Sukhoi Su-30 MKI
ആണവായുധം ഉണ്ടെന്നും യുദ്ധമെന്നും ഇടയ്ക്കിടെ വെല്ലുവിളിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ സൈനിക ശേഷിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ പിറകിലാണ് പാക്കിസ്ഥാന്‍. കര യുദ്ധത്തിലും ആകാശത്തും കടലിലും പാക്കിസ്ഥാനെതിരെ കരുത്തുറ്റ സൈനിക ശേഷി ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ലോകത്ത് തന്നെ സൈനിക ബലത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. പാക്കിസ്ഥാന്‍ സൈനികമായി 12-ാം സ്ഥാനത്തും.
2025-26 ലേക്കുള്ള ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 79 ബില്യണ്‍ ഡോളറിന്‍റേതാണ്, ഏകദശം 6.8 ലക്ഷം കോടി രൂപ. മുന്‍ വര്‍ഷത്തേക്കാള്‍ 9.50 ശതമാനം വര്‍ധനവാണിത്. പാക്കിസ്ഥാന്‍റെ ബജറ്റ് 7.6 ബില്യണ്‍ ഡോളറും. ഇതുതന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ശക്തി വ്യക്തമാക്കുന്നു.
കരയുദ്ധത്തില്‍ ഇന്ത്യ
14.6 ലക്ഷം സജീവ സൈനികരാണ് ഇന്ത്യന്‍ ആര്‍മിയുടെ കരുത്ത്. 11.50 ലക്ഷം സൈനികര്‍ റിസര്‍വായും ഇന്ത്യയ്ക്കുണ്ട്. ഒപ്പം 25 ലക്ഷത്തിന്‍റെ അര്‍ധ സൈനികരും. പാക്കിസ്ഥാനിലേക്ക് നോക്കിയാല്‍ സൈനിക ശേഷി 6.54 ലക്ഷത്തിനടുത്താണ്. 5 ലക്ഷം അര്‍ധ സൈനികരും പാക്കിസ്ഥാനുണ്ട്. കരയുദ്ധത്തില്‍ ഇന്ത്യയുടെ കുന്തമുന 4201 ടാങ്കുകളാണ്. ടി-90 ഭീഷ്മ, തദ്ദേശീയമായി നിർമ്മിച്ച അർജുൻ, ഭീഷ്മ മോഡലുകളും ഇന്ത്യ ഉപയോഗിക്കുന്നു. പാകിസ്ഥാന് ഏകദേശം 2,627 ടാങ്കുകളുണ്ട്. ഇന്ത്യയ്ക്ക് 148,000-ത്തിലധികം കവചിത വാഹനങ്ങളുണ്ട്, ഇത് പാകിസ്ഥാന്റെ കൈവശമുള്ളതിന്റെ ഏകദേശം മൂന്നിരട്ടിയാണ്. ടാങ്കുകൾ, കവചിത വാഹനങ്ങൾ, പീരങ്കികൾ, റോക്കറ്റ് പ്രൊജക്ടറുകൾ എന്നിവയെല്ലാം കരസേനയുടെ ആയുധ ശേഖരത്തിൽപ്പെടുന്നു. പാക്കിസ്ഥാനേക്കാള്‍ ഇരട്ടിയാണ് ഇന്ത്യന്‍ ടാങ്കുകളുടെ എണ്ണം.
ആകാശത്ത് കരുത്തായി റഫാല്‍
513 പോര്‍വിമാനങ്ങള്‍ ഉള്‍പ്പെടെ 2229 സൈനിക വിമാനങ്ങള്‍ ഇന്ത്യയ്ക്കുണ്ട്. പാക്കിസ്ഥാന് 328 പോര്‍വിമാനങ്ങളും 1399 വിമാനങ്ങളും കൈയിലുണ്ട്. ഹെലികോപ്റ്ററുകളുടെ എണ്ണത്തിലും ആകാശത്ത് ഇന്ധനം നിറയ്ക്കാനുള്ള ശേഷിയിലും ഇന്ത്യ തന്നെ മുന്നില്‍. ഹെലികോപ്റ്റര്‍– (899 vs 373). ഈയിടെ ഫ്രാന്‍സുമായി 26 റാഫേല്‍ മറൈന്‍ പോര്‍ വിമാനങ്ങള്‍ക്കായി 63000 കോടിയുടെ കരാര്‍ ഇന്ത്യയ്ക്ക് കരുത്താണ്. ഇതോടെ ഇന്ത്യയുടെ റാഫേൽ വിമാനങ്ങളുടെ എണ്ണം 62 ആയി ഉയരും. അംബാല, ഹാഷിമാര വ്യോമതാവളങ്ങളിൽ വിന്യസിച്ച റാഫേൽ വിമാനങ്ങൾ ഇന്ത്യയുടെ പ്രതികരണ ശേഷി വർധിപ്പിച്ചിട്ടുണ്ട്. റാഫേൽ, സു-30എംകെഐ, തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ള ആധുനിക യുദ്ധവിമാനങ്ങളുടെ മിശ്രിതം ഇന്ത്യന്‍ വ്യോമസേനയ്ക്കുണ്ട്. ചെറുതാണെങ്കിലും പാകിസ്ഥാന്റെ വ്യോമസേന JF-17 തണ്ടർ, F-16 പോലുള്ള കഴിവുള്ള വിമാനങ്ങളെ വിന്യസിക്കുന്നു.
