Pakistan's captain Salman Ali Agha reacts in the field during the T20 World Cup cricket match between Pakistan and Sri Lanka in Pallekele, Sri Lanka, Saturday, Feb. 28, 2026. AP Photo/PTI(AP02_28_2026_000604A)
ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയോട് ഗ്രൂപ്പ് മല്‍സരത്തില്‍ തോറ്റതിനും സെമി പോലും കാണാതെ പുറത്തായതിലും പാക് താരങ്ങള്‍ക്ക് പിസിബിയുടെ പിഴ ശിക്ഷ. 50 ലക്ഷം രൂപ വീതം അടയ്ക്കാന്‍ താരങ്ങളോട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടെന്നാണ് പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇന്ത്യയോട് തോറ്റപ്പോഴേ ടീമിനുള്ള ശിക്ഷ പിസിബി അധ്യക്ഷന്‍ മുഹ്സിന്‍ നഖ്വി സ്വീകരിച്ചിരുന്നുവെന്നാണ് ട്രിബ്യൂണ്‍.കോം.പികെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ ഇതൊക്കെയാണോ ശിക്ഷയെന്നും ഇതുകൊണ്ട് കളിക്കാര്‍ ഒന്നും പഠിക്കാന്‍ പോകുന്നില്ലെന്നുമായിരുന്നു മുന്‍ താരമായ ഷാഹിദ് അഫ്രീദിയുടെ പ്രതികരണം. സമ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശിക്ഷയ്ക്ക് കാഠിന്യമില്ലെന്ന് പാക്കിസ്ഥാന്‍റെ മുന്‍ ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടത്. ' ഇതെന്ത് ശിക്ഷയാണെന്ന് എനിക്ക് മനസിലാകുന്നില്ല. ചുരുങ്ങിയ ചിന്താഗതിയുള്ളവരാണ് ഈ നടപടിയെടുത്തത്. 50 ലക്ഷം രൂപകൊണ്ട് എന്താകാന്‍ ആണ്? ശിക്ഷയായി കാണുന്നത് എങ്ങനെയാണ്? അഫ്രീദി ചോദിക്കുന്നു. കടുത്ത ശിക്ഷയാണ് താരങ്ങള്‍ക്ക് നല്‍കേണ്ടതെന്നും ടൂര്‍ണമെന്‍റില്‍ തിളങ്ങാന്‍ കഴിയാതിരുന്നവരെ ആഭ്യന്തര ക്രിക്കറ്റിലേക്ക് പറഞ്ഞ് വിടണമെന്നും അഫ്രീദി നിര്‍ദേശിക്കുന്നു. തീര്‍ത്തും മോശമായവരെ രണ്ട് വര്‍ഷത്തേക്ക് ദേശീയ ടീമില്‍ പോലും എടുക്കരുതെന്നാണ് തന്‍റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ' കളിക്കാത്തവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് പറഞ്ഞു വിടുകയാണ് വേണ്ടത്. രണ്ടു വര്‍ഷത്തേക്ക് ദേശീയ ടീമിന്റെ പരിസരത്ത് അടുപ്പിക്കുകയും ചെയ്യരുത്. അതാണ് വേണ്ടത്'- അഫ്രീദി പറയുന്നു.
അതേസമയം, വിഷയത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പിഴശിക്ഷയില്‍ നിന്ന് ഒരു താരങ്ങള്‍ക്കും ഒഴിവില്ലെന്നാണ് പിസിബിയുടെ നിലപാട്. അങ്ങനെയെങ്കില്‍ ടൂര്‍ണമെന്‍റിലെ തകര്‍പ്പനടിക്കാരനായി മാറിയ ഷാഹിബ്സദാ ഫര്‍ഹാനും 50 ലക്ഷം പോക്കറ്റില്‍ നിന്ന് നഷ്ടമാകും. ഏഴു കളികളില്‍ നിന്ന് രണ്ട് സെഞ്ചറിയടക്കം റെക്കോര്‍ഡ് നേട്ടവുമായാണ് ഷഹിബ്സദാ മടങ്ങിയത്. 76.60 ശരാശരിയില്‍ 383 റണ്‍സ് നേടിയ താരം വിരാട് കോലിയുടെ റെക്കോര്‍ഡാണ് തകര്‍ത്തത്. 2014 ലെ ലോകകപ്പില്‍ 319 റണ്‍സായിരുന്നു കോലി നേടിയത്. ലോകകപ്പിന്‍റെ ഒരു എഡിഷനില്‍ രണ്ട് സെഞ്ചറിയെന്ന നേട്ടവും ഫര്‍ഹാന് സ്വന്തം.
2024 ലെ ലോകകപ്പില്‍ പാക്കിസ്ഥാന് സൂപ്പര്‍ എട്ടില്‍ പോലും എത്താന്‍ കഴിഞ്ഞിരുന്നില്ല. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പാക്കിസ്ഥാന്‍ ടീമിന്‍റെ അവസ്ഥയില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ലെന്ന് വേണം കരുതാന്‍. ഗ്രൂപ്പ് മല്‍സരത്തില്‍ ഇന്ത്യയോട് വമ്പന്‍ തോല്‍വിയേറ്റുവാങ്ങി. നെതര്‍ലന്‍ഡ്സിനോട് കഷ്ടപ്പെട്ടാണ് ജയിച്ചതും. ഇക്കുറി സൂപ്പര്‍ എട്ടില്‍ കടന്നുവെങ്കിലും സെമിയില്‍ കടക്കാനായില്ല. സൂപ്പര്‍ എട്ടിലെ അവസാന മല്‍സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ അഞ്ചു റണ്‍സിന് മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്.