യങ്ങൾക്കു മേൽ ഇസ്രയേല്‍ മിസൈല്‍ പതിച്ചപ്പോൾ ചിതറിയത് ഇറാന്‍റെ വിലമതിക്കാനാകാത്ത ചില തലച്ചോറുകള്‍ കൂടിയായിരുന്നു. ഇറാന്‍ ആണവോര്‍ജ ഏജന്‍സിയുടെ മുന്‍ തലവന്‍ ഫെറിദീന്‍ അബ്ബാസി ഉള്‍പ്പെടെ കൊല്ലപ്പെട്ടു. 2010ല്‍ ഇതുപോലൊരു ആക്രമണത്തെ അതിജീവിച്ച അബ്ബാസി, അന്നു പറഞ്ഞത് താന്‍ സന്തോഷത്തോടെ ആണവായുധം നിര്‍മിക്കുമെന്നാണ്.
അതില്‍ ശത്രുവിനോടുള്ള പരിഹാസം ഉണ്ടായിരുന്നു. പക്ഷേ ഇത്തവണ മൊസാദിന്റെ നീക്കത്തിനു മുന്‍പില്‍ അബ്ബാസിയെന്ന വന്‍മരം വീണു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി അടക്കം ഇപ്പോള്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുമ്പോള്‍ ഇറാന്റെ നെഞ്ചിനേറ്റ മറ്റൊരു മുറിവു കൂടിയുണ്ട് ഈ യുദ്ധത്തില്‍ എടുത്തുപറയാന്‍.ഇറാന്റെ എക്കാലത്തേയും മികച്ച ആണവ ശാസ്ത്രജ്ഞന്‍ മൊഹ്സെന്‍ ഫക്രിസാദെയുടെ മരണമാണിത്. ഇന്നും ഇറാന് കൃത്യമായൊരുത്തരം കിട്ടാത്ത നിഗൂഢ വിയോഗം. മൊഹ്സെന്‍ ഫക്രിസാദേ കരിയര്‍ തുടങ്ങിയ കാലം മുതല്‍ പാശ്ചാത്യ ഇന്റലിജന്‍സിന്റെ കണ്ണിലെ കരടായിരുന്നു.
അറിവും ബുദ്ധികൂര്‍മതയും ഒത്തുചേര്‍ന്ന ഫക്രിസാദേയാണ് ‘പ്രൊജക്റ്റ് അമദി’ന്റെ പിന്നിലെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചു. 1989 മുതൽ 2003 വരെ ഇറാനിൽ രഹസ്യമായി നടപ്പാക്കിയ ആണവ പദ്ധതിയായിരുന്നു ‘പ്രൊജക്റ്റ് അമദ്’. അണുബോംബുകള്‍ നിര്‍മിക്കുക, അവ മിസൈലുകളില്‍ സ്ഥാപിക്കുക, യുറേനിയം സമ്പുഷ്ടീകരണം, ഹൈ എക്‌സ്‌പ്ലോസീവ് പരീക്ഷണങ്ങൾ... അന്ന് ഫക്രിസാദേയുടെ ലക്ഷ്യങ്ങള്‍ പലതായിരുന്നു. 2003-ൽ, രാജ്യാന്തര സമ്മർദ്ദം മൂലം ഇറാൻ ഈ പദ്ധതി അവസാനിപ്പിച്ചെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല.
യഥാര്‍ത്ഥത്തില്‍ ശത്രുനിരീക്ഷണത്തില്‍ നിന്ന് പൂര്‍ണമായി മറച്ചുവച്ച പദ്ധതിയായിരുന്നു അതെന്ന് 2018-ൽ മൊസാദ്, ടെഹ്റാനിലെ ഒരു രഹസ്യ വെയർഹൗസിൽ നിന്ന് കൈവശപ്പെടുത്തിയ രേഖകള്‍ വ്യക്തമാക്കുന്നു. ‘പ്രോജക്ട് അമദ്’ ഔദ്യോഗികമായി അവസാനിപ്പിച്ചെങ്കിലും ഇക്കാര്യത്തില്‍ ഇറാന്‍ സംഭരിച്ച അറിവുകളും സാമഗ്രികളും ഇപ്പോഴും അവിടെയുണ്ടെന്നാണ് വിദേശ ഏജന്‍സികള്‍ വിലയിരുത്തുന്നത്.
