khamenei-is-dead-confirms-trump

ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനയിയുടെ സംസ്കാരച്ചടങ്ങിനായി നേതാക്കളെല്ലാം ഒരു സ്ഥലത്ത് ഒത്തുകൂടിയിട്ടുണ്ടെന്നും ഒന്ന് കാഞ്ചി വലിച്ചാല്‍ എല്ലാവരെയും തീര്‍ത്തുകളയാന്‍ കഴിയുമെന്നും ഭീഷണി മുഴക്കി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ചടങ്ങ് യുഎസ് സസൂക്ഷ്മം വീക്ഷിച്ച് വരികയാണെന്നും ട്രംപ് യുഎസ് മാധ്യമങ്ങളോട് പറഞ്ഞു. ' അവരെല്ലാം അവിടെയുണ്ട്. ഒറ്റ വെടിവയ്പ്പില്‍ എല്ലാവരെയും തീര്‍ത്തുകളയാം. പക്ഷേ ഞങ്ങളത് ഇപ്പോള്‍ ചെയ്യുന്നില്ല. ചര്‍ച്ചയ്ക്ക് ആരെങ്കിലുമൊക്കെ വേണമല്ലോ' എന്നായിരുന്നു ആക്സിയോസിനോട് ട്രംപ് പ്രതികരിച്ചത്. 

ഖമനയിയുടെ സംസ്കാരച്ചടങ്ങിനായി ഒത്തുചേര്‍ന്ന ജനത്തിന്‍റെ വിലാപം മുതലക്കണ്ണീരാണെന്നാണ് താന്‍ കരുതുന്നതെന്നും ട്രംപ് ആരോപിച്ചു. സത്യത്തില്‍ ഖമനയിയുടെ മരണത്തില്‍ ഇറാനില്‍ ആര്‍ക്കും ദുഃഖമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ തന്നോട് കെഞ്ചിയെന്നും യുഎസ് പ്രസിഡന്‍റ് ആവര്‍ത്തിച്ചു. 

ഖമനയിയുടെ മരണത്തില്‍ ഇറാന്‍ ജനതയുടേത് കള്ളക്കണ്ണീരാണെന്ന ട്രംപിന്‍റെ ആരോപണത്തിന് അര്‍മേനിയയിലെ ഇറാന്‍ എംബസി രൂക്ഷമായ ഭാഷയില്‍ മറുപടിയും നല്‍കി. ' ആളുകളെ നിങ്ങള്‍ക്ക് കൊല്ലാം, ആശയങ്ങളെ ഇല്ലാതാക്കാനാവില്ല. പരിമളപാത്രം തകര്‍ത്താല്‍ അതിന്‍റെ സൗരഭ്യം പ്രദേശമാകെ പരക്കുകയേയുള്ളൂ. നിങ്ങള്‍ക്ക് ഇതൊന്നും മനസിലാകുന്ന കാര്യങ്ങളല്ല, കാരണം സ്വന്തമായി ഒരു സംസ്കാരമോ, ചരിത്രമോ, അഭിമാനമോ ഇല്ലാത്ത ജനതയാണല്ലോ' എന്നായിരുന്നു ട്രംപിനോട് ഇറാന്‍റെ മറുപടി. 

പതിനായിരക്കണക്കിന് ജനങ്ങളാണ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാനായി ടെഹ്റാനിലേക്ക് ഒഴുകിയെത്തിയിരിക്കുന്നത്. ഇനിയും ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഖമനയിയുടെ മൃതദേഹത്തിനൊപ്പം കുടുംബാംഗങ്ങളുടെ ശവമഞ്ചങ്ങളും ഇറാന്‍ പതാക പുതപ്പിച്ച് പൊതുദര്‍ശനത്തിനായി വച്ചിട്ടുണ്ട്. ഒരാഴ്ച നീളുന്ന ചടങ്ങുകളാണ് ഇറാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചടങ്ങുകളില്‍ ഖമനയിയുടെ മകനും ഇറാന്‍ പരമോന്നത നേതാവുമായ മുജ്തബ ഖമനയി പങ്കെടുക്കില്ല. 

ENGLISH SUMMARY:

US President Donald Trump has issued a provocative statement while monitoring the funeral proceedings of the late Iranian Supreme Leader, Ayatollah Khamenei. Trump claimed that all key Iranian leaders are currently gathered in one location, suggesting that US forces have the capability to eliminate them in a single strike, but are choosing to refrain in favor of potential future negotiations. He further dismissed the public mourning in Tehran as performative, alleging that the Iranian people are not genuinely grieving the loss of their leader. This inflammatory rhetoric drew a sharp and stinging rebuke from the Iranian embassy in Armenia, which attacked Trump’s lack of cultural and historical understanding. Meanwhile, tens of thousands of mourners continue to flood into Tehran, marking the start of a week-long series of memorial events. As geopolitical tensions escalate, the world watches closely to see how the leadership transition in Iran and the intensifying war of words with Washington will influence regional stability