ശക്തം നാവികസേന
293 യുദ്ധക്കപ്പലുകളാണ് ഇന്ത്യൻ നാവികസേനയ്ക്കുള്ളത്. 30-ൽ അധികം വിമാനങ്ങളും ഹെലികോപ്റ്ററുകളും വഹിക്കാൻ ശേഷിയുള്ള ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് വിക്രാന്ത് എന്നിവ സേനയ്ക്കൊപ്പമുണ്ട്. 18 അന്തർവാഹിനികളും ഇന്ത്യയ്ക്കുണ്ട്. പാക്കിസ്ഥാന് 8 അന്തർവാഹിനികൾ. പാക്കിസ്ഥാന് ഡിസ്ട്രോയറുകളോ വിമാനവാഹിനിക്കപ്പലുകളോ ഇല്ലെന്ന പോരായ്മയുണ്ട്. വിമാനവാഹിനിക്കപ്പൽ, ആണവ അന്തർവാഹിനികൾ എന്നിവ അടക്കം സാങ്കേതികമായി കൂടുതൽ പുരോഗമിച്ചതാണ് ഇന്ത്യയുടെ നാവികസേന.
പാക്കിസ്ഥാനിലെത്താതെ തിരിച്ചടിക്കാം
ഇന്ത്യൻ വ്യോമസേന ഇപ്പോൾ SCALP മിസൈലുകൾ ഘടിപ്പിച്ച റാഫേൽ യുദ്ധവിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത്. 300 കിലോമീറ്ററിൽ കൂടുതൽ ആക്രമണ പരിധിയുള്ളതിനാല്‍ പാക്കിസ്ഥാനുള്ളില്‍ പ്രവേശിക്കാതെ തന്നെ അവരെ ആക്രമിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. ബാലിസ്റ്റിക് മിസൈലുകളില്‍ ഇന്ത്യ വികസിപ്പിച്ച അഗ്നി 5 മിസൈലിന്‍റെ ശേഷി 5,200 കിലോമീറ്ററാണ്, പാക്കിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ഭീഷണി ചെറുക്കാന്‍ അഗ്നി 5 ന് സാധിക്കും. പാക്കിസ്ഥാന്‍റെ ദൂരമേറിയ മിസൈല്‍ ഷഹീന്‍ 3 ആണ്. 2,750 കിലോ മീറ്റര്‍ റേഞ്ചാണ് മിസൈലിന്‍റേക്. എന്നാൽ ചൈനയുടെ സഹായത്തോടെ 3,000 കിലോമീറ്ററിനപ്പുറം എത്തുന്ന ദീർഘദൂര ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യയിലേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
ആണവായുധം
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ, അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കുന്ന മിസൈലുകൾ, വായുവിൽ നിന്ന് വിക്ഷേപിക്കുന്ന ക്രൂയിസ് മിസൈലുകൾ എന്നിവ ഉള്‍പ്പടെ 180 ആണവ വാര്‍ഹെഡുകള്‍ ഇന്ത്യയ്ക്ക് ഉണ്ടെന്നാണ് കണക്ക്. ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റ്സ് (എഫ്എഎസ്) പുറത്തിറക്കിയ ഏറ്റവും പുതിയ സ്റ്റാറ്റസ് ഓഫ് വേൾഡ് ന്യൂക്ലിയർ ഫോഴ്‌സ് റിപ്പോർട്ട് അനുസരിച്ചാണ് ഈവിവരം. പാക്കിസ്ഥാന്റെ കണക്കില്‍ 170 വാര്‍ഹെഡുകളാണ് ഉള്ളത്.