ഓപ്പണ്‍ ഹൈമര്‍
ഇറാന്റെ ‘റോബര്‍ട്ട് ഓപ്പന്‍ ഹൈമര്‍’ എന്നാണ് ഫക്രിസാദെ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഫോട്ടോ ഇറാന്‍കാര്‍ പോലും കണ്ടിട്ടില്ല. ശബ്ദമോ അഭിമുഖങ്ങളോ ഇല്ല. തീര്‍ത്തും ‘ഇന്‍വിസിബിള്‍ മാന്‍’. ഇറാന്‍ 2015ല്‍ ആണവോര്‍ജ ഉടമ്പടി ഒപ്പുവെച്ചപ്പോഴും അദ്ദേഹത്തിന്റെ പേര് പരാമർശിക്കാൻ പോലും ആരും മുതിര്‍ന്നില്ല. പാശ്ചാത്യ ഇന്റലിജൻസ് ഏജൻസികളും ഇസ്രയേലി ഉദ്യോഗസ്ഥരും അദ്ദേഹത്തെ ‘ഇറാന്റെ ആണവോര്‍ജ പദ്ധതിയുടെ പിതാവ്’ എന്നാണ് വിശേഷിപ്പിച്ചത്.
2018 ൽ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ഒരുതവണ ഫക്രിസാദെയെ ഉദ്ദേശിച്ച് ടെലിവിഷനില്‍ ഒരു പരാമര്‍ശം നടത്തി. ഇറാനില്‍ നിന്ന് മോഷണം പോയ ആണവോര്‍ജ പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകളെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അത്. അപ്പോഴും ‘ആ പേര് ഓര്‍ക്കൂ’ എന്ന് മാത്രമായിരുന്നു നെതന്യാഹു പറഞ്ഞത്.
നിറയൊഴിച്ച ആളില്ലാ ട്രക്ക്
2020 നവംബര്‍ 27. കിഴക്കന്‍ ടെഹ്റാനിലെ അബ്സാര്‍ഡിലെ വില്ലയിലേക്ക് ഫക്രിസാദെ ഭാര്യയ്ക്കും സുരക്ഷാ ഭടന്മാര്‍ക്കുമൊപ്പം കാറില്‍ സഞ്ചരിക്കുന്നു. പിന്നാലെ കൃത്യമായ അകലത്തില്‍ സുരക്ഷാ വാഹനവ്യൂഹം. യാത്ര ചെയ്ത് പരിചിതമുള്ള വഴി. അപരിചിതമായി ഒന്നുമില്ല. അല്‍പം മുന്‍പില്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു പിക്കപ്പ് ട്രക്ക്. പുറത്തുനിന്നു നോക്കിയാല്‍ സാധാരണ ട്രക്ക്, ഉള്ളിലാകട്ടെ 7.62mm FN MAG മെഷീന്‍ ഗണ്‍. ഫക്രിസാദെയുടെ മുഖം തിരിച്ചറിയുന്ന എഐ ഉപകരണം, സാറ്റലൈറ്റ് ലിങ്ക്, സ്‌ഫോടക വസ്തുക്കൾ എന്നിവയും സജ്ജം. ട്രക്കിലോ പരിസരത്തോ ഒരു പൂച്ചക്കുഞ്ഞുപോലുമില്ല.
സ്പീഡ് ബംപിലെത്തിയ സുരക്ഷാ വാഹനം വേഗം കുറച്ചു. അതേസമയം ഒരു തെരുവുനായ റോഡ് ക്രോസ് ചെയ്തു. ഞൊടിയിടയില്‍ ട്രക്കിലെ മെഷീന്‍ ഗണ്‍ ആക്ടിവായി. ഫക്രിസാദെയുടെ കാറിനു നേരെ വെടിയുണ്ടകള്‍ തുരുതുരാ പാഞ്ഞു. വണ്ടിയുടെ വിന്‍ഡ് ഷീല്‍ഡിനു താഴെയായി കനത്ത പ്രഹരം. രണ്ടാം റൗണ്ടില്‍ കാറിന്റെ ചില്ലും തകര്‍ത്ത് ഫക്രിസാദെയുടെ തോളിനു വെടിയേറ്റു. അദ്ദേഹം പുറത്തിറങ്ങി കാറിനുപിന്നിൽ മറഞ്ഞുനിന്നു. നിമിഷങ്ങൾക്കകം മൂന്ന് വെടിയുണ്ടകൾ ഫക്രിസാദെയുടെ നട്ടെല്ല് തുളച്ചുകയറി. ഇറാന്റെ ഹൃദയം തകര്‍ന്ന് റോഡില്‍ തളര്‍ന്നുവീണ കാഴ്ച. അതേസമയം തൊട്ടടുത്തുനിന്ന ഫക്രിസാദെയുടെ ഭാര്യയ്ക്ക് പോറല്‍ പോലുമേറ്റില്ല. അത്രയും ഷാര്‍പ് അറ്റാക്ക്.
