ഇന്ത്യന്‍ സൈന്യത്തിന്റെ ശേഖരത്തിലേക്ക് ഇനി ഓവ്ട്ടൊമാറ്റ് കലാഷ്നിക്കോവ് (AK–203) റൈഫിളുകളും. 800മീറ്റര്‍ ദൂരംവരെ ലക്ഷ്യം ഭേദിച്ച് കുതിക്കാന്‍ ശക്തിയുള്ളവയാണ് കലാഷ്നിക്കോവ് സീരിസിന്റെ പുതിയ പതിപ്പ്. ഒരു മിനിറ്റില്‍ 700 റൗണ്ട് വെടിയുതിര്‍ത്ത് ശത്രുവിനെ വിരട്ടാന്‍ പോന്ന ആയുധമാണിത്. ഉത്തര്‍പ്രദേശിലെ അമേഠിയിലാണ് ഇന്തോ റഷ്യന്‍ സംയുക്ത കമ്പനി ‘ഷെര്‍’എന്ന പേരില്‍ ആയുധം നിര്‍മിക്കുന്നത്.
ഇന്തോ–റഷ്യന്‍ സംയുക്ത കമ്പനിയായ ഇന്തോ റഷ്യന്‍ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ്(IRRPL)ആണ് ശത്രുവിനെ വിറപ്പിക്കാന്‍ പാകത്തിലുള്ള എകെ–203 നിര്‍മിക്കുന്നത്. റൈഫിളിന്റെ ഇന്ത്യയിലെ പേരാണ് ‘ഷെര്‍’. കമ്പനിയുമായുള്ള 5200 കോടിയുടെ കരാര്‍ പ്രകാരം ആറു ലക്ഷത്തിലധികം റൈഫിളുകള്‍ ഇന്ത്യന്‍ സേനയ്ക്ക് വിതരണം ചെയ്യും. 2030 ഡിസംബറോട് കൂടി വിതരണം പൂര്‍ത്തിയാക്കുമെന്ന് IRRPL മേധാവിയായ മെജർ ജനറൽ എസ്.കെ. ശർമ്മ വ്യക്തമാക്കി.
‘ഇതുവരെ ഏകദേശം 48,000 റൈഫിളുകൾ വിതരണം ചെയ്തിട്ടുണ്ട്. അടുത്ത രണ്ടുമൂന്നു ആഴ്ചകള്‍ക്കുള്ളിൽ 7,000 റൈഫിളുകളും ഈ വർഷം ഡിസംബറിനു മുന്‍പ് 15,000 റൈഫിളുകളും കൂടി വിതരണം ചെയ്യാൻ പദ്ധതിയുണ്ട്. 2030 ഡിസംബറിനുള്ളിൽ മുഴുവൻ വിതരണവും പൂർത്തിയാക്കും’–ശര്‍മ്മ പറഞ്ഞു
AK-203 ‘ഷേര്‍’ റൈഫിളിന്റെ പ്രത്യേകതകൾ
AK-47, AK-56 എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ AK-203 അത്യാധുനികവും അപകടകാരിയും അക്രമകാരിയുമാണ്. മിനിറ്റിൽ 700 റൗണ്ടുകൾ വരെ വെടിയുതിർക്കാനുള്ള ശേഷിയും 800 മീറ്റർ ദൂരത്തിലുള്ള ലക്ഷ്യങ്ങൾ ഭേദിക്കാനുള്ള കഴിവും ഈ റൈഫിളിന് ഉണ്ട്. കലാഷ്നിക്കോവ് സീരിസിൽ ഇതുവരെയുണ്ടായ ഏറ്റവും മാരകമായ റൈഫിളുകളിൽ ഒന്നായാണ് AK-203 കണക്കാക്കപ്പെടുന്നത്.
ഇന്ത്യൻ സ്മോൾ ആംസ് സിസ്റ്റം (INSAS) റൈഫിളുകൾക്ക് പകരമാകുന്നവയാണ് AK-203. മൂന്ന് പതിറ്റാണ്ടിലേറെയായി സേവനത്തിലുള്ള INSAS റൈഫിളുകൾ 5.56x45 mm കാർട്രിഡ്ജ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. അതിന് പകരം AK-203-ൽ 7.62x39 mm കാർട്രിഡ്ജ് ആണ് ഉപയോഗിക്കുന്നത്.
ഒരു സമയത്ത് 30 കാര്‍ട്രിഡ്ജുകള്‍ വരെ ഇതിന്റെ മാഗസിനില്‍ നിറയ്ക്കാന്‍ സാധിക്കും. ഭീകരവാദത്തിലും അതിരുകടന്നുള്ള ഇടപെടലുകളിലും ഇന്ത്യന്‍ സൈന്യത്തിന് ആത്മവിശ്വാസം കൂട്ടുന്നവയാകും എകെ–203. 3.8കിലോഗ്രാം മാത്രമാണ് ഈ തോക്കിന്റെ ഭാരം. 4.15കിഗ്രാമാണ് ഇന്‍സാസിന്റെ ഭാരം. ഇനിമുതല്‍ നിയന്ത്രണ രേഖകളില്‍ (LAC,LOC) വിന്യസിച്ചിരിക്കുന്ന സൈനികരുടെ മുഖ്യ ആയുധമായിരിക്കും എകെ–203.