ഈദിന് മുന്‍പ് പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുമോ ? വെടിനിര്‍ത്തല്‍ കരാറിലേക്ക് കടക്കാന്‍ ഗള്‍ഫ് രാജ്യങ്ങളും റഷ്യയും സമാധാനനീക്കങ്ങള്‍ നടത്തുകയാണ്. ഉപാധികള്‍ മുന്നോട്ടുവച്ചതോടെ ഇറാനും സമവായത്തിന് തയാറാണെന്ന് വ്യക്തമായിരിക്കുകയാണ്.
ഒരു തരത്തിലും ചര്‍ച്ചയ്ക്ക് തയാറല്ലെന്ന നിലപാടില്‍ നിന്ന് യുദ്ധപരിഹാരത്തിന് ഇറാന്‍ മൂന്നിന ഉപാധികള്‍ മുന്നോട്ടുവച്ചത് സമവായ നീക്കമെന്നാണ് വിലയിരുത്തല്‍. റമസാന്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഈദ് ദിവസങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തലെങ്കിലും പ്രഖ്യാപിക്കാനുള്ള നീക്കമാണ് പുരോഗമിക്കുന്നത്. യുഎസ്–ഇറാന്‍ ആണവ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥരായിരുന്ന ഒമാന്‍ വീണ്ടും സജീവമായി രംഗത്തുണ്ട്. ഭരണാധികാരി ഹൈതം ബിന്‍ താരിഖ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണില്‍ സംസാരിച്ചു. മേഖലയില്‍ ഇറാനുമായി അടുത്തബന്ധം പുലര്‍ത്തുന്ന റഷ്യയുടെ ഇടപെടലുകളും നിര്‍ണായകമാണ്. പ്രസിഡന്റ് പുട്ടിനും പെസെഷ്കിയാനുമായി ഫോണില്‍ സംസാരിച്ചു. ഒപ്പം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും പുട്ടിന്‍ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്തു. ഈദ് ഗാഹുകളും അവധിയുമൊക്കെയായി സജീവമാകേണ്ട പെരുന്നാള്‍ ദിനങ്ങളില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാകാത്ത സ്ഥിതിയുണ്ടാകരുതെന്നാണ് സൗദിയടക്കം ഗള്‍ഫ് ഭരണാധികാരികളുടെ നിലപാട്. മറുവശത്ത്, ആക്രമണം തുടരണമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ആഗ്രഹം. എന്നാല്‍ ഊര്‍ജപ്രതിസന്ധിയുണ്ടാക്കുന്ന യുദ്ധം അധികം നീണ്ടുപോകരുതെന്നാണ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട്. മേഖലയെ അസ്ഥിരമാക്കുന്ന യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ യുഎസിനോടും ആവശ്യപ്പെടുന്നത്.