തലങ്ങും വിലങ്ങും പാഞ്ഞെത്തുന്ന മിസൈലുകളെ നിഷ്പ്രഭമാക്കി ഇസ്രയേലിനെ സുരക്ഷിതമാക്കുന്ന അയണ്‍ ഡോം. ഇതുപോലൊരു ഐറ്റം അണിയറയില്‍ ഒരുങ്ങുന്നു എന്നാണ് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നല്‍കിയ സൂചന. ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളെയും പൗരന്മാരെയും ശത്രു ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ തദ്ദേശീയ വ്യോമപ്രതിരോധ സംവിധാനം വികസിപ്പിക്കാന്‍ 'മിഷൻ സുദർശൻ ചക്ര' എന്ന പദ്ധതിയാണ് വെള്ളിയാഴ്ച പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
തദ്ദേശിയമായി നിര്‍മിക്കുന്ന ഈ പ്രതിരോധ കവചം 2035 ഓടെ പ്രവര്‍ത്തനക്ഷമാക്കാനാണ് ലക്ഷ്യമിടുന്നത്. '2035 ഓടെ പ്രതിരോധ കവചം വികസിപ്പിക്കാനും ശക്തിപ്പെടുത്താനും ആധുനിക വല്‍ക്കരിക്കാനും ആഗ്രഹിക്കുന്നു. ശ്രീകൃഷ്ണനില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് സുദര്‍ശന്‍ ചക്രത്തിന്‍റെ പാത തിരഞ്ഞെടുക്കുന്നു' എന്നാണ് നരേന്ദ്രമോദി വെള്ളിയാഴ്ച ചെങ്കോട്ടയില്‍ പറഞ്ഞത്.
ഒരു മള്‍ട്ടി ലെയര്‍ ഫ്രെയിം വര്‍ക്ക് എന്ന നിലയില്‍ ഇസ്രയേലിന്‍റെ അയണ്‍ ഡോമിനെ പോലെ മിസൈല്‍ പ്രതിരോധ ഷീല്‍ഡായിട്ടാകും സുദര്‍ശന ചക്ര പ്രവര്‍ത്തിക്കുക. ഒരു വ്യോമപ്രതിരോധ കവചം എന്നതിലുപരിയായി കൃത്യമായ പ്രത്യാക്രമണവും ഹാക്കിങ്, ഫിഷിങ് പോലുള്ള ഡിജിറ്റല്‍ ഭീഷണികളെ നിര്‍വീര്യമാക്കുന്ന ആന്‍റി സൈബര്‍ യുദ്ധ നടപടികളും സുദര്‍ശന്‍ ചക്രയുടെ ഭാഗമാകും എന്നാണ് വിവരം.
വ്യോമപ്രതിരോധ സംവിധാനത്തിന് സമാനമായ ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റം നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. 100 ണിക്കൂറോളം നീണ്ട ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്ക് മിസൈലുകളെ തച്ചുതകര്‍ത്തത് ഇവയായിരുന്നു. ദീര്‍ഘദൂര എസ്-400 മിസൈലുകളും ആകാശ് മിസൈല്‍ സംവിധാനങ്ങളും മധ്യദൂര സ്പൈഡര്‍ സംവിധാനങ്ങളും അടങ്ങുന്നതാണ് ഐഎസിസിഎസ്. ഇതിനൊപ്പം സുദർശൻ ചക്ര വികസിപ്പിക്കും.
വായുവിലും കരയിലും കടലിലുമുള്ള ഭീഷണികളെ നിർവീര്യമാക്കാനുള്ള ശേഷി സുദര്‍ശന്‍ ചക്രയ്ക്കുണ്ടാകും. രാജ്യത്തെ യുവാക്കളുടെ പങ്കാളിത്തത്തോടെ ഗവേഷണം, വികസനം, നിർമ്മാണ പ്രക്രിയ എന്നിവ തദ്ദേശിയമായി നടത്തുകയാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. 'ഈ സംവിധാനം പൂർണമായും ഇന്ത്യയിൽ ഗവേഷണം ചെയ്യുകയും വികസിപ്പിക്കുകയും നിർമിക്കുകയും ചെയ്യണം' എന്നും മോദി ചെങ്കോട്ടയിലെ പ്രസംഗത്തില്‍ പറഞ്ഞു.
ഇസ്രയേലിന്‍റെ അയണ്‍ ഡോം വ്യോമപ്രതിരോധ സംവിധാനത്തേക്കാള്‍ നൂതനമായ സംവിധാനമാകും സുദര്‍ശന ചക്ര എന്നാണ് വിലയിരുത്തല്‍. വ്യോമാക്രമണങ്ങളെ തടയാന്‍ സാധിക്കുന്ന മൾട്ടി-ലെയേർഡ് മിസൈൽ പ്രതിരോധ ശൃംഖലയാണ് അയൺ ഡോം. മിസൈൽ, ഡ്രോൺ, ഷെൽ എന്നിവ തിരിച്ചറിഞ്ഞ് തകര്‍ക്കാന്‍ അയേൺ ഡോമിന് സാധിക്കും. 2010 ല്‍ വിന്യസിച്ച അയണ്‍ ഡോം ഹമാസ്, ഹിസ്ബുല്ല, ഹൂതി, ഇറാന്‍ മിസൈലുകളെ തടയുന്ന ഇസ്രയേലിന്‍റെ കരുത്താണ്. 90 ശതമാനത്തിലധികം വിജയശതമാനമാണ് ഈ സംവിധാനം അവകാശപ്പെടുന്നത്.