ഇന്ത്യന്‍ സൈന്യത്തിന്‍റെ ധീര ചരിത്രം ഓര്‍മിച്ച് രാജ്യം ഇന്ന് കരസേന ദിനം ആചരിക്കുന്നു. ഇതാദ്യമായി കന്റോൺമെന്റ് മേഖലയ്ക്ക് പുറത്ത് ജയ്പൂരിലാണ് ഇത്തവണത്തെ കരസേനാ ദിനാഘോഷം.
ഇന്ത്യയുടെ കരുത്തായ കരസേന, ചരിത്രമെഴുതിയ പോരാട്ടവീര്യത്തിന്‍റെ സ്മരണകളില്‍ രാജ്യം ഇന്ന് 78–ാമത് കരസേന ദിനം ആചരിക്കുന്നു. മൂന്ന് സേനകളുമൊരുമിച്ച് കൃത്യതയോടെ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയതിന്‍റെ അഭിമാനത്തിലാണ് ഇത്തവണത്തെ ആഘോഷം. കരസേന ദിന പരേഡില്‍ വീണ്ടും രാജ്യത്തിന്‍റെ സൈനിക ശക്തി വിളംബരം ചെയ്യും.
ഓപ്പറേഷൻ സിന്ദൂരില്‍നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് രൂപീകരിച്ച ഭൈരവ് ബറ്റാലിയന്‍റെ ആദ്യ പൊതു പരേഡും ഇന്ന് നടക്കും. ഏത് ദുഷ്‌കര സാഹചര്യങ്ങളിലും വേഗത്തിൽ തിരിച്ചടിക്കാന്‍ ആധുനിക പരിശീലനം നേടിയ പ്രത്യേക സേനയാണ് ഭൈരവ് ബറ്റാലിയന്‍.
1949 ജനുവരി 15ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ സൈനിക മേധാവിയായി ജനറൽ കെ.എം. കരിയപ്പ സ്ഥാനമേറ്റതിന്റെ ഓർമയ്‌ക്കായാണ് കരസേന ദിനം ആചരിക്കുന്നത്. ഡല്‍ഹിക്കുപുറത്ത് നാലാം തവണയും കന്റോൺമെന്റ് ഏരിയയ്ക്ക് പുറത്ത് ആദ്യമായുമാണ് കരസേന ദിനാഘോഷം നടക്കുന്നത്. ജയ്പൂര്‍ ജഗത്പുരയിലെ മഹൽ റോഡിലെ പരേഡില്‍ സൈന്യത്തിന്‍റെ ഭാഗമായ പുതിയ ഡ്രോണുകളും ബ്രഹ്മോസ് ക്രൂയിസ് മിസൈലടക്കമുള്ള ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും പ്രദർശിപ്പിക്കും. ഹെലികോപ്റ്ററുകളുടെ ഫ്ലൈപാസ്റ്റുമുണ്ടാകും.