Image Credit: X (Left), AP (Right)
പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ കൊലപാതകത്തിന് പിന്നാലെ ഇസ്രയേലിലേക്ക് തിരിച്ചടി ശക്തമാക്കി ഇറാന്‍. നേരിട്ടും ഹിസ്ബുല്ലയെ ഉപയോഗിച്ചും ഇറാന്‍ നടത്തുന്ന തിരിച്ചടിയില്‍ ഇസ്രയേലിലും കനത്ത നാശമുണ്ടാകുന്നതായാണ് റിപ്പോര്‍ട്ട്. ഇസ്രയേലിലേക്ക് ഇറാന്‍ തൊടുത്ത മിസൈല്‍ , ഇസ്രയേലിന്‍റെ പ്രതിരോധ സംവിധാനങ്ങളെയും മറികടന്ന് ലക്ഷ്യത്തില്‍ പതിച്ചതിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ജെറുസലേമില്‍ വീണ മിസൈലെന്ന പേരിലാണ് വിഡിയോ പ്രചരിക്കുന്നത്. പത്ത് ഇന്‍റര്‍സെപ്റ്ററുകളെയും ഭേദിച്ചാണ് മിസൈല്‍ ലക്ഷ്യത്തില്‍ എത്തുന്നത്. കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് പകര്‍ത്തിയതാണ് വിഡിയോ. ലക്ഷ്യത്തില്‍ പതിക്കുമ്പോള്‍ തീപ്പൊരി ചിതറുന്നതും വിഡിയോയില്‍ കാണാം. Also Read: അമേരിക്കയുടെ എഫ്–15 വീഴ്ത്തിയെന്ന് ഇറാന്‍; തകര്‍ന്ന് വീണത് കുവൈത്തില്‍
ഇറാന്‍റെ ഫത്താ മിസൈലാണിതെന്നാണ് ആളുകള്‍ കമന്‍റ് ചെയ്തിരിക്കുന്നത്. മധ്യദൂര ബലിസ്റ്റിക് മിസൈലായ ഫത്ത, ഇറാന്‍ നേരത്തെയും പ്രയോഗിച്ചിട്ടുള്ളതാണ്. ജൂണിലെ 12 ദിവസത്തെ യുദ്ധത്തിനിടെയും ഇസ്രയേലിലേക്ക് ഇറാന്‍ ഫത്ത തൊടുത്തിരുന്നു. പരിഷ്കരിച്ച ഫത്തയാണിപ്പോള്‍ ഇറാന്‍ ഉപയോഗിക്കുന്നെതന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഹൈപ്പര്‍സോണിക് ഗ്ലൈഡാണ് ഫത്തയില്‍ ഉപയോഗിക്കുന്നതെന്നാണ് മിലിറ്ററി വാച്ച് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശബ്ദത്തേക്കാൾ അഞ്ചിരട്ടിയിലധികം വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന അത്യാധുനിക മിസൈൽ സാങ്കേതികവിദ്യയാണ് ഹൈപ്പർസോണിക് ഗ്ലൈഡ്. ഇങ്ങനെ ഹൈപ്പര്‍ സോണിഗ് ഗ്ലൈഡ് വെഹിക്കിള്‍ ഉപയോഗിക്കുമ്പോള്‍ ലക്ഷ്യത്തിലേക്ക് കൂടുതല്‍ കൃത്യമായി എത്തിച്ചേരാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
ക്രമാനുഗതമാണ് ബാലിസ്റ്റിക് മിസൈലിന്‍റെ സഞ്ചാരപഥം. വളരെ ഉയര്‍ന്ന അന്തരീക്ഷത്തിലെത്തിയ ശേഷം മാത്രമാണ് ഇതിന്‍റെ പോര്‍മുന വിഘടിക്കുന്നതും ഗുരുത്വബലത്തിന്‍റെ സഹായത്തോടെ ലക്ഷ്യത്തില്‍ പതിക്കുന്നതും. ആകാശത്തേക്ക് എറിയുന്ന കല്ല് തല തിരിഞ്ഞ് ഭൂമിയിലേക്ക് യു ഷേപ്പില്‍ പതിക്കുന്നത് പോലെയെന്ന് പറയാം.
ഇസ്രയേലിന്‍റെ വ്യോമപ്രതിരോധം കെട്ടുകഥയാണെന്നും അതിനെയും ഭേദിക്കാന്‍ പോന്നതാണ് ഫത്തായെന്നും ഇറാന്‍ സൈന്യം നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു. 'ഫത്തായുടെ കരുത്ത് ഭീരുക്കളായ സയണിസ്റ്റുകള്‍ ഇന്ന് അറിയുമെന്നും തെറ്റിദ്ധാരണകളെല്ലാം നീങ്ങാന്‍ പോകുന്നു'വെന്നുമായിരുന്നു ഇറാന്‍ സൈന്യത്തിന്‍റെ കുറിപ്പ്.
മാസങ്ങള്‍ നീണ്ട മധ്യസ്ഥ ശ്രമങ്ങള്‍ക്കൊടുവിലാണ് ചര്‍ച്ചയിലേക്ക് ഇറാനും യുഎസും എത്തിയത്. ഒമാന്‍റെ നേതൃത്വത്തിലായിരുന്നു ആണവ ചര്‍ച്ചകള്‍ പുരോഗമിച്ചതും. ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും വിജയകരമായതോടെ കരാറിലെത്തുമെന്ന് ശുഭ സൂചനകളുണ്ടായി. പിന്നാലെ മൂന്നാം ചര്‍ച്ച അലസിപ്പിരിഞ്ഞു. അമേരിക്കന്‍ താല്‍പര്യത്തിന് ഇറാന്‍ വഴങ്ങുന്നില്ലെന്നായിരുന്നു ട്രംപിന്‍റെ വാദം. സ്റ്റോക്പൈലിങ് അവസാനിപ്പിക്കാമെന്നതടക്കമുള്ള ഉപാധികള്‍ ഇറാന്‍ അംഗീകരിക്കുകയും കരാറിലെത്താമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തതിന് പിറ്റേന്നാണ് ഇസ്രയേലും യുഎസും സംയുക്തമായി ഇറാനെ ആക്രമിക്കുന്നതും ആയത്തുല്ല ഖമനയിയടക്കം ഉന്നതരെ വധിക്കുന്നതും. മണിക്കൂറുകള്‍ക്കകം ഇറാന്‍ മധ്യപൂര്‍വദേശത്തെ യുഎസ് സൈനികത്താവളങ്ങളിലും ഇസ്രയേലിലും തിരിച്ചടിച്ചു. നിലവിലെ സാഹചര്യത്തില്‍ സൈനിക നടപടി നാലാഴ്ച കൂടി നീളുമെന്നാണ് യുഎസ് പ്രസിഡന്‍റ് ഇപ്പോള്‍ പറയുന്നത്. ചര്‍ച്ചയ്ക്ക് ഇറാന്‍ തന്നെ സമീപിച്ചെന്നും താന്‍ വഴങ്ങിയില്ലെന്നും ട്രംപ് അവകാശപ്പെട്ടെങ്കിലും യുഎസുമായി ഒരു ചര്‍ച്ചയ്ക്കും തയാറല്ലെന്നാണ് ഇറാന്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.