ആകാശത്തിലെ ടാങ്കുകൾ; ശത്രുവിന്റെ കോട്ടകളെ തകർത്തെറിയുന്ന, ഏത് പ്രതികൂല സാഹചര്യങ്ങളിലും കൃത്യമായ പ്രഹരം ഏൽപ്പിക്കാന്‍ സാധിക്കുന്ന ലോകത്തിലെ ഏറ്റവും അത്യാധുനിക ആക്രമണ ഹെലികോപ്റ്ററുകളിലൊന്നായ അപ്പാച്ചെ ഇനി ഇന്ത്യന്‍ കരസേേനയ്ക്കും. മൂന്ന് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ബോയിങ് കൈമാറുന്നത്. സാങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോയ കൈമാറ്റത്തിന്‍റെ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോൾ ഇന്ത്യന്‍ സേനയുടെ ശക്തി ഇരട്ടിക്കും. മാത്രമല്ല പഹല്‍ഗാമിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷം ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തി സംഘര്‍ഷഭരിതമായിരിക്കെ അപ്പാച്ചെയുടെ വരവ് യുദ്ധ സമവാക്യങ്ങളെത്തന്നെ മാറ്റിയെഴുതിയേക്കും.
അപ്പാച്ചെ ഹെലികോപ്റ്ററുകള്‍
ലോകത്തെ ഏറ്റവും മികച്ച കോംബാറ്റ് ഹെലികോപ്റ്ററുകളില്‍ ഒന്നാണ് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍. മിസൈലുകളും റോക്കറ്റുകളുമടക്കം അത്യാധുനിക ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ഈ ഹെലികോപ്റ്ററുകള്‍ക്ക് ഏതു കാലാവസ്ഥയിലും സഞ്ചരിക്കാന്‍ കഴിയും. വെടിയുണ്ടകളെ അതിജീവിക്കാനും ശേഷിയുണ്ട്. താഴ്ന്നു പറന്ന്, അതിവേഗം ആക്രമിച്ച് സുരക്ഷിതമായി മടങ്ങാൻ കഴിവുള്ള അതിശക്തമായ പ്രതിരോധ സംവിധാനമായിരിക്കും അപ്പാച്ചെ.
ക്ലോസ് സപ്പോർട്ടിനായി 30 എംഎം എം230 ചെയിൻ ഗൺ, ഏരിയ സാച്ചുറേഷനായി 70 എംഎം ഹൈഡ്ര റോക്കറ്റുകൾ, ആറ് കിലോമീറ്ററിലധികം അകലെ നിന്ന് കവചിത വാഹനങ്ങളെയും ടാങ്കുകളെയും നശിപ്പിക്കാൻ കഴിയുന്ന എജിഎം-114 ഹെൽഫയർ മിസൈലുകൾ എന്നിവ ഉൾപ്പെടുന്നതാണ് അപ്പാച്ചെയുടെ ആയുധപ്പുര. വ്യോമാക്രമണ ഭീഷണികളെ നേരിടുന്നതിനായി വായുവിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന സ്റ്റിങർ മിസൈലുകളും ഇവ വഹിക്കുന്നു. ഇതോടെ ഹെലികോപ്റ്ററുകള്‍ക്കും യുഎവികള്‍ക്കും പേടിസ്വപ്നമായി അപ്പാച്ചെ മാറും.
അപ്പാച്ചെയുടെ ശേഷികളില്‍ ഏറെ പ്രാധാന്യം റോട്ടറിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന AN/APG-78 ലോങ്ബോ റഡാർ സംവിധാനമാണ്. നേരിട്ടുള്ള സമ്പർക്കമില്ലാതെ തന്നെ ശത്രുവിനെ കണ്ടെത്താനും ട്രാക്ക് ചെയ്യാനും ഈ സംവിധാനത്തിന് സാധിക്കും. മറഞ്ഞിരുന്ന് ലക്ഷ്യം കണ്ടെത്താനും ആക്രമിക്കാനും കഴിയും. നൂതന ഇൻഫ്രാറെഡ് സെൻസറുകൾ, ഹെൽമെറ്റ്-മൗണ്ടഡ് ഡിസ്പ്ലേകൾ, നൈറ്റ് വിഷൻ സിസ്റ്റങ്ങൾ എന്നിവ ഇരുട്ടിലും ‘വേട്ടയാടാന്‍’ കരുത്ത് പകരുന്നു. ഡ്രോണുകളിൽ നിന്നുള്ള തത്സമയ സെൻസർ ഫീഡുകൾ സ്വീകരിക്കാനും ടാർഗെറ്റിങ് ഡാറ്റ തത്സമയം പങ്കിടാനും അപ്പാച്ചെക്ക് സാധിക്കും.
മറ്റൊരു പ്രത്യേകത ‘മോഡേണൈസ്ഡ് ടാർഗെറ്റ് അക്വിസിഷൻ ഡിസിഗ്നേഷൻ സിസ്റ്റം’ എന്ന ലക്ഷ്യനിർണയ സംവിധാനമാണ്. പകലും രാത്രിയും, മഴയും പൊടിയും മൂടൽമഞ്ഞുമെല്ലാം കാഴ്ചയെ മറയ്ക്കുമ്പോഴും ലക്ഷ്യങ്ങളെ കൃത്യമായി കണ്ടെത്താനും ആക്രമിക്കാനും ഇത് സഹായിക്കുന്നു.
പാക് അതിര്‍ത്തിയില്‍ അപ്പാച്ചെ
പഹല്‍ഗാമിനും ഓപ്പറേഷൻ സിന്ദൂറിനും ആഴ്ചകൾക്ക് ശേഷമാണ് അപ്പാച്ചെയുടെ വരവ്. ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തി സംഘര്‍ഷമായിരിക്കെ പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള അപ്പാച്ചെയുടെ സാന്നിധ്യം പോരാട്ടതന്ത്രങ്ങളെത്തന്നെ മാറ്റിയെഴുതിയേക്കും. പാക് അതിർത്തിയിലെ അതീവ ദുർഘടമായ സാഹചര്യങ്ങളിൽ അപ്പാച്ചെ നിര്‍ണായക സാന്നിധ്യമാണ്. മാസങ്ങളായി ജോധ്പൂരിലെ സൈനിക സ്ക്വാഡ്രൺ അപ്പാച്ചെ ഹെലികോപ്റ്ററുകൾക്കായി കാത്തിരിക്കുകയാണ്. 4168 കോടിയുടെ കരാര്‍ പ്രകാരം ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ കഴിഞ്ഞവര്‍ഷം കൈമാറേണ്ടതായിരുന്നു. വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും രാജ്യാന്തര രാഷ്ട്രീയ സാഹചര്യങ്ങളും കാരണമാണ് അപ്പാച്ചെയുടെ വരവ് വൈകിയത്. ഓര്‍ഡര്‍ നല്‍കിയ അറെണ്ണത്തില്‍ മൂന്നെണ്ണമാണ് നിലവില്‍ ഇന്ത്യയില്‍ എത്തുന്നത്.