ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ നിര്‍ണായകമായത് ബ്രഹ്മോസ് മിസൈലാണ്. ബ്രഹ്‌മോസിന്‍റെ 800 കിലോമീറ്റര്‍ പരിധിയുള്ള പതിപ്പ് സേനയില്‍ ഉള്‍പ്പെടുത്തും. പരീക്ഷണം അവസാന ഘട്ടത്തിലാണ്. കരയിൽനിന്ന് തൊടുക്കാവുന്ന ബ്രഹ്മോസ്. സുഖോയ് 30 എംകെഐ എന്ന യുദ്ധവിമാനത്തില്‍നിന്നും വിക്ഷേപിക്കാം. പടക്കപ്പലുകളില്‍നിന്നും ആവശ്യമെങ്കില്‍ അന്തര്‍വാഹിനികളില്‍നിന്നും ബ്രഹ്മോസ് തൊടുക്കാം.
സൂപ്പർ സോണിക് ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ബ്രഹ്മോസിന്‍റെ പരിഷ്കരിച്ച പതിപ്പിന്‍റെ പരീക്ഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ആദ്യം 290 കിലോമീറ്ററായിരുന്നു ബ്രഹ്മോസിന്‍റെ പരിധി. പിന്നീടത് 450 കിലോമീറ്ററായി ഉയര്‍ത്തി.
ഇനി ഗേയിം ചേഞ്ചറാകാന്‍ പോകുന്നത് ബ്രഹ്മോസിന്‍റെ 800 കിലോമീറ്റര്‍ പതിപ്പാണ്. പരീക്ഷണം പുരോഗമിക്കുകയാണ്. 2027 അവസാനത്തോടെ മിസൈല്‍ സേനയില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം. നാവികസേനയും കരസേനയുമാകും പ്രധാന ഗുണഭോക്താക്കള്‍. ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം വ്യോമസേനയിലേക്ക് 110 ബ്രഹ്മോസ് മിസൈലും നാവികസേനയിലേക്ക് 220 മിസൈലും വാങ്ങാനുള്ള ശതകോടികളുടെ കരാര്‍ ഒപ്പിട്ടിരുന്നു.