ഫക്രിസാദെയെ ഉന്നംവച്ചുവന്നത് 15 ബുള്ളറ്റുകള്‍. മുഴുവന്‍ ഓപ്പറേഷന് മൊസാദ് എടുത്തത് വെറും ഒരു മിനിറ്റ്. ഫക്രിസാദെയുടെ വീഴ്ച്ച ഉറപ്പാക്കിയതിനു പിന്നാലെ ട്രക്ക് ഒരു തീഗോളമായി. അത് പാളിപ്പോയ നീക്കമായിരുന്നെന്ന് അന്ന് പലരും കരുതിയെങ്കിലും തെളിവുകള്‍ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്ന് പിന്നീട് തിരിച്ചറിഞ്ഞു. റോബോട്ടിക് ആയുധം ട്രേസ് ചെയ്യാതിരിക്കാനുള്ള മൊസാദിന്റെ മറ്റൊരു തന്ത്രമായിരുന്നു അത്. ഫക്രിസാദെയുടെ ദാരുണാന്ത്യം കണ്ട് ഇറാന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധമായി. രാജ്യത്തിനു പുറത്തുനിന്ന് സാറ്റലൈറ്റ് നിയന്ത്രണം വഴി മൊസാദ് നടത്തിയ കൊലപാതകമായിരുന്നു അതെന്ന് ഇറാനിയന്‍ അധികൃതര്‍ വിലയിരുത്തി.
നിരീക്ഷണം മുതല്‍ നടപ്പാക്കല്‍ വരെയുള്ള പ്രവര്‍ത്തനത്തിനു പിന്നില്‍ മൊസാദിന്റെ കൈകളായിരുന്നുവെങ്കിലും അവര്‍ ഉത്തരവാദിത്തം ഏറ്റെടുത്തില്ല. പിന്നീടൊരിക്കല്‍ മുന്‍ മൊസാദ് മേധാവി യോസി കോഹന്‍ ചെറിയൊരു സൂചന നല്‍കി. ഫക്രിസാദെ ഇസ്രയേലിന്റെ ‘ലെജിറ്റിമേറ്റ് ടാര്‍ഗറ്റ്’ ആയിരുന്നുവെന്നാണ് കോഹന്‍ അന്നുപറഞ്ഞത്.
ഫക്രിസാദെയെ വീഴ്ത്തിയ വഴി
മാസങ്ങള്‍ നീണ്ട നിരീക്ഷണവും വിവരശേഖരണവും പൂര്‍ത്തിയാക്കിയാണ് മൊസാദ് ഫക്രിസാദെയെ വധിച്ചത്. ആയുധം പല കഷ്ണങ്ങളായി ടെഹ്റാനിലെത്തിച്ചു. ഇറാന്റെ മണ്ണില്‍വച്ച് കൂട്ടിയോജിപ്പിച്ചു. രഹസ്യമായി ആയുധത്തിന്റെ പ്രവര്‍ത്തനം പരീക്ഷിച്ചു. ഇറാന്‍ ഒന്നുമറിഞ്ഞില്ല. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ടാര്‍ഗറ്റഡ് കൊലപാതകം. ഭാര്യയെയോ സുരക്ഷാ ഉദ്യോഗസ്ഥരെയോ അപായപ്പെടുത്താതെ മൊസാദ് നടത്തിയ ആക്രമണത്തെ ഇറാന്‍ റവല്യൂഷണി ഗാര്‍ഡ് പോലും വിശേഷിപ്പിച്ചത് കൃത്യതയുള്ള പ്രഹരം എന്നായിരുന്നു.
ഈ സംഭവത്തോടെ രാജ്യാന്തര തലത്തിൽ ഇറാന്റെ നിലപാട് കൂടുതൽ കടുത്തു. യുഎസുമായും യൂറോപ്യൻ രാജ്യങ്ങളുമായും നടന്ന ചർച്ചകൾ നിലച്ചു.യുറേനിയം സമ്പുഷ്ടീകരണത്തിന് വേഗം കൂട്ടി. രാജ്യത്തിനകത്തും ഭരണകൂടം നിലപാട് കര്‍ക്കശമാക്കി. ആണവചര്‍ച്ചകള്‍ക്കും കനത്ത തിരിച്ചടിയായിരുന്നു ഫക്രിസാദെയുടെ ദാരുണകൊലപാതകം. നിലവിലെ യുദ്ധസാഹചര്യം വിലയിരുത്തുമ്പോള്‍ തുടക്കം അവിടെനിന്നായിരുന്നുവെന്ന് കരുതിയാല്‍ തെറ്റില്ല.