Image Credit:X/RT_com

Image Credit:X/RT_com

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ കടുത്ത ഉപരോധവും ആക്രമണവും തുടരുന്നതിനിടെ പസഫിക് മഹാസമുദ്രത്തിലെ അവാച്ച ഗള്‍ഫില്‍ റഷ്യയുടെ വമ്പന്‍ നാവിക അഭ്യാസം. റഷ്യയുടെ പസഫിക് ഫ്ലീറ്റാണ് ലോകശ്രദ്ധയാകര്‍ഷിച്ച അഭ്യാസപ്രകടനം നടത്തിയത്. MPK-107 എന്ന ആന്‍റി സബ്​മറൈന്‍ വാര്‍ഷിപ്പ് അടക്കം പുറത്തെടുത്തായിരുന്നു പരേഡ്. അഭ്യാസ പ്രകടനത്തിനിടെ സാങ്കല്‍പ്പിക ശത്രു ഡ്രോണ്‍ ആക്രമിക്കാനെത്തുന്നത് തിരിച്ചറിയുന്നതും MPK -107 ല്‍ നിന്നുള്ള ഉസ–M2 എയര്‍ക്രാഫ്റ്റ് മിസൈല്‍ സംവിധാനം ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തു. 

ഇറാനുമായി യുഎസും ഇസ്രയേലും യുദ്ധം നടത്തുന്നതിനിടെയാണ് റഷ്യന്‍ നേവിയുടെ ശക്തിപ്രകടനം ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. ഹോര്‍മുസില്‍ മൈന്‍ നിറച്ച ബോട്ടുകളും ഡ്രോണുകളും ഉപയോഗിച്ചാണ് കപ്പലുകളെ ഇറാന്‍ ആക്രമിക്കുന്നതെന്നും അഗ്നിക്കിരയാക്കുന്നതെന്നും യുഎസ് നേരത്തെ ആരോപിച്ചിരുന്നു. ശത്രുക്കളുടെ അന്തര്‍വാഹനികളെ പിന്തുടരാനും ഇല്ലാതാക്കാനും രൂപകല്‍പ്പന ചെയ്തിരിക്കുന്ന അത്യാധുനിക യുദ്ധക്കപ്പല്‍ റഷ്യ ഇറാന് നല്‍കുമോ റഷ്യ നേരിട്ടിറങ്ങുമോ എന്ന അഭ്യൂഹങ്ങളാണ് രാജ്യാന്തര മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നത്. ലോകത്തെ ഇന്ധന വിതരണത്തിന്റെ 20 ശതമാനവും ഹോര്‍മുസിലൂടെയാണ് കടന്ന് പോകുന്നതെന്നിരിക്കെ യുഎസ്–ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെയാണ് ഇറാന്‍ ആക്രമണം തുടരുന്നത്. 

ഇറാന്‍ പുതിയ പരമോന്ന നേതാവ് മുജ്തബ ഖമനയിക്ക് റഷ്യയുടെ പിന്തുണയുണ്ടെന്നതും യുദ്ധം സംബന്ധിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയുമായും പ്രസിഡന്‍റ് പെസഷ്കിയനുമായും റഷ്യ നിരന്തരം ബന്ധപ്പെടുന്നുവെന്നതും വലിയ സൂചനകളാണെന്നും വിലയിരുത്തലുകളുണ്ട്.  

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്ന് മുജ്തബ ഖമനയി ഇന്നലെ വ്യക്തമാക്കിയിരുന്നു. സ്ഥാനമേറ്റ ശേഷമുള്ള മുജ്തബയുടെ ആദ്യ സന്ദേശം ഇറാന്‍ ടിവിയിലൂടെയാണ് ഇന്നലെ വായിച്ചത്. അയല്‍ രാജ്യങ്ങളുമായി ഇറാന് നല്ല ബന്ധമാണ് ഉള്ളതെന്നും എന്നാല്‍ മേഖലയിലെ മുഴുവന്‍ യുഎസ് താവളങ്ങളും അടയ്ക്കുന്നത് വരെ അവയ്ക്ക് നേരെ ഇറാന്‍റെ ആക്രമണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് നൂറ് ഡോളറിന് മുകളില്‍ തുടരുകയാണ്.

ENGLISH SUMMARY:

Russia's Pacific Fleet showcased its naval might in Avacha Gulf, featuring the MPK-107 anti-submarine warship and Osa-M2 missile systems. As Iran continues its blockade of the Strait of Hormuz, Russia's military exercise is seen as a strategic warning to the US and Israel. International experts speculate on potential Russian technical support for Iran's maritime operations. Meanwhile, Iran's new Supreme Leader Mojtaba Khamenei vowed to keep Hormuz closed until all US bases in the region are dismantled. Crude oil prices remain volatile, staying above $100 per barrel amidst the escalating geopolitical tensions.