ജമ്മു കശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപം വീണ്ടും ഡ്രോൺ സാന്നിധ്യം. കശ്മീരിലെ രജൗരി സെക്ടറിലുള്ള ഡൂംഗ ഗലി പ്രദേശത്ത് ഒന്നിലധികം ഡ്രോണുകൾ കണ്ടെത്തിയത് സുരക്ഷാ സേനയെ അതീവ ജാഗ്രതയിലാക്കി. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ രണ്ടാം തവണയാണ് ഈ പ്രദേശത്ത് ഡ്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നത്.
ഡ്രോണുകള്‍ കണ്ടയുടനെ കരസേന വെടിയുതിർത്തു. ആയുധങ്ങളോ മയക്കുമരുന്നോ പാഴ്സലായി ഡ്രോൺ വഴി താഴേക്ക് ഇട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പ്രദേശത്ത് ഊർജിതമായ തിരച്ചിൽ ആരംഭിച്ചു. അതിർത്തിക്കപ്പുറത്ത് നിന്നുള്ള ഡ്രോൺ നീക്കങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ നിയന്ത്രണരേഖയില്‍ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ നടന്ന 'ഓപ്പറേഷൻ സിന്ദൂർ' ദൗത്യത്തിന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഒന്നിലധികം തവണ ഡ്രോണുകൾ അതിർത്തിയിൽ പ്രത്യക്ഷപ്പെടുന്നത്. അതിർത്തി കടന്നുള്ള ആയുധക്കടത്ത് ലക്ഷ്യമിട്ടാണോ ഡ്രോൺ എത്തിയതെന്ന് അന്വേഷിക്കുന്നുണ്ട്. അതിർത്തി മേഖലകളിൽ നിലവിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.